കൂട്ടിയിട്ടു കത്തിച്ചും നെടുകെ പിളർന്നും പ്ലക്കോ മത്സ്യങ്ങളെ കൊന്നൊടുക്കുമ്പോൾ

പ്ലെക്കോ മത്സ്യം
പ്ലെക്കോ മത്സ്യം

ഇന്തോനേഷ്യയിൽ ഒരു പ്രത്യേകതരത്തിൽ പെട്ട മത്സ്യത്തെ കൂട്ടിയിട്ടു കത്തിക്കുന്നതും നെറുകെ പിളർന്നുകൊല്ലുന്നതുമെല്ലാം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടിട്ടുണ്ടാവും. എഐ വീഡിയോ ആണോയെന്ന് ചിലരെങ്കിലും കരുതിയിട്ടുമുണ്ടാവും. പറഞ്ഞുവരുന്നത് പ്ലെക്കോ മത്സ്യങ്ങളെ(pleco fish)ക്കുറിച്ചാണ്.

മത്സ്യം വളർത്തുന്നവർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു പ്ലെക്കോകൾ, അക്വേറിയം ക്ലീൻ ചെയ്യാനും മറ്റുമായി വളർത്തുന്ന ഒരുതരം കാറ്റ്ഫിഷാണിത്. തെക്കേ അമേരിക്കയിലെ ആമസോൺ മേഖലയിൽ കഴിഞ്ഞിരുന്ന പ്ലെക്കോകളെ അക്വേറിയം വ്യാപാരത്തിലൂടെയാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്നത്. ഇന്തോനേഷ്യയിലും അവയെത്തിയത് ഇത്തരത്തിൽ തന്നെ. പതിയെ അക്വേറിയത്തിൽ നിന്ന് ഇവ ജലാശയങ്ങളിലും എത്തിത്തുടങ്ങി. വളർത്തുമത്സ്യങ്ങളെ അക്വേറിയങ്ങളിൽ നിന്ന് പുഴയിൽ ഉപേക്ഷിക്കുന്ന ശീലം ലോകത്താകമാനമുള്ള മത്സ്യപ്രേമികൾക്കുണ്ട്. വിശാലമായി നീന്തിത്തുടിച്ച് അവർ വളരട്ടെയെന്ന ചിന്തയാവാം ഇതിനു പിന്നിലെങ്കിലും അത് വരുത്തിവെക്കുന്നത് ഒരു ആവാസവ്യവസ്ഥയുടെ തന്നെ വിനാശമാണ്. ഇന്തോനേഷ്യയും സംഭവിച്ചത് ഇതുതന്നെ.

മത്സ്യപ്രേമികളുടെ കൗതുകത്തിനപ്പുറം പ്ലക്കോകൾക്ക് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. ഇവയെ വേട്ടയാടുന്ന ജീവികളില്ലെന്നതാണ് അതിലൊന്ന്. പിന്നെ ഏതു സാഹചര്യത്തിലും വംശവർധനവ് നടത്താനുള്ള കഴിവ്. ആഫ്രിക്കൻ മുഴുവിനെപ്പോലെ അധിനിവേശസ്വഭാവമുള്ളവരാണ് ഇക്കൂട്ടരും. ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും പറയുന്നതനുസരിച്ച് പ്ലെക്കോകൾ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്. പെൺമത്സ്യത്തിന് ആയിരക്കണക്കിന് മുട്ടകളിടാൻ കഴിവുണ്ട്, മലിനജലത്തിലും കുറഞ്ഞ ഓക്സിജൻ ഉള്ള സാഹചര്യങ്ങളെയും അതിജീവിക്കും. സ്വദേശി മത്സ്യവർഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും നാശത്തിലേക്ക് ഇത് വഴിവെച്ചു. നദീതീരങ്ങളിൽ കുഴികളുണ്ടാക്കുന്ന പ്ലെക്കോകൾ മണ്ണൊലിപ്പിനും കാരണക്കാരായി. ചിലയിടങ്ങളിൽ ഇവയെ ഭക്ഷണമാക്കുന്നുണ്ട്. എന്നാൽ ഈ മത്സ്യങ്ങളിൽ ലെഡ്, മെർക്കുറി പോലുള്ള വിഷലോഹങ്ങളും അപകടകരമായ ബാക്ടീരിയകളും അടങ്ങിയിരിക്കാമെന്ന മുന്നറിയിപ്പുമുണ്ട്.

വ്യാവസായിക മാലിന്യങ്ങൾ, മലിനജലം, വിഷലോഹങ്ങൾ എന്നിവ നദികളിലേക്ക് ഒഴുകുന്നത് പ്ലെക്കോകൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണത്രേ. അതിനാൽ പ്ലെക്കോകളുടെ ആധിപത്യം നദികളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്തോനേഷ്യയിലെ പ്ലെക്കോ മത്സ്യങ്ങളെ തുരത്താനുള്ള പോരാട്ടത്തിന് സർക്കാർ തന്നെ മുൻകൈ എടുത്തത്.

ജക്കാർത്ത ഉൾപ്പെടെയുള്ള നഗരങ്ങളിലെ നദികളിൽ നിന്ന് മത്സ്യങ്ങളെ പിടികൂടി നശിപ്പിക്കുന്ന പദ്ധതികളാണ് നടത്തുന്നത്. മലിനീകരണം രൂക്ഷമായ സിലിവുങ് നദിയിൽ നിന്ന് നിരവധി ടൺ പ്ലെക്കോകളെയാണ് നീക്കം ചെയ്തത്. ശുചീകരണ തൊഴിലാളികൾ, പരിസ്ഥിതി ഏജൻസികൾ, നാട്ടുകാർ, സൈനികർ തുടങ്ങിയവരെല്ലാം ദൗത്യത്തിന്റെ ഭാഗമാണ്.

ജലാശയങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ കൊല്ലാൻ പല രീതികളാണ് സ്വീകരിക്കുന്നത്.

വലിയ കുഴികളുണ്ടാക്കി മത്സ്യങ്ങളുടെ തലവെട്ടി അതിൽ നിക്ഷേപിച്ച്, കുഴിനിറഞ്ഞാൽ മൂടുന്നതാണ് ഒരു രീതി. മെഷീൻ വെച്ച് രണ്ടായി പിളർത്തിയും കത്തിച്ചുമെല്ലാം ചിലർ കൊല്ലുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ചിലർ മത്സ്യങ്ങളെ ജീവനോടെ മണ്ണിലടക്കാറുണ്ട്. വെയിലത്തിട്ട് ഉണക്കിക്കൊല്ലുന്നതും കെമിക്കലുകൾ ഉപയോഗിക്കുന്നതും മറ്റു രീതികളാണ്. പ്ലെക്കോ മത്സ്യങ്ങളെ കൂട്ടത്തോടെ കൊല്ലുന്ന നടപടികൾക്കെതിരെ മൃഗക്ഷേമ പ്രവർത്തകർ എതിർപ്പുമായി രംഗത്തുണ്ട്. 

പരിസ്ഥിതി സംഘടനകൾ പറയുന്നതനുസരിച്ച് പ്ലെക്കോ മത്സ്യങ്ങളെ കൊന്നൊടുക്കുന്നത് മാത്രം പ്രശ്നത്തിന് പരിഹാരമല്ല. നദിമലിനീകരണം കുറയ്ക്കുക, വിദേശ മത്സ്യവർഗങ്ങളെ പ്രകൃതിയിലേക്ക് വിട്ടയക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ നടപടികളും പ്രധാനമാണ്.

പ്ലെക്കോ മത്സ്യത്തിനെതിരായ ഇന്തോനേഷ്യയുടെ പോരാട്ടം നദികളെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pleco fish are invasive species causing ecological destruction in Indonesian rivers., Aquarium owners releasing fish into the wild has triggered this environmental crisis., Plecos thrive in polluted waters and outcompete native species., The fish pose health risks due to accumulation of heavy metals like lead and mercury., Indonesian authorities are actively conducting mass removal campaigns in rivers like Ciliwung.