മഹാനായ അലക്സാണ്ടറെ വിറപ്പിച്ച ഇന്ത്യന്‍ രാജാവ്;അലക്സാണ്ടര്‍ തോല്‍വി സമ്മതിച്ചത് ഒരിക്കല്‍മാത്രം

അലക്സാണ്ടര്‍ ചക്രവര്‍ത്തി (എഐ)
അലക്സാണ്ടര്‍ ചക്രവര്‍ത്തി (എഐ)

ഗ്രീക്ക് രാജ്യമായ മസിഡോണയിലെ രാജാവായിരുന്നു അലക്സാണ്ടര്‍. ഇരുപതാം വയസ്സിലാണ് അദ്ദേഹം രാജാവായത്. പിന്നെ ആയുഷ്‌കാലം നീണ്ട വിശ്രമമില്ലാത്ത പടയോട്ടം. 32 വര്‍ഷം മാത്രം നീണ്ടുനിന്ന ആയുസ്സിനിടെ അദ്ദേഹം പടവെട്ടി ജയിച്ച സാമ്രാജ്യം അദ്ഭുതപ്പെടുത്തുന്നതാണ്. അതിനിടെ ഒരിക്കല്‍പ്പോലും ഒരു യുദ്ധത്തിലും അദ്ദേഹം തോറ്റിട്ടില്ല. അദ്ദേഹം നടപ്പിലാക്കിയ യുദ്ധതന്ത്രങ്ങള്‍ ഇന്നും പഠിക്കപ്പെടുന്നുണ്ട്.

ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗവും തെക്കും മധ്യഭാഗവും അലക്സാണ്ടര്‍ പടവെട്ടി ജയിച്ചു. ഈജിപ്തിലും അദ്ദേഹം ചെന്നു. എവിടെയും തോല്‍വി രുചിക്കാതെയാണ് 326 ബിസിയില്‍ അലക്സാണ്ടര്‍ ഇന്ത്യയിലെത്തുന്നത്. ഇന്‍ഡസ് നദി കടന്നായിരുന്നു അലക്സാണ്ടറിന്റെയും സംഘത്തിന്റെയും ഇന്ത്യയിലേക്കുള്ള വരവ്.

പഞ്ചാബ് പ്രവിശ്യയിലെ പൗരവ രാജ്യത്തിന്റെ രാജാവായിരുന്ന പോറസ്, അലക്സാണ്ടറുടെ അധിനിവേശത്തെ ചെറുത്തു. ഇന്‍ഡസിന്റെ ഭാഗമായ ഝലം നദിക്കും ചെനാബ് നദിക്കും ഇടയിലുള്ള ഭൂപ്രദേശത്തിന്റെ അധിപനായിരുന്നു പോറസ്. പ്രതാപശാലിയായ തക്ഷശില രാജാവ് അംബി, അലക്സാണ്ടറിനു മുന്നില്‍ വിനീതനായപ്പോഴാണ് പോറസ് യുദ്ധത്തിന് ധൈര്യം കാട്ടിയത്.

ഝലം നദീതീരത്ത് പൗരവസൈന്യവും മാസിഡോണിയന്‍ സൈന്യവും ഏറ്റുമുട്ടി. ഹൈഡസ്പേസ് എന്നാണ് ഗ്രീക്ക് ഭാഷയില്‍ ഝലം നദി അറിയപ്പെടുന്നത്. ബാറ്റില്‍ ഓഫ് ഹൈഡസ്പേസ് എന്ന് ഈ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. 

ആനപ്പടയായിരുന്നു പോറസിന്റെ കരുത്ത്. ഗ്രീക്ക് സൈന്യത്തിന് ആനകളെ എതിര്‍ത്ത് പരിചയമില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ മുന്‍തൂക്കം പോറസിനായിരുന്നു. എന്നാല്‍ അലക്സാണ്ടറുടെ പരിചയസമ്പത്തും യുദ്ധതന്ത്രങ്ങളും യുദ്ധത്തിന്റെ ഗതി മാറ്റി. അന്തിമ ജയം അലക്സാണ്ടറിനായിരുന്നു.

പോറസിന്റെ യുദ്ധവീര്യം അലക്സാണ്ടറുടെ ആദരവ് പിടിച്ചുപറ്റി. പിടിച്ചെടുത്ത രാജ്യം മടക്കിക്കൊടുത്തു. അദ്ദേഹത്തെ എല്ലാ ബഹുമാനത്തോടെയും മടക്കിയയക്കുകയും ചെയ്തു. അലക്സാണ്ടറുടെ സൗഹൃദരാജ്യമായി പൗരവരാജ്യം മാറി.

യുദ്ധം ജയിച്ചെങ്കിലും ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനോ വെട്ടിപ്പിടിക്കാന്‍ നടത്താനോ അലക്സാണ്ടര്‍ക്ക് സാധിച്ചില്ല. പോറസിനെതിരായ യുദ്ധം അദ്ദേഹത്തിന്റെ സൈന്യത്തെ വല്ലാതെ തളര്‍ത്തി. തീവ്ര ഗൃഹാതുരത ബാധിച്ച സൈനികര്‍ തമ്മിലടിയായി. അവര്‍ ഇനിയങ്ങോട്ട് യുദ്ധം തുടരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അലക്സാണ്ടര്‍ക്ക് മടങ്ങേണ്ടി വന്നു. അങ്ങനെ യുദ്ധത്തില്‍ തോറ്റെങ്കിലും അലക്സാണ്ടറുടെ മനോബലം തകര്‍ക്കാന്‍ പോറസിന് സാധിച്ചു.

അലക്സാണ്ടറുടെ മരണശേഷം ഗ്രീസില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹം കീഴടക്കിയ ഭൂമിക്കായി അനുയായികള്‍ തമ്മിലടിച്ചു. അധികാരഭ്രമത്തില്‍ മതിമറന്ന അലക്സാണ്ടറുടെ ജനറല്‍മാരില്‍ ഒരാളായ എന്‍ഡമസ് പോറസിനെ കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: Discover the story of Porus, the Indian king who forced Alexander the Great to retreat from India. Learn about their epic battle and Porus`s remarkable courage.