ഓണത്തിന് ജൈവപൂക്കൾ; വിഷമടിക്കാത്ത പൂക്കൾ പരീക്ഷിച്ച് നിറവിലെ സ്ത്രീകൾ

ഓണക്കാലത്ത് നമ്മുടെ നാട്ടിൽ ഒരുപാട് പൂക്കൾ വിരിയാറുണ്ട്. പക്ഷേ, പൂക്കളത്തിൽ നാടൻ പൂക്കളെ കൊണ്ടുവരാൻ അധികമാളുകൾ മിനക്കെടാറില്ല. പൂക്കളം ഭരിക്കുന്നവർ തമിഴ്നാട്ടുകാരായ ചെട്ടിയും ജമന്തിയും വാടാർമല്ലിയുമൊക്കെയായിരിക്കും. വീട്ടിൽ ചെടികളില്ലാത്തവർക്കും എത്രവേണമെങ്കിലും പൂ വാങ്ങാമെന്നതും പെട്ടെന്ന് വാടിപ്പോവില്ലെന്നതും ഈ പൂക്കളുടെ മേന്മയാണ്. എന്ത് പരിപാടികളുണ്ടെങ്കിലും തമിഴ് പൂക്കൾ സമയത്തിനെത്തുന്നതുകൊണ്ട് പൂക്കൾക്കിവിടെ ക്ഷാമവുമില്ല.
തമിഴ് പൂക്കളോടുള്ള മലയാളിയുടെ സ്നേഹമുൾക്കൊണ്ട് കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഇത്തവണ പൂക്കൃഷിയിറക്കി. നാട്ടിൽ നിന്ന് പറിച്ചെടുക്കുന്ന ജൈവപൂക്കൾ (organic flowers) കൊണ്ട് ഇത്തവണ പൂക്കളമൊരുക്കണമെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. രണ്ടിനം ചെട്ടിപ്പൂക്കളാണ് ഇവർ കൃഷി ചെയ്തത്. ചുക്കാൻ പിടിച്ചത് നിറവ് റസിഡൻസിലെ ഏഴ് വനിതകളും- ബിന്ദു അജിത്കുമാർ, രത്നപ്രഭ മോഹനൻ, സുഷീജ പ്രദീപ്കുമാർ, പ്രസില ദിനേഷ്, പ്രസീത ചന്ദ്രൻ, ജിഷ ബൈജുനാഥ്, ബിന്ദു ധർമരാജ്.
നിറവിനായി വേങ്ങേരി മാർക്കറ്റിനോടു ചേർന്ന ഒരേക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നുണ്ട്. ഇത്തവണ ഈ നിലത്തിന്റെ ചെറിയൊരു ഭാഗത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പൂക്കൃഷി. ജൈവപച്ചക്കറികൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ച് പേരെടുത്ത നിറവ്, വിഷമടിക്കാത്ത ജൈവപൂക്കളിലേക്കും ചെറിയൊരു ചുവടുവെപ്പ് നടത്തുകയായിരുന്നു.
ജൂൺ 18-ന് കോഴിക്കോട് മേയർ ഒ സദാശിവൻ തൈനട്ടുകൊണ്ട് ദൗത്യം ഉദ്ഘാടനം ചെയ്തു. സബ്സിഡി റേറ്റിൽ ഒന്നേകാൽ രൂപയ്ക്ക് തൈ കൃഷിവകുപ്പിൽ നിന്ന് കിട്ടി. 1300 തൈകളാണ് നട്ടത്. നിലമൊരുക്കാൻ തൊഴിലുറപ്പ് ജോലിക്കാരുടെയും സഹായംതേടി. ചാണകപ്പൊടിയും എല്ലുപൊടിയും മാത്രമാണ് വളമായി ഉപയോഗിച്ചത്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളിൽ സ്വയം പര്യാപ്തത നേടിയവരാണ് നിറവിലെ കുടുംബങ്ങൾ. പൂക്കൃഷി പൂർണമായും കൃഷിവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു. ഏകദേശം 10000 രൂപ മൊത്തം ചെലവു വന്നു.
മഴ നിർത്താതെ പെയ്തത് കൃഷിയെ ചെറുതായി ബാധിച്ചു. പൂന്തോട്ടത്തിൽ വെള്ളം കയറി. വെള്ളം പോവാതെ നിന്നപ്പോൾ ചെടിയെല്ലാം പോയെന്ന് വിചാരിച്ചതാണ്. പക്ഷേ, നഷ്ടമായില്ല. എങ്കിലും, ഓണക്കാലത്തേക്ക് പൂക്കൾ പൂർണമായും വിടർന്നുകിട്ടിയില്ലെന്നൊരു ചെറിയ വിഷമവുമുണ്ട്. ഞായറാഴ്ച വിളവെടുപ്പുത്സവം നടത്താനാണ് പദ്ധതി. എന്തായാലും ആവശ്യത്തിന് എടുത്ത ശേഷം ജൈവപൂക്കൾ ഇവരുടെ വിൽപനകേന്ദ്രം വഴി വിതരണം ചെയ്യും. ഓണക്കാലം കഴിഞ്ഞാൽ മറ്റാവശ്യങ്ങൾക്കായും പൂക്കൾ മാർക്കറ്റിലെത്തിക്കും.
പൂ വിരിഞ്ഞുകണ്ടപ്പോൾ ഒരു സന്തോഷം തോന്നിയെന്നും അടുത്ത വർഷത്തേക്ക് കുറച്ചുകൂടി വലിയ രീതിയിൽ, കുറച്ചുകൂടി നേരത്തെ ചെടി നടണമെന്നാണ് പദ്ധതിയെന്നും വനിതാ സംഘം പറയുന്നു. ഇതിനെപ്പറ്റി ആഴത്തിൽ പഠിക്കാനും ആലോചിക്കുന്നുണ്ട്. ഇത്തവണ അൽപം വൈകിയതുകൊണ്ടുകൂടിയാവാം, ഓണക്കാലത്തേക്ക് മുഴുവൻ ചെടികളും പൂത്തില്ല. പൂവായാലും പച്ചക്കറിയായാലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാമെന്ന ആശയം ഒന്നുകൂടി ഉറപ്പിക്കാൻ തങ്ങൾക്കായെന്നും ഇവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Niravu women farmers in Kozhikode cultivated organic flowers for Onam., Cultivated 1300 saplings on leased land using natural fertilizers like cow dung and bone meal., Aims to promote chemical-free local flowers as an alternative to imported ones., Plans to expand the flower cultivation on a larger scale next year.