ബിഗ് ബോസ് തലയ്ക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കി, ഒരുവർഷമെങ്കിലും തെറാപ്പി വേണ്ടിവന്നുവെന്ന് ഷമിത

ബിഗ് ബോസിൽ രണ്ടുതവണ പങ്കെടുത്ത ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ഷമിത ഷെട്ടി. 2009-ൽ അമിതാഭ് ബച്ചൻ അവതാരകനായിരുന്ന സീസണിലാണ് ശില്പ ഷെട്ടിയുടെ സഹോദരിയായ ഷമിത ആദ്യം വന്നത്. എന്നാൽ, ശിൽപയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവർക്ക് പാതിവഴിയിൽ ഷോ വിടേണ്ടി വന്നു. ഒരു പതിറ്റാണ്ടിനുശേഷം 2021-ൽ ഷമിത മുൻപരിചയം വെച്ച് റിയാലിറ്റി ഷോയിലേക്ക് മടങ്ങിയെത്തി. ലൈവ് സ്ട്രീമിങ്ങടക്കം ആരംഭിച്ച, കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു ഇത്.
പക്ഷേ, രണ്ടാംതവണ ഷമിതയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. രണ്ടാമത് ബിഗ് ബോസ്സിൽ പങ്കെടുത്തശേഷം തനിക്ക് തെറാപ്പി ആവശ്യമായി വന്നുവെന്നാണ് അവർ പറയുന്നത്. 'കോവിഡ് കാലത്താണ് ബിഗ് ബോസ് എന്റെ ജീവിതത്തിലേക്ക് വരുന്നത്, അന്ന് ഒരുപാട് പേർ ജേലിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. അതുകൊണ്ട് ആ അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിച്ചു, പോരാത്തതിന് ആ സമയത്ത് ആളുകൾ എന്നെ വിലയിരുത്തുന്ന രീതിയിലും ഞാൻ മടുത്തിരുന്നു. ആ വീട്ടിലേക്ക് പോയി യഥാർഥത്തിൽ ഞാനാരാണെന്ന് ലോകത്തെ കാണിക്കണമെന്ന് തോന്നി. ബിഗ് ബോസ് എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നു. പുറംലോകത്ത് നേട്ടങ്ങൾ തന്നപ്പോൾത്തന്നെ, എന്റെ ആന്തരിക ലോകത്തിലെ വലിയൊരു ഭാഗം അത് കവർന്നെടുത്തുവെന്നും എനിക്ക് തോന്നുന്നു. കാരണം, ഒരാളുടെ ഉള്ളിലെ ഏറ്റവും നല്ലതും മോശവുമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ഷോയാണത്'- പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷമിത വെളിപ്പെടുത്തി.
ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ, എങ്ങനെ ശരിയായ രീതിയിൽ പ്രതികരിക്കണമെന്നോ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും ഷമിത പറഞ്ഞു. വളരെ അസ്ഥിരമായ ഒരു സാഹചര്യത്തിലാണ് ബിഗ് ബോസിനുള്ളിൽ നമ്മൾ. ഒരുപക്ഷേ, പുറംലോകത്ത് നമ്മൾ പ്രതികരിക്കുകയോ പെരുമാറുകയോ ചെയ്യുന്നത് അങ്ങനെയായിരിക്കില്ല. ഒരു തരത്തിൽ അതുമായി പൊരുത്തപ്പെട്ടുപോകുകയും ചെയ്യും. ഞാൻ ഏകദേശം അഞ്ചര-ആറു മാസത്തോളം ആ വീട്ടിലുണ്ടായിരുന്നു. യാഥാർഥ്യവും സങ്കൽപവും കെട്ടുപിണഞ്ഞ് എന്റെ തലയിൽ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടായി. എങ്ങനെ പെരുമാറണമെന്ന് എനിക്കറിയില്ലായിരുന്നു. അവിടെ ഞാൻ ഒരുപാട് ആക്രമിക്കപ്പെട്ടുവെന്ന് തോന്നുന്നു, അതുകൊണ്ട് പുറത്തിറങ്ങിയപ്പോഴും, സ്വയം പ്രതിരോധിക്കാൻ ഒരു പടച്ചട്ടയണിഞ്ഞിരിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതെല്ലാം പ്രയാസമേറിയ സമയമായിരുന്നു. അതേസമയം, ആ ഷോ പുറംലോകത്ത്, പ്രത്യേകിച്ച് തൊഴിലിടത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും ഷമിത പറയുന്നു.
സഹമത്സരാർഥിയായിരുന്ന രാകേഷ് ബപതുമായി ബിഗ്ബോസിൽ വെച്ച് ഷമിത പ്രണയത്തിലായിരുന്നു. അത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shamita Shetty reveals the emotional toll of Bigg Boss, needing therapy after her second stint. She discusses the challenges, the aggression, and the perceived bias.