'ഉറക്കം, ഓറയ്‌ക്കൊപ്പമുള്ള കളികൾ, രണ്ടുതവണ മാത്രം ഭക്ഷണം'; ഇടയ്ക്ക് വേഗത കുറയ്ക്കാമെന്ന് രശ്മിക

രശ്മിക മന്ദാന | Instagram
രശ്മിക മന്ദാന | Instagram

കുറച്ചുദിവസം മുമ്പാണ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടി രശ്മിക മന്ദാനയ്ക്ക് (Rashmika Mandanna) പരിക്കുപറ്റിയെന്ന റിപ്പോർട്ടുകൾ വന്നത്. പിന്നാലെ ആ പരിക്കിനെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി രശ്മിക രംഗത്തെത്തി. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

വലതുവശത്തെ ഇടുപ്പിലെ ഒരു ടെൻഡൺ വേർപെട്ട നിലയിലാണെന്നും ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചതെന്നും രശ്മിക പറഞ്ഞു. ഇതുവരെ ചെയ്തതിൽ ഏറ്റവും അഗ്രസീവായ ചിത്രമാണ് 'മൈസ'. അടുത്തകാലത്തായി തനിക്കുണ്ടാവുന്ന മൂന്നാമത്തെ പരിക്കാണിതെന്നും താരം പറഞ്ഞു.

സിനിമയുടെ തിരക്കുകളൊന്നുമില്ലാത്ത ദിവസങ്ങളെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയുമായെത്തിയിരിക്കുകയാണ് രശ്മിക. ഡയറിയോട് കഥപറയുന്ന പോലെയാണ് സ്‌റ്റോറിയിട്ടിരിക്കുന്നത്. ഇപ്പോൾ ജീവിതത്തിന്റെ വേഗത കുറച്ച്, ആ അവസ്ഥയുമായി പൊരുത്തപ്പെടാൻ പഠിക്കുകയാണെന്ന് അതിൽ പറയുന്നു. ''ഇടയ്‌ക്കൊക്കെ ജീവിതത്തിന്റെ വേഗത കുറയ്ക്കുന്നത് അത്ര മോശമൊന്നുമല്ല, അല്ലേ?'' എന്നും അവർ കുറിക്കുന്നു.

തന്റെ ദൈനംദിന ദിനചര്യകളെക്കുറിച്ചും രശ്മിക വിശദമായി വിവരിക്കുന്നു. വളരെക്കാലത്തിന് ശേഷം ആദ്യമായി അലാറം വെക്കാതെയാണ് താൻ ഉണരുന്നതെന്നും, ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനായി ദിവസവും രണ്ടുനേരം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നും അവർ പറഞ്ഞു. കൂടാതെ, മീറ്റിംഗുകളിൽ പങ്കെടുക്കുക, വളർത്തുപൂച്ചയായ 'ഓറ'യ്ക്കൊപ്പം പസിലുകൾ കളിക്കുകയോ വായനയിൽ ഏർപ്പെടുകയോ ചെയ്യുക, ഏതെങ്കിലും ഷോ കാണുക, ഉറങ്ങാൻ പോകുക എന്നിവയാണ് പ്രധാന പരിപാടികൾ. ''എന്റെ ദിനചര്യ പ്രധാനമായും ഇതാണ്: അലാറത്തിന്റെ ശബ്ദമില്ലാതെ ഉണരുക, ശരീരം ആവശ്യപ്പെടുമ്പോൾ മാത്രം ഉണരുക'', അവർ കുറിച്ചു. അതിനൊപ്പം വിവാഹചിത്രങ്ങളും വീഡിയോയും നോക്കിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അതിനു സമയം കിട്ടിയിരുന്നില്ല.

മൈസ, റണബാലി എന്നിവയാണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന രശ്മികയുടെ സിനിമകൾ. റണബാലിയിൽ വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 26-നായിരുന്നു രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹം. അതിനുശേഷം മാർച്ച് പകുതിയോടെയാണ് അവർ സെറ്റുകളിലേക്ക് തിരിച്ചെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna sustained a tendon injury on her right hip during the filming of 'Mysaa'. Doctors have advised a six-week recovery period for the actress. Rashmika is currently focusing on a slower pace of life, including healthy eating and quality time with her pet, Aura.