അമിതാഭ് ബച്ചന് മുണ്ട് നൽകി ഋഷഭ് ഷെട്ടി; അഴിഞ്ഞുപോയാൽ അന്താരാഷ്ടപ്രശ്‌നമാകുമെന്ന് ബിഗ് ബി

അമിതാഭ് ബച്ചനും ഋഷഭ് ഷെട്ടിയും
അമിതാഭ് ബച്ചനും ഋഷഭ് ഷെട്ടിയും

അമിതാഭ് ബച്ചന് പിറന്നാൾസമ്മാനവുമായി ഋഷഭ് ഷെട്ടി 'കോൻ ബനേഗാ ക്രോർപതി'യിലെത്തി. പരിപാടിയുടെ പുതിയ പ്രൊമോയിലാണ് ഇതുള്ളത്. താലത്തിൽവെച്ച ഒരു കസവുമുണ്ടാണ് ഋഷഭ് നൽകിയത്. അത് സ്വീകരിച്ചശേഷം ബച്ചൻ നൽകിയ മറുപടി കാണികളെയും ഋഷഭിനെയും ഒരുപോലെ ചിരിപ്പിച്ചു. ''സാർ, ഞാനിത് തീർച്ചയായും ധരിക്കും. ഇതുടുക്കുന്നത് ഒരു കലയാണ്. അത് പഠിക്കണം. ഇതൊന്ന് അഴിഞ്ഞുപോവുകയോ, മാറിപ്പോവുകയോ ചെയ്താൽ, അതൊരു അന്താരാഷ്ട്രപ്രശ്‌നമാവും'', പൊട്ടിച്ചിരികൾക്കിടയിലൂടെ ബച്ചൻ പറഞ്ഞു.
 

ഋഷഭിന്റെ അഭ്യർഥനപ്രകാരം 'അഗ്നീപഥി'ലെ ഒരു ഡയലോഗ് അമിതാഭ് ബച്ചൻ പറയുകയും ചെയ്തു. ഋഷഭ് ഷെട്ടി അതിഥിയായെത്തുന്ന എപ്പിസോഡ് ഈ വരുന്ന വെളളിയാഴ്ചയാണ് സംപ്രേഷണം ചെയ്യുക.

അതിനിടെ മറ്റൊരു പ്രൊമോ വീഡിയോയിൽ മോഹൻലാൽ സ്‌റ്റൈലിലുള്ള ഋഷഭ് ഷെട്ടിയുടെ എൻട്രിയായിരുന്നു ഹൈലൈറ്റ്. മുണ്ട് മടക്കിക്കുത്തി മോഹൻലാലിന്റെ 'എന്താ മോനേ ദിനേശാ' എന്ന ഡയലോഗും അദ്ദേഹം പറഞ്ഞു. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ചാണ് ഋഷഭ് പരിപാടിയിലെത്തിയത്. കാണികളും അമിതാഭ് ബച്ചനും കൈയടികളോടെയാണ് ഇതിനെ സ്വീകരിച്ചത്.

നേരത്തെ അമിതാഭ് ബച്ചന്റെ പിറന്നാൾ സ്‌പെഷൽ എപ്പിസോഡിൽ മോഹൻലാലിനെ കുറിച്ച് ബിഗ് ബി പറഞ്ഞ വാക്കുകൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ആ എപ്പിസോഡിൽ ജാവേദ് അക്തറും മകൻ ഫർഹാൻ അക്തറുമാണ് അതിഥികളായെത്തിയത്. പരിപാടിക്കിടെ അമിതാഭ് ബച്ചന് മോഹൻലാൽ പിറന്നാൾ ആശംസിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഇതിന് നന്ദി പറയവെയാണ് മോഹൻലാലിനെക്കുറിച്ച് ബിഗ് ബി സംസാരിച്ചത്. ''അദ്ദേഹം അത്ര മികച്ച നടനാണ്. അദ്ദേഹത്തിന്റെ ആ മുഖം ദൈവം നൽകിയ സമ്മാനമാണ്. ഏത് തരത്തിലുള്ള വികാരങ്ങളും ആ മുഖത്ത് പ്രതിഫലിക്കും. ഏത് വേഷവും പൂർണതയിലെത്തിക്കും. എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നു'', അമിതാഭ് പറഞ്ഞു. ഈ വീഡിയോയ്ക്കുതാഴെ മോഹൻലാൽ ആരാധകർ കമന്റുകളുമായെത്തി.

അതിനുശേഷമുള്ള എപ്പിസോഡിലാണ് ഋഷഭ് അതിഥിയായെത്തുന്നത്. ഒക്ടോബർ 2-ന് റിലീസായ 'കാന്താര: ചാപ്റ്റർ 1' 675 കോടി കളക്ട് ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും രചിച്ച സിനിമയിൽ, പ്രധാനവേഷത്തിലെത്തുന്നതും അദ്ദേഹം തന്നെ. ജയറാം, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. 125 കോടി രൂപയ്ക്കാണ് സിനിമ നിർമിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rishabh Shetty gifted a Kasavu Mundu to Amitabh Bachchan on Kaun Banega Crorepati. Big B`s humorous reaction to wearing it is a must-watch