‘ഹൃദയപൂർവ’ത്തിലേതുപോലെ, വിഷ്ണുവിന്റെ ഹൃദയത്തില്‍ ജീവിച്ചു തുടങ്ങിയതോടെ അശോകിന്റെ ജീവിതത്തിലും പല മാറ്റങ്ങളുണ്ടായി

പ്രിയപ്പെട്ടവര്‍ ഒന്നിച്ചൊരു ട്രെയിന്‍ യാത്ര പോവുകയാണ്. ചിരിയും സന്തോഷവും നിറഞ്ഞ മനോഹരമായൊരു യാത്ര. അതിനിടെ ടി.ടി.ആര്‍. ആ കംപാര്‍ട്ട്മെന്റിലേക്ക് കയറി വരുന്നു. കൂട്ടത്തില്‍ ഒരാളെ ചൂണ്ടി അയാളോട് പറയുന്നു: നിങ്ങളുടെ ടിക്കറ്റ് ഇവിടെ തീരുകയാണ്. അടുത്ത സ്റ്റേഷനില്‍ നിങ്ങള്‍ ഇറങ്ങണം.
സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം ‘ഹൃദയപൂര്‍വ’ത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ സന്ദീപ് ബാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നുണ്ട്. മനോഹരമായൊരു ഉല്ലാസ യാത്രയില്‍ അപ്രതീക്ഷിതമായി വന്നുചേരുന്ന വിരാമങ്ങളെ, അര്‍ധവിരാമങ്ങളെ അര്‍ഥപൂര്‍വം വിനിമയം ചെയ്യുന്ന ചിത്രം.
മലയാളിയുടെ ഗൃഹാതുരത്വ കാലത്തിന്റെ ഓര്‍മ്മകളില്‍ വെള്ളിത്തിരയില്‍ പ്രലോഭിപ്പിച്ച മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ചേരുവകള്‍ സന്ദീപ് ബാലകൃഷ്ണനിലും കാണാം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, വെല്ലുവിളികളെ രസത്തോടെ ഉള്‍ക്കൊള്ളുന്ന, അബദ്ധങ്ങളെ ആഘോഷിക്കുന്ന, ചുറ്റുമുള്ളവരെ രസിപ്പിക്കുന്ന, ഏത് ജീവിതാവസ്ഥയിലും മുഖത്തെ ചിരി അടര്‍ത്തി മാറ്റാത്ത, വേണ്ടിവന്നാല്‍ കൈക്കരുത്ത് തെളിയിക്കാന്‍ മടിക്കാത്ത അതേ മോഹന്‍ലാല്‍. സന്ദീപ് ബാലകൃഷ്ണനായി മോഹന്‍ലാല്‍ തിയേറ്ററില്‍ നിറയൗവനത്തിന്റെ പ്രസരിപ്പ് പടര്‍ത്തുന്നുണ്ട്.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വൈകാരികമാണ്. പണിമുടക്കിത്തുടങ്ങിയ ഹൃദയത്തെ ഉപേക്ഷിച്ച് തന്റെ ശരീരത്തില്‍ മറ്റൊരു ഹൃദയത്തെ ഉള്‍ക്കൊള്ളുന്ന സന്ദീപ്. തുടക്കത്തില്‍ അയാളെ സംബന്ധിച്ച് അത് തികച്ചും ശാസ്ത്രീയമായൊരു വിനിമയം മാത്രമായിരുന്നു. പക്ഷേ, വൈകാതെ അയാളുടെ ധാരണ തിരുത്തപ്പെടുകയാണ്. ആരുടെ ഹൃദയമാണോ തന്നില്‍ മിടിക്കുന്നത്, അയാളുടെ മകള്‍ തന്നെ തേടിയെത്തുന്നതോടെ ആ ഹൃദയം സന്ദീപിനോട് സംവദിച്ചു തുടങ്ങുന്നു. പതിയെ ആ ഹൃദയം പുതിയ ശരീരത്തില്‍ ഗതിവേഗം വീണ്ടെടുക്കുകയാണ്.
ഇരുവന്‍കരകളില്‍ പരന്നൊഴുകുന്ന ഒരേ നിലാവുപോലെ സ്നേഹം അയാള്‍ക്കും അയാളിലെ ഹൃദയം പങ്കിട്ട പഴയ ജീവിതത്തിനുമിടയില്‍ പാലം പണിയുകയാണ്. പുണെയില്‍ വണ്ടിയിറങ്ങുന്ന സന്ദീപ്, കേണല്‍ രവീന്ദ്രനാഥ് വടാപാവിന്റെ രുചി മുടക്കമില്ലാതെ ആസ്വദിച്ചിരുന്ന അതേ കോഫി ഷോപ്പിലേക്കു തന്നെ പോകുന്നു, അവിടെ വച്ച് അയാള്‍ കേണലിന്റെ ഉറ്റചങ്ങാതിയെ കാണുന്നു. കേണല്‍ രവീന്ദ്രനാഥിന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അയാളുടെ വീട്ടില്‍ ഒരിടക്കാലത്തേക്ക് താമസിക്കേണ്ടി വരുമ്പോള്‍ സന്ദീപ് തിരിച്ചറിയുകയാണ് തന്റെ ഇഷ്ടങ്ങള്‍ മാറുന്നത്.
ക്ലൗഡ് കിച്ചന്‍ ഉടമയായ സന്ദീപിന് പാചകവും രുചിയും ഇഷ്ടതാവളങ്ങളാണ്. എങ്കിലും അയാള്‍ അന്നോളമുള്ള ജീവിതത്തില്‍ മട്ടണ്‍ രുചിച്ചിരുന്നില്ല. ആടിന്റെ ചൂരെന്നുപറഞ്ഞ് തീന്മേശയില്‍ അയാള്‍ ആ വിഭവത്തിന് ഇടംകൊടുത്തിരുന്നില്ല. എന്നാല്‍ കേണലിന്റെ വീട്ടില്‍ അയാള്‍ മട്ടണ്‍ ആവര്‍ത്തിച്ചാസ്വദിക്കുന്നു. കേണലിന്റെ ഇഷ്ട വിഭവമായിരുന്നു അതെന്ന് പ്രിയപ്പെട്ടവരില്‍ നിന്ന് അയാള്‍ അറിയുന്നു.
ഹൃദയം മാറ്റിവെക്കല്‍ സിനിമയിലായാലും ജീവിതത്തിലായാലും തികച്ചും വൈദ്യശാസ്ത്രപരമായൊരു പ്രക്രിയ മാത്രമാണ്. പക്ഷേ, ജീവിതം പലപ്പോഴും അതിലൂടെ ചില വിശ്വാസങ്ങളെ വിനിമയം ചെയ്യാറുണ്ട്.
സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും ഉണ്ട് അത്തരം അനുഭവങ്ങളുടെ നേര്‍സാക്ഷ്യം. പത്തനംതിട്ട സ്വദേശിയായ അശോക് വി.നായര്‍ക്കും പങ്കുവെക്കാനുണ്ട് അത്തരമൊരു കഥ.
കണ്ണൂര്‍ ശ്രീകണ്ഠാപുരം പൂപ്പറമ്പ് പൂവേലില്‍ വീട്ടില്‍ സജനയുടെയും ഷാജിയുടെയും മകന്‍ വിഷ്ണുവിന്റെ ഹൃദയമാണ് ഇപ്പോള്‍ അശോകിന്റെ ജീവിതത്തിന് താളം നല്‍കുന്നത്. അശോകിന്റെ പ്രവര്‍ത്തനം നിലച്ച ഹൃദയത്തിന്, വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം പകരമായി. അന്നു മുതല്‍ ഇന്നുവരെ അശോകിന് വിഷ്ണുവിന്റെ വീട് സ്വന്തം കുടുംബമാണ്.
ചെക്കപ്പിനായി കോഴിക്കോട്ടേക്കുള്ള യാത്രയില്‍ മുടക്കമില്ലാതെ അശോക് ആ വീട്ടിലെത്തും. അവിടെയിപ്പോള്‍ വിഷ്ണുവിന്റെ അച്ഛനും സഹോദരിയും മാത്രമാണുള്ളത്. വിഷ്ണുവിന്റെ അമ്മ സജന കാന്‍സര്‍ ബാധിതയായിരുന്നു. 2024 ഏപ്രില്‍ 30-ന് മരണം സജനയെയും കൂട്ടിക്കൊണ്ടുപോയി. ചിതയില്‍ അഗ്‌നിപകര്‍ന്ന് മകനായി നിന്ന് ഭൂമിയില്‍ നിന്ന് സജനയെ യാത്രയാക്കിയതും അശോകാണ്. ഹൃദയത്തിലൂടെ ജീവിതത്തിലേക്ക് വന്ന അച്ഛനെയും അമ്മയെയും സഹോദരിയെപ്പറ്റിയും അശോക് പറഞ്ഞു തുടങ്ങി.
'അവരെന്റെ കുടുംബമാണ്. അവരെ ഓര്‍ക്കാത്ത ഒരു നിമിഷവും ജീവിതത്തിലില്ല. നൊമ്പരത്തോടെയല്ലാതെ വിഷ്ണുവിനെ ഓര്‍ക്കാനാവില്ല. ജീവിച്ചുകൊതിതീരാതെ ഭൂമിയില്‍ നിന്ന് മടങ്ങിയൊരാള്‍. അയാളുടെ ഹൃദയമാണ് എന്നില്‍ മിടിക്കുന്നത്. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച നാള്‍ മുതല്‍ കണ്ണൂരിലെ ആ അമ്മയും അച്ഛനും സഹോദരിയും എന്റേതുകൂടിയായി. അതില്‍ അമ്മ ഇന്നില്ല. അച്ഛനും പെങ്ങുളും അവിടെയുണ്ട്. ഉറക്കം ഉണരുന്നത് അവരെ ഓര്‍ത്തുകൊണ്ടാണ്. അവരെ കാണണമെന്ന് തോന്നും. ഫോണിലെങ്കിലും അവരുടെ ശബ്ദം കേള്‍ക്കണമെന്ന് തോന്നും. ചെക്കപ്പിന് കോഴിക്കോടേക്ക് പോകുമ്പോഴൊക്കെയും അവരെ ചെന്ന് കാണും. ദൂരയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനെപ്പോലെ അപ്പോഴൊക്കെയും ആ കുടുംബം എന്നെ സ്വീകരിക്കും. മകന്റെ ഹൃദയസ്പന്ദനം കേള്‍ക്കാനെന്നോണം ആ അച്ഛനെന്നെ ചേര്‍ത്തുപിടിക്കും.
വിഷ്ണുവിന്റെ ഹൃദയത്തില്‍ ഞാന്‍ ജീവിച്ചു തുടങ്ങിയ ശേഷം പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടായി എന്ന് ഞാന്‍ കരുതുന്നു. ചായയോടുള്ള ഇഷ്ടം, ഐസ്‌ക്രീമും കേക്കും കഴിക്കാനുള്ള ആഗ്രഹം, ഇടയ്ക്കിടെ മുളപൊട്ടുന്ന മുന്‍കോപം ഇതൊക്കെയും അങ്ങനെ വന്നുചേര്‍ന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
ശസ്ത്രക്രിയയുടെ തുടക്കനാളുകളിലെ പ്രശ്നങ്ങള്‍ മറികടന്ന് സാധാരണ ജീവിതത്തിലേക്ക് അശോക് മടങ്ങിക്കഴിഞ്ഞു. ശസ്ത്രക്രിയയുടെയും തുടര്‍ ചികിത്സയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം അകലേയെവിടെയാ തനിക്കൊരു അച്ഛനും സഹോദരിയും ഉണ്ടെന്ന തോന്നല്‍ നല്‍കുന്ന ചെറുതല്ലാത്ത സന്തോഷം അശോകിന്റെ ജീവിതത്തെ ചലിപ്പിക്കുന്നു. ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്. അത് കഥപോലെ നമ്മെ അമ്പരപ്പിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Ashok Nair, who had a heart transplant, shares his connection with the heart donor. Real life incidents of the movie Hridayapoorvam starring Mohanlal.