'എനിക്ക് ആർത്തവമാണെന്ന് ഒടുവിൽ ഉറക്കെ പറയേണ്ടി വന്നു'

പാർവതി തിരുവോത്ത് / മാതൃഭൂമി
പാർവതി തിരുവോത്ത് / മാതൃഭൂമി

'മരിയാൻ' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. ആ സെറ്റിൽ അടിസ്ഥാനസൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവർ പറയുന്നു.

ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പാർവതി. 'എപ്പോഴെങ്കിലും സെറ്റിൽവെച്ച് ഇത് ആർത്തവസമയമാണെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടോ' എന്ന് അവതാരകൻ ചോദിച്ചു. അതിന് പാർവതി പറഞ്ഞ മറുപടി 'യെസ്' എന്നായിരുന്നു. അതിനുശേഷം അവർ ആ അനുഭവം വിശദീകരിച്ചു. ''തമിഴിൽ മരിയാൻ എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. ഞാൻ വെള്ളത്തിൽ പൂർണമായും നനഞ്ഞ്, നായകനുമായി റൊമാൻസ് ചെയ്യുന്നതാണ് ആദ്യദിവസത്തെ ഷൂട്ടിങ്. അവർ സീൻ ചിത്രീകരിക്കുമ്പോൾ വെള്ളം പിന്നെയും പിന്നെയും ഒഴിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. മാറാനുള്ള വസ്ത്രമൊന്നും എന്റെ കൈയിലില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ കാര്യങ്ങൾ നോക്കാൻ കൂടെ വേറെ ആളുകളുമില്ല. ഒരു ഘട്ടമെത്തിയപ്പോൾ ഹോട്ടൽറൂമിൽ തിരിച്ചുപോയി എനിക്ക് വസ്ത്രം മാറണമെന്ന് പറയേണ്ടിവന്നു. 'പറ്റില്ല, ഞങ്ങൾക്ക് സമയമില്ല' എന്നാണ് അവർ പറഞ്ഞത്. ഒടുവിൽ എനിക്ക് ഉറക്കെ പറയേണ്ടിവന്നു, എനിക്ക് പീരിയഡ്‌സ് ആണെന്ന്. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു'', പാർവതി ഓർക്കുന്നു. ഭരത് ബാല സംവിധാനം ചെയ്ത 'മരിയാൻ' നിർമിച്ചത് വി.രവിചന്ദ്രനാണ്.

പ്രഥമദൃഷ്ട്യാ കുറ്റക്കാർ, ഐ നോബഡി, ഹൃത്വിക് റോഷൻ നിർമിക്കുന്ന ആദ്യചിത്രമായ 'ദി സ്‌റ്റോം' എന്നിവയാണ് പാർവതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Parvathy Thiruvothu recounts a difficult experience on the sets of `Mariyaan`, where lack of facilities forced her to speak out about her periods