'നല്ല കത്തിയായിരുന്നെങ്കിൽ ഞാനന്ന് മരിച്ചേനെ, ശരീരം തളർന്നുപോകുമോ എന്ന് പേടിച്ചു'

സെയ്ഫ് അലി ഖാൻ | Instagram
സെയ്ഫ് അലി ഖാൻ | Instagram

കഴിഞ്ഞ വർഷമാണ് ബാന്ദ്രയിലെ വീട്ടിൽവെച്ച് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇളയമകൻ ജേ അലി ഖാനെ തട്ടിക്കൊണ്ടുപോകാനുള്ള അക്രമിയുടെ ശ്രമം തടഞ്ഞപ്പോഴാണ് സെയ്ഫിന് കുത്തേറ്റത്. ആറുതവണയാണ് അദ്ദേഹത്തിന് കുത്തേറ്റത്. അതുകഴിഞ്ഞ് ഓട്ടോറിക്ഷയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ആ ആക്രമണത്തിനുശേഷം ഒരു വർഷത്തിലേറെ പിന്നിട്ടപ്പോൾ, ആ സംഭവം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സെയ്ഫ് മനസ്സ് തുറക്കുന്നു. 'ബോംബെ ടൈംസി'നോട് സംസാരിക്കവെ, തന്റെ കുടുംബത്തിന് ആ സംഭവത്തിൽ നിന്ന് വേഗത്തിൽ മുക്തരാകാൻ കഴിഞ്ഞുവെങ്കിലും, താൻ ഇപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ തന്നെ ആ രാത്രിയിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചില കാര്യങ്ങൾ ഓർമ്മ വരുമ്പോൾ ഇപ്പോഴും തനിക്ക് ഞെട്ടലാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''ഞങ്ങൾ ആ സാഹചര്യത്തെ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. എന്റെ ഭാര്യയാണ് ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു. പൊതുവെ വളരെ ഇമോഷണലായ പ്രകൃതമാണ് അവരുടേത്. ഞങ്ങൾ അത് വേഗത്തിൽ തന്നെ മറികടന്നു. എങ്കിലും, അതൊരു ഭ്രാന്തമായ അവസ്ഥയായിരുന്നു. ആ സംഭവത്തിൽ നിന്ന് പൂർണ്ണമായും മുക്തനാകാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കാരണം ഒരു കത്തി കാണുമ്പോൾ തന്നെ എനിക്കൊരു പ്രതികരണം ഉണ്ടാകുന്നു'', സെയ്ഫ് പറഞ്ഞു.

ആ ആക്രമണത്തെക്കുറിച്ച് ഓർക്കുമ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാനായതിൽ താൻ എത്ര ഭാഗ്യവാനാണെന്ന് ഓർക്കാറുണ്ടെന്നും സെയ്ഫ് പറഞ്ഞു. ആക്രമണത്തിനിടെ കത്തി ഒടിഞ്ഞുപോയത് മുറിവുകൾ കൂടുതൽ ഗുരുതരമാകുന്നതിൽ നിന്ന് രക്ഷിച്ചിരിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ''കത്തികൊണ്ടുള്ള ആക്രമണങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കത്തിയായിരുന്നു അത്. അയാളുടെ കൈവശം ഒരു നല്ല കത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ മരിച്ചുപോയേനെ. നല്ല കത്തികൊണ്ട് കുത്തുമ്പോൾ അത് ശരീരത്തിന്റെ ഏത് ഭാഗത്തേക്കും ഇറങ്ങിച്ചെല്ലാം. എന്റെ ശരീരത്തിൽ പലയിടത്തും മുറിവുകൾ പറ്റിയിരുന്നെങ്കിലും അത് എന്റെ ജീവൻ കവർന്നില്ല. എനിക്ക് ലഭിച്ച ആ ഭാഗ്യത്തെക്കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.

രക്തംപോയി ആകെ മോശമായ അവസ്ഥയിലും, തനിക്ക് അസാധാരണമായ ശാന്തത അനുഭവപ്പെട്ടതായി അദ്ദേഹം ഓർക്കുന്നു. മരണം പോലും ആ നിമിഷത്തിൽ അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. പേടിപ്പിച്ചത് മറ്റൊന്നായിരുന്നു. ജീവൻ തിരികെ ലഭിച്ചാലും, ശരീരം തളർന്നുപോകുമോ (paralyse) എന്ന ചിന്തയായിരുന്നുവെന്നും സെയ്ഫ് പറയുന്നു.

സെയ്ഫിനെ ആക്രമിച്ചതിന്റെ പേരിൽ അന്ന് അറസ്റ്റിലായത് മുഹമ്മദ് ഷരീഫുൾ എന്നയാളാണ്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. അക്രമണത്തിനുശേഷം സുഖംപ്രാപിച്ച സെയ്ഫ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 'ഹായ്‌വാൻ' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഇപ്പോൾ റിലീസായിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Saif Ali Khan opens up about the traumatic Bandra knife attack a year later. He revealed that a broken knife saved his life during the stabbing incident., His primary fear during the attack was paralysis, not death