'അവരെ ഞാൻ ബ്ലോക്ക് ചെയ്യും, അതെന്നെ ബാധിക്കുന്നുവെന്നല്ല അതിനർഥം': സാമന്ത റൂത്ത് പ്രഭു

തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാര'ത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് നടി സാമന്ത റുത്ത് പ്രഭു. തെലുഗു ആക്ഷൻ ഡ്രാമയാണ് 'മാ ഇന്റി ബംഗാരം'. സിനിമയിൽ സാമന്തയ്‌ക്കൊപ്പം ഗുൽഷൻ ദേവയ്യ, ഗൗതമി തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. സാമന്തയുടെ നിർമാണക്കമ്പനിയായ ത്രലാല മൂവിങ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സാമന്ത, രാജ് നിദിമൊരു, ഹിമങ്ക് ദുവ്വുരു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മെയ് 15-ന് സിനിമ റിലീസ് ചെയ്യും.
അതിനിടെ തന്റെ ആരാധകർക്കൊപ്പം ഇൻസ്റ്റഗ്രാമിലൂടെ സംവദിക്കാൻ സാമന്ത സമയം കണ്ടെത്തിയിരുന്നു. 'ആസ്‌ക് മീ എനിതിങ്' സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് അവർക്ക് മറുപടി നൽകി. ആരോഗ്യം, വ്യക്തിജീവിതം ഉൾപ്പെടെയുള്ള ചോദ്യങ്ങളെയും സാമന്ത നേരിട്ടു. അതിനിടെ ഒരു ആരാധകൻ ചോദിച്ചതിതാണ്, ''സോഷ്യൽ മീഡിയയിൽ പോസിറ്റീവായോ നെഗറ്റീവായോ ആയ ഉള്ള കമന്റുകൾ വായിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?'' മറുപടിയായി സാമന്ത ഇങ്ങനെ പോസ്റ്റ് ചെയ്തു, ''പ്രശംസ ഞാൻ വലിയ കാര്യമായെടുക്കാറില്ല. അതെന്നെ ചലിപ്പിക്കാറുമില്ല. ട്രോളുകളുടെ കാര്യവും അങ്ങനെത്തന്നെ. പക്ഷേ നിങ്ങൾ നെഗറ്റിവിറ്റി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നാൽ, ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യും. എന്റെ സ്‌പേസ് അല്ലെങ്കിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ, ഈ പേജും ഞാൻ വൃത്തിയായി സൂക്ഷിക്കുന്നു. ബ്ലോക്ക് ചെയ്യപ്പെട്ടു എന്നതിന് അർഥം നിങ്ങളുടെ കമന്റുകളും ട്രോളുകളും എന്നെ ബാധിച്ചു എന്നല്ല. നിങ്ങൾക്ക് അവിടെ സ്വാഗതമില്ലെന്നാണ്.''
മുമ്പും താൻ നെഗറ്റീവ് ട്രോളുകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സാമന്ത സംസാരിച്ചിട്ടുണ്ട്. ''കഴിയുന്നത്ര യാഥാർത്ഥ്യബോധം നിലനിർത്താൻ ഞാൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ ആധികാരികത പുലർത്തുകയും ഇടവേളകൾ എടുക്കുകയും അതിൽ നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. എല്ലാ പ്രശംസകളും നിങ്ങൾ സ്വീകരിക്കാൻ പോകുകയാണെങ്കിൽ, ട്രോളിങ്ങും നിഷേധാത്മകതയും നിങ്ങൾ അംഗീകരിക്കണം''.
രക്ത് ബ്രഹ്മാണ്ഡ്: ദ ബ്ലഡി കിങ്ഡം എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസും സാമന്തയുടേതായി ഇറങ്ങാനുണ്ട്. രാജ്-ഡി.കെ സഖ്യമാണ് അത് സംവിധാനം ചെയ്യുന്നത്. ആദിത്യ റോയ് കപൂർ, വാമിഖ ഗബ്ബി, ജെയ്ദീപ് അഹ്ലാവത്, അലി ഫസൽ തുടങ്ങിയവരും അഭിനയിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu discusses handling social media trolls and negativity, emphasizing her approach to maintaining a positive online space