ഭാര്യക്ക് നായയുടെ പാത്രത്തിൽ വെള്ളംകൊടുത്ത് യൂട്യൂബർ, കുടിച്ച് ഭാര്യ, ഗെയിമിൽ വ്യാപകവിമർശനം

സൗരവ് ജോഷി
സൗരവ് ജോഷി

യൂട്യൂബർ സൗരവ് ജോഷി ഭാര്യ അവന്തിക ഭട്ടിനോട് നായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടത് വലിയ വിവാദമായിരിക്കുകയാണ്. പുതിയ വ്ലോഗിൽ കുടുംബത്തോടൊപ്പമുള്ള ഗെയിമിനിടയിലെ സംഭവമാണ് വിമർശനങ്ങൾക്കിടയാക്കിയത്. ഗെയ്മിന്റെ ഭാഗമായി സൗരവ് അവന്തികയോട് അവരുടെ ഓറിയോ എന്ന വളർത്തുനായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ അവർ മടിച്ചു. എന്നാൽ പാത്രത്തിൽ ശുദ്ധമായ വെള്ളമാണ് ഒഴിച്ചിരിക്കുന്നതെന്ന് സൗരവ് ഉറപ്പ് നൽകി. ഒരു സിപ്പ് മാത്രം കുടിക്കാനാവശ്യപ്പെട്ട്, പാത്രമെടുത്ത് അവരുടെ അരികിലേക്ക് കൊണ്ടുവന്നു. മടിയോടെ അവന്തിക വെല്ലുവിളി ഏറ്റെടുത്ത് ആ പാത്രത്തിൽ നിന്ന് വെള്ളംകുടിച്ചു. ഇത് പല കാഴ്ചക്കാർക്കും ഇഷ്ടപ്പെട്ടില്ല.

ഇത് അനാദരവാണെന്നും ഇത്തരം പെരുമാറ്റങ്ങൾ എന്തിനാണ് വിനോദമായി കണക്കാക്കുന്നതെന്നും ചോദിച്ച് നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.

ക്ലിപ്പ് പെട്ടെന്ന് തന്നെ റെഡ്ഡിറ്റിലെത്തി, നിരവധി പേർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. "സഹോദരാ, ഇത് കൂടുതലാണ്, അവൾ ഈ പെരുമാറ്റം അനുവദിക്കുന്നു എന്നത് ശരിക്കും ഇത്തിരി കൂടുതലാണ്. ഞാനായിരുന്നെങ്കിൽ, ആ വീട് മുഴുവൻ തലകീഴായി മറിച്ചേനെ"-എന്നായിരുന്നു ഒരു കമന്റ്. ഇതൊരു മോശം ഭർത്താവാണ്, നിങ്ങളുടെ പങ്കാളിയോട് മോശമായി പെരുമാറുന്നത് സാധാരണവൽക്കരിക്കുന്നു, കണ്ടന്റിന് വേണ്ടി അദ്ദേഹം എത്ര താഴേക്ക് പോകുന്നു, എത്രമാത്രം അനാദരവാണ്, അപമാനമാണ് എന്നിങ്ങനെ നീളുന്നു മറ്റ് കമന്റുകൾ. സൗരവ് ജോഷി സ്ത്രീ വിരുദ്ധനാണെന്നും ചിലർ കമന്റിൽ പറയുന്നു.

ഇതാദ്യമല്ല ഇത്തരം വിവാദങ്ങൾ 

കുടുംബജീവിതം, യാത്രാനുഭവങ്ങൾ, വ്യക്തിപരമായ വിശേഷങ്ങൾ എന്നിവ ഉൾപ്പെടുത്തുന്ന വ്ലോഗുകളിലൂടെ ഒട്ടേറെ പ്രേക്ഷകരുള്ള യൂട്യൂബർമാരിൽ ഒരാളാണ് സൗരവ്. 2019-ലാണ് 'സൗരവ് ജോഷി വ്ലോഗ്സ്' ആരംഭിക്കുന്നത്.

2025 നവംബറിലാണ് സൗരവ് അവന്തിക ഭട്ടിനെ വിവാഹം കഴിച്ചത്. വിവാഹ ആഘോഷത്തിനിടയിൽ സൗരവ് വ്ലോഗ് റെക്കോർഡ് ചെയ്യുന്നത് തുടരുകയും, സംസാരിക്കാൻ ശ്രമിച്ച അവന്തികയെ അവഗണിക്കുന്നതും വീഡിയോകളിൽ കാണാമായിരുന്നു. ഇതും അദ്ദേഹത്തിനെതിരേ വലിയ വിമർശനമുയർത്തി. 2026 ഫെബ്രുവരിയിൽ, അവന്തികയുമായുള്ള തർക്കങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞ നിമിഷങ്ങളും സൗരവ് വ്ലോഗാക്കിയിരുന്നു. അതിനും വിമർശനം നേരിട്ടു. ഭാര്യയുടെ അസ്വസ്ഥത മാറ്റുന്നതിനേക്കാൾ, വ്ലോഗ് ചിത്രീകരിക്കുന്നതിലാണ് സൗരവ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പലരും വിമർശിച്ചു.  

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: YouTuber Sourav Joshi faced massive backlash for making his wife Avantika Bhatt drink water from a pet dog's bowl during a vlog