ടിആർപിയിൽ അനുപമയുടെ ആധിപത്യം, ടെലിവിഷൻ താരങ്ങൾക്കും വേണ്ടേ ദേശീയ അവാർഡ്?-രുപാലിയുടെ ചോദ്യം

രുപാലി ഗാംഗുലി | ANI
രുപാലി ഗാംഗുലി | ANI

എന്തുകൊണ്ടാണ് ഇന്ത്യൻ ടെലിവിഷൻ രംഗം ഇപ്പോഴും ദേശീയ പുരസ്കാരങ്ങളിൽ അവഗണിക്കപ്പെടുന്നത്? ചോദ്യം നടി രുപാലി ഗാംഗുലിയുടേതാണ്. ദേശീയ ചലച്ചിത്രപുരസ്കാരങ്ങളെച്ചൊല്ലി വലിയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രധാനഅഭിനയമേഖലയെ അവാർഡിനു പരിഗണിക്കേണ്ടതല്ലേയെന്ന ചോദ്യവുമായി രുപാലിയെത്തിയത്.

നടിയുടെ വാക്കുകൾ- "സിനിമാ താരങ്ങൾ തൊട്ട് കണ്ടന്റ് ക്രിയേറ്റർമാർക്ക് വരെ ദേശീയ പുരസ്‌കാരങ്ങളുണ്ട്. എന്നാൽ ടെലിവിഷൻ കലാകാരന്മാർക്ക് ഒന്നുമില്ല. കോവിഡിന്റെ സമയത്തുപോലും, മറ്റുള്ളവർക്ക് അവരുടെ ഷൂട്ടിങ് ഷെഡ്യൂളുകൾ വൈകിപ്പിക്കാമായിരുന്നു, പക്ഷേ ഞങ്ങൾ ജോലി തുടർന്നു. ഒരു സിനിമാ താരം തുടർച്ചയായി ജോലി ചെയ്യുമ്പോൾ അത് വാർത്തയാകും. എന്നാൽ മഹാമാരിക്കാലത്ത് രാവിലെ ആറുതൊട്ട് വൈകീട്ട് ആറുവരെ ടെലിവിഷൻ കലാകാരന്മാർ ഇടവേളയില്ലാതെ ജോലി ചെയ്തതിനെപ്പറ്റി ആരും സംസാരിച്ചില്ല. ഞങ്ങളെയും പരിഗണിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. ഞങ്ങളും കഠിനാധ്വാനം ചെയ്യുന്നു, അംഗീകാരം ലഭിച്ചാൽ നല്ലതായിരിക്കും"-വൈറൽ ഭയാനിയുമായുള്ള സംഭാഷണത്തിൽ രുപാലി പറഞ്ഞു. 

'അനുപമ' എന്ന ഹിന്ദി സീരിയലിലെ നായികാ കഥാപാത്രത്തിലൂടെ പ്രശസ്തയായ താരമാണ് രുപാലി. കുടുംബപ്രേക്ഷകർക്കിടയിൽ വലിയ ആരാധകരുള്ള നടി, തുടർച്ചയായ അഞ്ചാം വർഷവും ഹിന്ദിയിലെ ടിആർപി ചാർട്ടുകളിൽ ആധിപത്യം തുടരുകയാണ് അനുപമ എന്ന പരമ്പര.

അതേസമയം, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തിരിച്ചുവരവ് ടെലിവിഷൻ വ്യവസായത്തെ നല്ല ദിശയിലേക്ക് നയിക്കുമെന്നും രുപാലി പ്രതീക്ഷ പങ്കുവെച്ചു. സ്മൃതി ടെലിവിഷനിലേക്ക് മടങ്ങിവന്നത് വലിയ മാറ്റമുണ്ടാക്കും. എല്ലാവരുടെയും ശ്രദ്ധ ടെലിവിഷനിലേക്ക് തിരികെ കൊണ്ടുവരാൻ അത് സഹായിക്കുമെന്നും അവർ പറഞ്ഞു. ഏക്താ കപൂറിന്റെ 'ക്യൂൻകി സാസ് ഭി കഭി ബഹു ഥി' എന്ന പരമ്പരയിലൂടെ പ്രശസ്തയായ സ്മൃതി ഇറാനി പരമ്പരയുടെ രണ്ടാംഭാഗത്തിലൂടെയാണ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anupamaa star Rupali Ganguly questions why Indian television is ignored at National Awards, highlighting TV actors` hard work during COVID.