ആരാണ് പോള വൈറ്റ്? ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ്

പോളയും ട്രംപും | Getty Images
പോളയും ട്രംപും | Getty Images

വൈറ്റ് ഹൗസില്‍ 'വിശ്വാസകാര്യാലയം' തുറന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവിയിലെത്താന്‍ തന്നെ സഹായിച്ച യാഥാസ്ഥിതികരുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ഉദ്ദേശ്യം. വിശ്വാസപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള വൈറ്റ്ഹൗസിലെ കാര്യാലയത്തിന്റെ ചുമതല തന്റെ സ്വകാര്യ പാസ്റ്ററും സുഹൃത്തുമായ പോള വൈറ്റിനെ ട്രംപ് ഏല്‍പ്പിക്കുകയും ചെയ്തു. ടെലിവാഞ്ജലിസ്റ്റാണ് പോള വൈറ്റ് കെയ്ന്‍- ടെലിവിഷന്‍ വഴി വിശ്വാസപരമായ സന്ദേശങ്ങളും ഉപദേശങ്ങളും നല്‍കിവരുന്ന വ്യക്തി. 

2016-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, വിശ്വാസികള്‍ക്കിടയില്‍ പിന്തുണ വര്‍ധിപ്പിക്കുന്നതിനായി ദീര്‍ഘകാല ആത്മീയ ഉപദേശകയായ പോള, ട്രംപിനെ സഹായിച്ചിരുന്നു. 2016 മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചുവരുന്നു.   

വ്യക്തിജീവിതം
1966-ല്‍ മിറ ജൊവാനലിന്റെയും ഡൊണാള്‍ഡ് പോള്‍ ഫറിന്റെയും മകളായി മിസ്സിസ്സിപ്പിയിലാണ് പോള ജനിക്കുന്നത്. കളിപ്പാട്ടങ്ങളുടെയും കരകൗശലവസ്തുക്കളുടെയും കട നടത്തുകയായിരുന്നു അച്ഛനമ്മമാര്‍. പോളയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അച്ഛന്റെ മരണത്തോടെ കുടുംബത്തിനുള്ള വരുമാനവും നിലച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ അമ്മ മദ്യത്തിനടിമയായി. പോളയും സഹോദരനും അമ്മയും കൊടിയ ദാരിദ്ര്യത്തിലായി. 

അമ്മ ജോലിക്കു പോകുമ്പോഴെല്ലാം കെയര്‍ടേക്കര്‍മാരാണ് പോളയേയും സഹോദരനേയും നോക്കിയിരുന്നത്. ആറുവയസ്സിനും 13 വയസ്സിനുമിടെ പലയിടങ്ങളില്‍ വെച്ച് പലതവണ താന്‍ ലൈംഗികപീഡനത്തിനും ശാരീരികപീഡനത്തിനും ഇരയാക്കപ്പെട്ടുവെന്ന് പോള പറഞ്ഞിട്ടുണ്ട്. അയല്‍ക്കാരും കെയര്‍ടേക്കര്‍മാരുമെല്ലാം ഉപദ്രവിച്ചവരില്‍ പെടും. ആ സമയത്ത് ഈറ്റിങ് ഡിസോര്‍ഡറായ ബുളീമിയയും പോളയെ ബുദ്ധിമുട്ടിച്ചു. അമ്മ പിന്നീട് യു.എസ്. നേവി ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു, കുടുംബം വാഷിങ്ടണ്‍ ഡി.സി.യിലേക്ക് മാറി. പോളയ്ക്ക് ഒന്‍പതുവയസ്സായിരുന്നു അന്ന്. 

1984-ലാണ് പോള 'ഡമാസ്‌കസ് ചര്‍ച്ച് ഓഫ് ഗോഡി'ല്‍ വെച്ച് പരിവര്‍ത്തനം ചെയ്യുന്നത്. മതപരിവര്‍ത്തനത്തിനു പിന്നാലെ തനിക്ക് ദൈവദര്‍ശനമുണ്ടായെന്ന് പോള പറയുകയായിരുന്നു. മൂന്നുതവണ വിവാഹിതയായ പോള ആഡംബര വസതിയിലാണ് താമസം. പോളയുടെ കാര്യത്തില്‍ വിശ്വാസികളും രണ്ടുതട്ടിലാണ്. വിശ്വാസകാര്യാലയത്തിലേക്ക് പോളയെ കൊണ്ടുവരാനുള്ള തീരുമാനത്തെ ഒട്ടേറെ മതവിശ്വാസികള്‍ എതിര്‍ക്കുന്നുണ്ട്. പോളയെപ്പോലെയുള്ളവരെ ഉയര്‍ത്തിക്കാട്ടി ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്തതുപോലെ ക്രിസ്തുമതത്തിനും തുരങ്കം വയ്ക്കുകയാണെന്ന് ചിലര്‍ വാദിക്കുന്നു.
 

Content Highlights: who is paula white, trumps spiritual advisor at whitehouse