അവൾ കരഞ്ഞു, ഇത് അനീതിയാണെന്ന് പറഞ്ഞു; പുരസ്‌കാര ചടങ്ങിൽ മകളെ കൂടെക്കൂട്ടാൻ കഴിയാത്തതിൽ റാണി മുഖർജി

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് തന്നോടൊപ്പം വരാൻ കഴിയാത്തതിൽ മകൾ അദിറ കരഞ്ഞെന്നും അത് 'അനീതിയാണ്' എന്ന് പറഞ്ഞെന്നും വെളിപ്പെടുത്തി നടി റാണി മുഖർജി. പിന്നീട് എങ്ങനെയാണ് അദിറയെ സമാധാനിപ്പിച്ചതെന്നും ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെ റാണി പങ്കുവെച്ചു. ചടങ്ങിൽ മകളുടെ പേരിന്റെ ആദ്യാക്ഷരങ്ങളുള്ള ഒരു മാല ധരിച്ചതിനെക്കുറിച്ചും അവർ സംസാരിച്ചു.
14 വയസ്സിൽ താഴെ പ്രായമായതിനാലാണ് അദിറയ്ക്ക് ചടങ്ങിന്റെ ഭാഗമാകാൻ കഴിയാതിരുന്നതെന്ന് റാണി പറഞ്ഞു. 'അവൾ വാവിട്ടു കരയുകയായിരുന്നു. ദേശീയ പുരസ്‌കാര ചടങ്ങിന്റെ ഭാഗമാകാൻ അവൾ ആഗ്രഹിച്ചു. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.
എന്റെ കൂടെ വരാൻ കഴിയില്ലെന്ന് എനിക്കവളോട് പറയേണ്ടി വന്നു. അപ്പോൾ അവൾ പറഞ്ഞു അത് വളരെ അനീതിയാണെന്ന്, കാരണം 'അമ്മയെ ഓർത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്, അമ്മയുടെ ഈ പ്രത്യേക ദിവസത്തിനായി ഞാനൊരു ചിത്രം വരച്ചിട്ടുമുണ്ട്' എന്നവൾ പറഞ്ഞിരുന്നു. 'വിഷമിക്കേണ്ട, എന്റെ ഈ പ്രത്യേക ദിവസം നീയും എന്റെ കൂടെയുണ്ടാകും' എന്ന് ഞാൻ അവളോട് മറുപടിയും പറഞ്ഞു.
റാണി മാലയണിഞ്ഞ ക്ലിപ്പുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ വീഡിയോകൾ കാണിച്ചപ്പോഴാണ് അദിറയെ സമാധാനിപ്പിക്കാൻ കഴിഞ്ഞതെന്ന് നടി പങ്കുവെച്ചു. 'അവൾ എന്റെ ഭാഗ്യമാണ്. അവളെ എന്റെ കൂടെ കൂട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു, അതിനായി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും അടുത്ത കാര്യം ഇതായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 'റാണി മകളെ കൂടെ കൊണ്ടുപോയി' എന്നെഴുതി റീലുകളും സ്‌നിപ്പെറ്റുകളും ഉണ്ടാക്കിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ അത് അദിറയെ കാണിച്ചു, അതവളെ ശാന്തയാക്കി,' അവർ പറഞ്ഞു.
'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ' എന്ന ചിത്രത്തിലെ അഭിനയത്തിന് റാണിക്ക് തന്റെ ആദ്യത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമാണ് ഇത്തവണ ലഭിച്ചത്. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ചടങ്ങിൽ, ബ്രൗൺ നിറത്തിലുള്ള സാരിയും അദിറയുടെ പേരിന്റെ ആദ്യാക്ഷരങ്ങളുള്ള സ്വർണ്ണമാലയുമാണ് റാണി ധരിച്ചിരുന്നത്. 2014-ലാണ് റാണി ആദിത്യ ചോപ്രയെ വിവാഹം കഴിക്കുന്നത്. 2015-ൽ ദമ്പതികൾക്ക് അദിറ എന്ന മകൾ ജനിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: rani mukherjee reveals daughter adira`s emotional reaction to missing the national film awards ceremony due to age restrictions and how she comforted her.