'ആ സിനിമയിലെ നായകൻ നേരത്തെ സെറ്റിലെത്തി; അതുകൊണ്ടാവാം സിനിമ വിജയിച്ചത്' പരിഹസിച്ച് സൽമാൻ ഖാൻ

ഏറ്റവും അവസാനമിറങ്ങിയ തന്റെ സിനിമയായ 'സിക്കന്ദറി'നെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ. വൻപ്രതീക്ഷയോടെ വന്ന 'സിക്കന്ദർ' ബോക്‌സോഫീസിൽ പരാജയപ്പെട്ടിരുന്നു. അതിനെതിരെ രംഗത്തുവന്ന സംവിധായകൻ എ.ആർ.മുരുഗദോസ് സൽമാനാണ് സിനിമയുടെ പരാജയത്തിനുപിന്നിലെന്ന് ആരോപിച്ചിരുന്നു. സൽമാൻ സെറ്റിലെത്തിയിരുന്നത് വളരെ വൈകിയിട്ടായിരുന്നുവെന്നും ഇതാണ് പരാജയത്തിന് കാരണമെന്നും പറഞ്ഞു.
ഇതിനുള്ള മറുപടിയാണ് സൽമാൻ നൽകിയത്. സൽമാൻ അവതരിപ്പിക്കുന്ന 'ബിഗ് ബോസ്' എപ്പിസോഡിലാണ് സംഭവം. സ്റ്റാൻഡപ്പ് കൊമേഡിയനായ രവി ഗുപ്ത, ഷോയിൽ അതിഥിയായി എത്തിയിരുന്നു. ജീവിതത്തിൽ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുടെ പേര് പറയാൻ രവി ഗുപ്ത ആവശ്യപ്പെട്ടു. 1992-ൽ റിലീസായ സൂര്യവംശി, നിശ്ചയ് എന്നീ സിനിമകളുടെ പേരാണ് അദ്ദേഹം പറഞ്ഞത്. 'സിക്കന്ദർ' സിനിമയെ മനസ്സിലിട്ടുകൊണ്ട് സമീപകാലത്തെ ഏതെങ്കിലും സിനിമകളിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയോ എന്ന് രവി ഗുപ്ത വീണ്ടും ചോദിച്ചു. അതിന് സൽമാൻ ഉടനെ മറുപടി നൽകി, ''സമീപകാലത്തെ അത്തരം സിനിമകളൊന്നുമില്ല. ആളുകൾ ചിലപ്പോൾ 'സിക്കന്ദറി'നെക്കുറിച്ച് പറഞ്ഞേക്കാം. പക്ഷേ, ഞാനത് വിശ്വസിക്കുന്നില്ല. 'സിക്കന്ദറി'ന്റെ കഥ നല്ലതായിരുന്നു''. അതിനുശേഷം സൽമാൻ ഇങ്ങനെ തുടർന്നുപറഞ്ഞു,
''ഞാൻ ഒമ്പതുമണിക്കായിരുന്നു സെറ്റിലെത്തിയിരുന്നത്. അതാണ് പ്രശ്‌നങ്ങളുണ്ടാക്കിയതും. അതിനെക്കുറിച്ചാണ് സംവിധായകൻ കുറ്റംപറഞ്ഞതും. എന്റെ വാരിയെല്ല് ഒടിഞ്ഞിരിക്കുകയായിരുന്നു. അതാണ് വൈകാൻ കാരണം. എന്നാൽ ഈയടുത്ത് ആ സംവിധായകന്റെ മറ്റൊരു സിനിമ റിലീസായിരുന്നു. അതിലെ നായകനാണെങ്കിൽ രാവിലെ ആറുമണിക്ക് തന്നെ സെറ്റിലെത്തിയിരുന്നു. ആ പടം സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ബസ്റ്ററായി'', അദ്ദേഹം പരിഹസിച്ചു.
''സിക്കന്ദർ തുടങ്ങുമ്പോൾ മുരുകദോസിന്റെയും സാജിദ് നദിയാദ്‌വാലയുടെയും സിനിമയായിരുന്നുവത്. പക്ഷേ, പിന്നീട് സാജിദും മുരുഗദോസും തമ്മിലുള്ള ബന്ധം മോശമായി.'' മാർച്ചിലാണ് സിക്കന്ദർ റിലീസായത്. സൽമാനൊപ്പം രശ്മികയാണ് പ്രധാനവേഷത്തിലെത്തിയത്. പക്ഷേ, സിനിമ വൻപരാജയമായി.
'മദരാസി' സിനിമയുടെ പ്രൊമോഷനിടെയാണ് സൽമാൻ കാരണമാണ് സിനിമ പരാജയപ്പെട്ടതെന്ന് മുരുഗദോസ് പറഞ്ഞത്. ''ഒരു താരത്തിനൊപ്പം സിനിമ ചെയ്യാൻ പാടാണ്. എട്ടുമണിക്കേ അദ്ദേഹം സെറ്റിൽ വരൂ. അത് മറ്റുള്ള താരങ്ങളെയും ബാധിച്ചു. ഞങ്ങളെന്നും അതിരാവിലെ തന്നെ ഷൂട്ടിങ് തുടങ്ങുന്നവരാണ്. അതൊന്നും ഹിന്ദിയിലെത്തിയപ്പോൾ നടന്നില്ല'', മുരുഗദോസ് വെളിപ്പെടുത്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan responds to director AR Murugadoss`s claims about `Sikandar`s` failure