ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ സ്ത്രീ-പുരുഷ അനുപാതം തുല്യമാകുന്നു, ഈ ഒളിമ്പിക്‌സ് ചരിത്രം

--
--

മുപ്പത്തിമൂന്നാം ഒളിമ്പിക്‌സിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസാണ് ഒളിമ്പിക്‌സ് വേദി.  സ്ത്രീ-പുരുഷ അനുപാതം തുല്യമാകുന്ന ചരിത്രത്തിലെ ആദ്യ ഒളിമ്പിക്‌സാണെന്ന പ്രത്യേകത ഇത്തവണത്തെ മേളയ്ക്കുണ്ട്. 329 ഇനങ്ങളിലായി 10500 അത്‌ലറ്റുകളാണ് പാരീസില്‍ മത്സരിക്കുക. ഇതില്‍ നേര്‍പകുതി വനിതാ അത്‌ലറ്റുകളാണ്.
 
കണക്കുകള്‍ ഇങ്ങനെ
1896-ല്‍ ആദ്യമായി ആധുനിക ഒളിമ്പിക്‌സിന് ഗ്രീക്ക് നഗരം ആതന്‍സ് വേദിയാകുമ്പോള്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നില്ല. നാലുവര്‍ഷം കഴിഞ്ഞ് പാരീസിലെത്തിയപ്പോള്‍ സ്ത്രീകള്‍ മത്സരിച്ചു. അഞ്ച് ഇനങ്ങളിലായി 22 സ്ത്രീകള്‍. ആകെ അത്‌ലറ്റുകളുടെ 2.2 ശതമാനം മാത്രം.
ഇതില്‍ വ്യക്തിഗത ഇനങ്ങളായി ഉണ്ടായിരുന്നത് ടെന്നീസും ഗോള്‍ഫും മാത്രം. 
1904-ലെ മൂന്നാമത്തെ ഒളിമ്പിക്‌സിന് സ്ത്രീകളുടെ പ്രാധിനിത്യം പിന്നെയും കുറഞ്ഞു. 1.8 ശതമാനം ആയി ചുരുങ്ങി. പിന്നീടുളള ഓരോ ഒളിമ്പിക്‌സിലും സ്ത്രീ അത്‌ലറ്റുകളുടെ എണ്ണം വര്‍ധിച്ചു. മത്സരങ്ങളുടെ എണ്ണവും കൂടി. 1952- ഹെല്‍സിങ്കി ഒളിമ്പിക്‌സിലാണ് സ്ത്രീകളുടെ പ്രാതിനിധ്യം പത്ത് ശതമാനത്തിന് മുകളിലേക്ക് വരുന്നത്. 1976- മോണ്‍ഡ്രിയല്‍ ഒളിമ്പിക്‌സില്‍ 20, 1996 അറ്റ്‌ലാന്റയില്‍ 30, 2004 ആതന്‍സില്‍ 40 ശതമാനം എന്നിങ്ങനെയായി പ്രാതിനിധ്യം ഉയര്‍ന്നു.2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബോക്‌സിങ് മത്സരങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതോടെ സ്ത്രീ പ്രാതിനിധ്യം 44.2 ശതമാനത്തിലേക്ക് കുതിച്ചു. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സ് ആയപ്പോഴെക്കും സ്ത്രീ-പുരുഷ തുല്യത ഏറെക്കുറെ അടുത്തു. 47.8 ശതമായിരുന്നു ടോക്യോയിലെ സ്ത്രീ പ്രാതിനിധ്യം. ഇത്തവണ പാരീസ് ചരിത്രനേട്ടത്തിലേക്ക് എത്തിച്ചു.


 

Content Highlights: Paris 2024 sets milestone as first Olympics to achieve full gender equali