'സ്പാർക്ക് നഷ്ടപ്പെട്ടു', ഒമ്പതുമാസത്തെ പ്രണയം അവസാനിപ്പിച്ച് ടോം ക്രൂസും അനാ ഡി അർമാസും

ടോം ക്രൂസ്, അനാ ഡി അർമാസ് / GettyImages
ടോം ക്രൂസ്, അനാ ഡി അർമാസ് / GettyImages

ഹോളിവുഡിലെ പവർ കപ്പിളായ ടോം ക്രൂസും അനാ ഡി അർമാസും ഒമ്പതുമാസത്തെ പ്രണയം അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. 'പരസ്പരമുള്ള സ്പാർക്ക് നഷ്ടപ്പെട്ടു' എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

''ടോമും അനയും ഒരുമിച്ച് കുറേ നല്ല സമയം ആസ്വദിച്ചു. ഇനിയും അവർ സുഹൃത്തുക്കളായി തുടരും''. അധികം വൈകാതെ അവർ വിവാഹത്തിലേക്ക് കടക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു. ബന്ധം പിരിഞ്ഞാലും ഒരുമിച്ച് അഭിനയിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരും പ്രണയത്തിലാണെന്ന് ലോകമറിഞ്ഞത്. ടോം ക്രൂസും അനയും ലണ്ടനിൽ ഡിന്നർ കഴിക്കാനെത്തിയതായിരുന്നു. ഇരുവരും കൈകോർത്തു പിടിച്ച് പുറത്തേക്ക് വരുന്ന ചിത്രങ്ങൾ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. തൊട്ടടുത്ത മാസം ലണ്ടനിലെ ഹെലിപ്പാഡിൽ ഇരുവരെയും ഒരുമിച്ചുകണ്ടു.

അനയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ച് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന ചിത്രവും വൈറലായി. പിന്നീട് പാർക്കിലും ഡിന്നറിലുമെല്ലാം ഇരുവരെയും ഒരുമിച്ചുകണ്ടു. ഡേവിഡ് ബെക്കാമിന്റെ 50-ാം പിറന്നാളിന്റെ പാർട്ടിയിലും താരങ്ങൾ ഒരുമിച്ചെത്തി. ഇരുവരും പ്രണയത്തിലാണെന്ന് പിന്നീട് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞു. ഒടുവിൽ മാസങ്ങൾ നീണ്ട ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും പിരിയുന്നത്.

കരിയറിന്റെ തുടക്കകാലത്ത് നടി മെലീസ ഗിൽബർട്ടുമായി ടോം ക്രൂസ് പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ തങ്ങളുടേത് വളരെ നിഷ്‌കളങ്കമായ ബന്ധമായിരുന്നുവെന്നാണ് മെലീസ പറഞ്ഞത്.

1983-ൽ 'റിസ്‌കി ബിസിനസി'ലെ സഹതാരമായ റെബേക്ക ഡി മോർണെയുമായി ടോം പ്രണയം തുടങ്ങി. ലണ്ടനിൽവെച്ച് 'ലെജൻഡ്' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഇരുവരും ഒരുമിച്ച് താമസവും തുടങ്ങി. അതുകഴിഞ്ഞ് 'ടോപ് ഗണ്ണി'ന്റെ ഷൂട്ടിനായി ടോം അമേരിക്കയിലേക്ക് പോയപ്പോൾ ആ ബന്ധവും തീർന്നു.

അമേരിക്കൻ ഗായികയും നടിയുമായ ഷെറുമായുള്ള ടോമിന്റെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം വാർത്തകളോടെല്ലാം അവർ മുഖംതിരിച്ചു. 2008-ലാണ് തന്നേക്കാൾ 17 വയസ്സിനിളയ ടോമിനെ പ്രണയിച്ച കാര്യം ഷെർ ആദ്യമായി തുറന്നുപറഞ്ഞത്. ഓപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിലാണ് ഷെർ അക്കാര്യം സമ്മതിക്കുന്നത്. ''എനിക്ക് അവനോട് ഭ്രാന്തായിരുന്നു. അവനാണെങ്കിൽ ഭയങ്കര നാണക്കാരനും. എനിക്കവനോട് ഭ്രാന്തായിരുന്നതിനാൽ അതൊരു മനോഹരമായ പ്രണയമായിരുന്നേനെ''. പക്ഷേ, അതും അധികം വൈകാതെ അവസാനിച്ചു.

1985-ലാണ് ഒരു ഡിന്നറിനിടെ നടി മിമി റോജേഴ്സും ടോം ക്രൂസും ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ടോമിന്റെ സുഹൃത്തിന്റെ പ്രണയിനിയായിരുന്നു മിമി. ആ ബന്ധം തകർന്നപ്പോഴാണ് ടോമും മിമിയും പ്രണയത്തിലാവുന്നത്. 1987-ൽ വിവാഹിതരായി. വെറും മൂന്നുവർഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ.

പിന്നീട് നടി നികോൾ കിഡ്മാനെ ടോം പരിചയപ്പെട്ടു. ''ഞാൻ കണ്ടതിൽവെച്ചേറ്റവും സെക്സിയായിട്ടുള്ള മനുഷ്യൻ'', എന്നാണ് നികോൾ കിഡ്മാൻ ടോമിനെ കുറിച്ച് പറഞ്ഞത്.

നികോളുമായുള്ള വിവാഹമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് ടോം അന്നുപറഞ്ഞത്. രണ്ടുകുട്ടികളെ ഇരുവരും ചേർന്ന് ദത്തെടുത്തു. കുറച്ചുനാൾ കഴിഞ്ഞ് നികോൾ വിവാഹമോചനത്തിനുള്ള അപേക്ഷ നൽകി. അങ്ങനെ 11 വർഷത്തെ ബന്ധത്തിന് അവസാനമായി.

അതിനിടയിൽ നടി പെനിലോപ് ക്രൂസുമായി ടോം പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. നികോളുമായി പിരിയാനുള്ള കാരണവും ഇതാണെന്ന് പറയപ്പെട്ടു. മൂന്നുവർഷമാണ് പെനിലോപുമായുള്ള ബന്ധം നീണ്ടുനിന്നത്.

തൊട്ടുപിന്നാലെ നടി സോഫിയ വേഗറയുമായുള്ള പ്രണയം. എന്നാൽ, തുടങ്ങിയതിനേക്കാൾ വേഗത്തിൽ അതവസാനിച്ചു. അതിനിടയ്ക്ക് ഇറാനിയൻ നടി നസനിൻ ബോന്യാഡിയുമായി പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു.

അതേവർഷം തന്നെയായിരുന്നു കാറ്റി ഹോംസുമായുള്ള പ്രണയവും വിവാഹവും. ടോംകാറ്റ് എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഏറ്റവും പ്രശസ്തരായ ജോഡികളായി മാറി ടോംകാറ്റ്. ഐഫൽ ടവറിനുമുന്നിൽ വെച്ചാണ് അവർ എൻഗേജ്ഡ് ആയത്.

ഓപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിനിടയിൽ കാറ്റിയുമായുള്ള പ്രണയം വെളിപ്പെടുത്തുമ്പോൾ, ടോം തുള്ളിച്ചാടുകയായിരുന്നു. 2006 ഏപ്രിലിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. നവംബർ 2006-ൽ വിവാഹവും. എന്നാൽ, ആറുവർഷമേ ദമ്പതികളായി ജീവിച്ചുള്ളൂ. കാറ്റിയാണ് 2012-ൽ വിവാഹമോചനത്തിന് മുൻകൈയെടുക്കുന്നത്.

അതിനുശേഷം കാമറോൺ ഡയസ്, വെനേസ കിർബി, ഹെയ്ലി അറ്റ്വെൽ എന്നിവർക്കൊപ്പം ടോം ക്രൂസിന്റെ പേരുചേർത്ത് വാർത്തകളുണ്ടായി. അതുകഴിഞ്ഞാണ് അനാ ഡി അർമാസുമായി പ്രണയത്തിലാവുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hollywood power couple Tom Cruise and Ana de Armas have reportedly ended their nine-month romance