നീന ഗുപ്ത രാത്രിയിൽ റോട്ടി കഴിക്കുന്നത് നിർത്തി; അതിനു കാരണമിതാണ്

നല്ല ഭക്ഷണം ആസ്വദിക്കുകയും, അടുക്കളയിലെ വിശേഷങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ് നടി നീന ഗുപ്ത. വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമായാലും, താൻ തന്നെ തയ്യാറാക്കുന്ന വിഭവങ്ങളായാലും, താൻ കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താരം പലപ്പോഴും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞദിവസമാണ് നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ മാത്രം ചേർത്തുകൊണ്ട്, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് അവർ പങ്കുവെച്ചത്. കുറച്ച് ചേരുവകൾ മാത്രം ആവശ്യമായി വരുന്ന, ലഘുവായ അത്താഴത്തിന്റെ പാചകക്കുറിപ്പാണ് നീന പോസ്റ്റ് ചെയ്തത്.

പനീർ ചേർത്തുണ്ടാക്കുന്ന ഈ വിഭവം തയ്യാറാക്കുന്ന വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അതിനൊപ്പം തന്റെ പതിവ് അത്താഴശീലത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും അവർ ആദ്യം സംസാരിച്ചു. ''രാത്രിയിൽ ലഘുവായ എന്തെങ്കിലും കഴിക്കാനാണ് ആഗ്രഹം. പണ്ട് ഞാൻ റോട്ടിയായിരുന്നു കഴിച്ചിരുന്നത്. എന്നാലിപ്പോൾ ചോറ്-പനീർ വിഭവമാണ് കഴിക്കുന്നത്. റോട്ടിയേക്കാൾ കുറച്ചുകൂടി ലഘുവാണിത്'', വീഡിയോയിൽ അവർ പറഞ്ഞു. പനീറും വെളുത്തുള്ളിയും ചേർത്താണ് ഇതുണ്ടാക്കുന്നത്. എന്നാൽ രാത്രിയിൽ വെളുത്തുള്ളി കഴിക്കുന്നത് വയറിന് ഭാരം തോന്നുന്ന അവസ്ഥയുണ്ടാക്കിയേക്കാം. അതുകൊണ്ട് അധികം വെളുത്തുള്ളി ചേർക്കരുതെന്നും അവർ പറയുന്നു.

തയ്യാറാക്കുന്നതിങ്ങനെ:

ഈ വിഭവം തയ്യാറാക്കുന്നതിനായി, ആദ്യം ഒരു പാനിൽ അല്പം ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കണം. തുടർന്ന് അതിലേക്ക് കുറച്ച് വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത തക്കാളിയും ശേഷം കുറച്ച് ചില്ലി ഫ്‌ളേക്‌സും കുരുമുളകുപൊടിയും ചേർക്കാം.

ചേരുവകൾ അധികനേരം വഴറ്റാതെ, പാകത്തിന് മാത്രം വേവിച്ചെടുക്കണം. മിശ്രിതം തയ്യാറായാൽ അതിലേക്ക് ഉപ്പ് ചേർത്ത്, തുടർന്ന് തീ കുറച്ചുവെച്ച് വെള്ളം ഒഴിക്കാം.

വെള്ളം തിളച്ചുതുടങ്ങുമ്പോൾ, വിഭവത്തിന് രുചി കൂട്ടാനായി ബേസിൽ, തൈം, ഒറിഗാനോ എന്നിവ ചേർക്കാം. ശേഷം, വീട്ടിൽ തയ്യാറാക്കിയ പനീർ കൂടി പാനിലേക്ക് ഇട്ട്, തക്കാളി ചേർത്ത മിശ്രിതത്തിനൊപ്പം വേവിക്കണം. അവസാന ഘട്ടമായി, വേവിച്ച ചോറ് കൂടി ചേർത്താൽ മതി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Neena Gupta shares her healthy lifestyle change of avoiding roti at night., Replaced roti with a light rice and paneer dish for better digestion.