കെനിഷ 'ദൈവത്തിന്റെ സമ്മാനം' എന്ന് രവി മോഹൻ; കണ്ണുനിറഞ്ഞ് കെനിഷ

കെനിഷ ഫ്രാൻസിസും രവി മോഹനും
കെനിഷ ഫ്രാൻസിസും രവി മോഹനും

ഗായികയും സുഹൃത്തുമായ കെനിഷ ഫ്രാൻസിസിനെ 'ദൈവത്തിന്റെ സമ്മാനം' എന്നു വിശേഷിപ്പിച്ച് നടൻ രവി മോഹൻ. രവി മോഹൻ സ്റ്റുഡിയോസ് എന്ന തന്റെ നിർമാണക്കമ്പനിയുടെ ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു രവി.

''കെനിഷ ഇല്ലായിരുന്നുവെങ്കിൽ ഈ പരിപാടി സാധ്യമാകുമായിരുന്നില്ല. ഇത്രയധികം ആളുകൾ ഈ പരിപാടിക്ക് എത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു മനുഷ്യൻ ജീവിതത്തിൽ കുടുങ്ങിക്കിടക്കുമ്പോൾ, ദൈവം ഏതെങ്കിലും രൂപത്തിൽ ഒരു പരിഹാരം അല്ലെങ്കിൽ സമ്മാനം അയയ്ക്കും. എന്നെ സംബന്ധിച്ചിടത്തോളം ആ സമ്മാനം കെനിഷയാണ്. എന്നെത്തന്നെ മനസ്സിലാക്കാൻ അവൾ സഹായിച്ചു. എല്ലാവരുടെയും ജീവിതത്തിൽ അവളെപ്പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു'', രവിയുടെ ഈ വാക്കുകൾ കണ്ണീരോടെയാണ് സദസ്സിലുണ്ടായിരുന്ന കെനിഷ സ്വീകരിച്ചത്.

ഇതുവരെയുണ്ടായ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും രവി പറഞ്ഞു. സംസാരിക്കുന്നതിനിടെ കെനിഷയും രവി മോഹനെ പ്രശംസിച്ചു.

നിർമാണക്കമ്പനിയുടെ പ്രഖ്യാപനത്തിന് മുന്നോടിയായി രവി മോഹനും കെനിഷ ഫ്രാൻസിസും ക്ഷേത്രദർശനം നടത്തിയിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. രവി മോഹൻ ഭാര്യ ആർതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചപ്പോൾ തൊട്ട് വിവാദങ്ങളിലിടം പിടിച്ച പേരാണ് കെനിഷയുടേത്.

2009-ലാണ് രവിയും ആർതിയും വിവാഹിതരായത്. 2024-ൽ രവി സോഷ്യൽമീഡിയയിലൂടെ വേർപിരിയൽ പ്രഖ്യാപിച്ചു. തന്റെ അറിവോടെയല്ല ഈ വേർപിരിയലെന്ന് പറഞ്ഞ് ആർതി രംഗത്തെത്തി. തങ്ങളുടെ ബന്ധം വഷളാവാൻ കാരണം കെനിഷയാണെന്ന് ആർതി ആരോപിച്ചു. എന്നാൽ, പ്രശ്‌നങ്ങളുണ്ടായപ്പോൾ തന്നെ രക്ഷിച്ച ലൈഫ്‌ലൈൻ എന്നാണ് കെനിഷയെക്കുറിച്ച് രവി പറഞ്ഞത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actor Ravi Mohan emotionally thanked singer Kenishaa Francis, calling her `God`s gift` at his studio launch