കാന്താരയ്ക്കു വേണ്ടി ഋഷഭ് ഷെട്ടി കളരിപ്പയറ്റ് അഭ്യസിച്ചത് മലപ്പുറത്തുനിന്ന്; രണ്ട് വര്‍ഷത്തെ കഠിനപരിശീലനം

ആത്മ കളരിസംഘം പങ്കുവെച്ച ചിത്രങ്ങൾ / instagram
ആത്മ കളരിസംഘം പങ്കുവെച്ച ചിത്രങ്ങൾ / instagram

'കാന്താര ചാപ്റ്റര്‍ 1'ന്റെ വിജയത്തിളക്കത്തിലാണ് നടന്‍ ഋഷഭ് ഷെട്ടി. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കഴിഞ്ഞു. സിനിമയില്‍ ഒരു യോദ്ധാവിന്റെ വേഷമാണ് നടന്‍ ചെയ്യുന്നത്. തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ നടന്‍ പുരാതന ആയോധനകലയായ കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു. മലപ്പുറത്തെ ആത്മ കളരിയിലെ വിപിന്‍ദാസ് ഗുരുക്കളുടെ കീഴിലായിരുന്നു പഠനം.

ആത്മ കളരി വില്ലേജിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷമാണ് സിനിമയ്ക്കുവേണ്ടി ഋഷഭ് ഷെട്ടി ആയോധനമുറകള്‍ അഭ്യസിച്ചത്. പരിശീലന കേന്ദ്രം പങ്കുവെച്ച ഒരു ചിത്രത്തില്‍, ഋഷഭ് പരിശീലിക്കുന്നതു കാണാം.

'കാന്താരയ്ക്ക് പിന്നിലെ യോദ്ധാവിന് സാക്ഷ്യം വഹിക്കൂ! ഋഷഭ് ഷെട്ടി, വിപിന്‍ദാസ് ഗുരുക്കളുടെ കീഴില്‍ ആത്മ കളരിയില്‍ രണ്ട് വര്‍ഷം കഠിനമായ പരിശീലനം നേടി. വേദനയും പരിക്കുകളും ദിവസേനയുള്ള ചികിത്സകളും സഹിച്ചു, എന്നിട്ടും ഒരിക്കലും പിന്മാറിയില്ല. ഓരോ ചതവും, ഓരോ തുള്ളി വിയര്‍പ്പും സ്‌ക്രീനില്‍ തനതായ കലയായി മാറി. യഥാര്‍ത്ഥ സമര്‍പ്പണം. യഥാര്‍ത്ഥ പോരാട്ടവീര്യം. ഹാറ്റ്‌സ് ഓഫ്, സര്‍ റിഷഭ് ഷെട്ടി.' പോസ്റ്റിനു താഴെ അവര്‍ കുറിച്ചു.

അക്കൗണ്ടിലെ രണ്ടാമത്തെ പോസ്റ്റില്‍, ഋഷഭ് മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്. അതിനു താഴെ അവര്‍ ഇങ്ങനെ കുറിച്ചു; 'അദ്ദേഹം ഒരു നടന്‍ മാത്രമല്ല, ഒരു കഥാകാരനും, ദീര്‍ഘവീക്ഷണമുള്ളവനും, ഒരു സിനിമാ വിപ്ലവത്തിന് പിന്നിലെ ആത്മാവുമാണ്. കാന്താര മുതല്‍ ചാപ്റ്റര്‍ 1 വരെ, പാരമ്പര്യത്തിലും സത്യത്തിലും ശക്തിയിലും വേരൂന്നിയ കഥകള്‍ പറയാനുള്ള ധൈര്യം നല്‍കി ഋഷഭ് ഷെട്ടി നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. നാടോടിക്കഥകള്‍ക്ക് ജീവന്‍ നല്‍കുന്ന ആ മനുഷ്യന് ഇതാ ഒരു ആശംസ.

കളരിത്തട്ടില്‍ നിന്ന് വെള്ളിത്തിരയിലേക്ക്, ഈ അവിശ്വസനീയമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചതിന് നന്ദി. അദ്ദേഹത്തെ കളരിപ്പയറ്റ് പഠിപ്പിച്ച യാത്രയ്ക്ക് എക്കാലവും നന്ദിയുള്ളവരായിരിക്കും, ഇന്ന് ലോകം അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നു.’

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: actor rishab shetty trained in ancient martial art kalarippayattu for two years under vipindas gurukkal for his role in the blockbuster `kantara: chapter 1`. witness his dedication!