ഭരണഘടനയുടെ ആമുഖം പങ്കിട്ട് പ്രതിഷേധവുമായി പാര്‍വതി തിരുവോത്ത്, ആഷിക് അബു, റിമ കല്ലിങ്കൽ

ബോളിവുഡിലെയും തെന്നിന്ത്യയിലെയും വന്‍ താരനിര അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ, ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് മലയാളി താരങ്ങള്‍. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
'നമ്മുടെ ഇന്ത്യ' എന്നെഴുതി കൂപ്പുകൈകളുടെ ഇമോജിയിട്ടാണ് പാര്‍വതി പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ ജയ് ശ്രീറാം വിളികളുമായി പാര്‍വതിയുടെ കമന്റ് ബോക്‌സില്‍ ഒട്ടേറെപ്പേര്‍ വിമര്‍ശനവുമായെത്തി.
സാമൂഹികമാധ്യമങ്ങളിലുടനീളം ഭരണഘടനാ ആമുഖവും ബാബരി മസ്ജിദിന്റെ ചിത്രവും പങ്കിട്ടുകൊണ്ട് ഒട്ടേറെപ്പേര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
'ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന് ആഷിഖ് അബുവും 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. രാംചരണും രജനീകാന്തുമടക്കം ദക്ഷിണേന്ത്യയില്‍ നിന്ന് ഒട്ടേറെപ്പേര്‍ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 8000-ത്തോളം പേർക്കാണ് രാമക്ഷേത്ര ചടങ്ങിലേക്കു ക്ഷണം ലഭിച്ചത്. കേരളത്തില്‍നിന്ന് പി.ടി.ഉഷയടക്കം നാല്‍പ്പത് പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
പാ രഞ്ജിത്തിന്റെ തങ്കലാന്‍ എന്ന ചിത്രമാണ് പാര്‍വതിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. വിക്രം, പശുപതി, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: parvathy thiruvoth rima kallingal ashik abu ram mandhir pratishta