‘മദ്യപാനം നിർത്താൻ കാരണം സായ് പല്ലവിയുടെ ഫോൺകോൾ; അതെന്റെ ജീവിതം മാറ്റിമറിച്ചു’

രാജു വെഡ്‌സ് റംബായ്, വിരാടപർവ്വം എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് സുരേഷ് ബോബിലി. എന്നാൽ, ഒരുകാലത്ത് മദ്യപാനം തന്നെ വല്ലാതെ ബാധിച്ചുവെന്നും അതിൽനിന്ന് പുറത്തുകടക്കാൻ സഹായിച്ചത് നടി സായ് പല്ലവിയാണെന്നും പറയുകയാണ് സുരേഷ്.
2022-ൽ റിലീസായ സിനിമയാണ് 'വിരാടപർവ്വം'. റാണ ദഗ്ഗുബതിയും സായ് പല്ലവിയുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ. അതിലെ സംഗീതസംവിധായകനായി ആദ്യം തീരുമാനിച്ചത് സുരേഷിനെയായിരുന്നു. എന്നാൽ പകുതിയിൽ വെച്ച് അദ്ദേഹത്തെ ഒഴിവാക്കി.
''വിരാടപർവ്വം ചെയ്യുന്ന സമയത്ത് കടുത്ത മദ്യപാനിയായിരുന്നു ഞാൻ. അതുകൊണ്ടാണ് എന്നെ പുറത്താക്കി മറ്റൊരാളെ ഉൾപ്പെടുത്തിയത്. കുറച്ചുകഴിഞ്ഞ് ആ സിനിമ എന്നിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. സായ് പല്ലവി കാരണമാണ് എന്നെ വീണ്ടും വിളിച്ചതെന്നാണ് അവർ പറഞ്ഞത്''. സുരേഷ് തന്നെ സംഗീതസംവിധാനം നിർവഹിക്കണമെന്ന് സായ് പല്ലവി അണിയറപ്രവർത്തകരോട് പറയുകയായിരുന്നു. ''സായ് പല്ലവി എന്നിൽ ഒരുപാട് വിശ്വാസമർപ്പിച്ചു. എന്റെ സംഗീതം നല്ലതാണെന്നും അതുതന്നെ ഉപയോഗിച്ചാൽ മതിയെന്നും അവർ പറയുകയായിരുന്നു''.
സിനിമയുടെ ചിത്രീകരണമെല്ലാം കഴിഞ്ഞപ്പോൾ സായ് പല്ലവി സുരേഷിനെ വിളിച്ചു. സിനിമ റിലീസായാൽ ഏറ്റവും കൂടുതൽ പ്രശസ്തി കിട്ടുക എനിക്കായിരിക്കുമെന്ന് സായ് പറഞ്ഞു. അതുകഴിഞ്ഞ് ടെക്‌നീഷ്യൻമാർക്ക്. അതുകഴിഞ്ഞേ താരങ്ങൾക്ക് അഭിനന്ദനം ലഭിക്കൂവെന്നാണ് സായ് പല്ലവി പറഞ്ഞത്. മറ്റെല്ലാം ഉപേക്ഷിച്ച് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നോട് പറഞ്ഞു. ഞാൻ എന്തിനാണ് ഈ വ്യവസായത്തിലേക്ക് വന്നതെന്നും അവർ എന്നെ ഓർമിപ്പിച്ചു'', സുരേഷ് ഓർക്കുന്നു.
അതോടെ തന്റെ തെറ്റായ വഴികളെക്കുറിച്ച് തിരിച്ചറിഞ്ഞതായും അതോടെ മദ്യപാനം നിർത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മൂന്നുവർഷത്തോളമായി താൻ മദ്യപിച്ചിട്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''പക്ഷേ കുറച്ചുനാൾ എന്റെ ജീവിതം നരകത്തിന് തുല്യമായിരുന്നു. മദ്യപാനം നിർത്തിയപ്പോഴേക്കും ശരീരം വിറയ്ക്കാൻ തുടങ്ങി, മദ്യപിക്കാനുള്ള ആഗ്രഹവും. അതൊക്കെ നിയന്ത്രിച്ചുനിർത്തി''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Music director Suresh Bobbili reveals how Sai Pallavi`s call helped him quit alcohol and restart his career, transforming his life