'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല'; നാലുദിവസം മുമ്പ് നാനാ പടേക്കർ പറഞ്ഞതിങ്ങനെ

നാനാ പടേക്കർ | ANI
നാനാ പടേക്കർ | ANI

ബോളിവുഡ് താരം നാനാ പടേക്കറിന് (Nana Patekar) ആദരം അർപ്പിച്ചുകൊണ്ടിരിക്കുകയാണ് സിനിമാപ്രേമികളും ബോളിവുഡും. വ്യാഴാഴ്ച രാവിലെ ഗോവയിലെ വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

നാലുദിവസം മുമ്പായിരുന്നു നാനാ അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ഗോവയിലെ ഡോണാ പോളയിലായിരുന്നു ആ പരിപാടി. പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആരാധകർ വേദനയോടെ ഓർക്കുന്നത്.

എല്ലാവരും എന്നെങ്കിലും പോകേണ്ടവരാണെന്ന് (മരിക്കേണ്ടവരാണെന്ന്) പറഞ്ഞ അദ്ദേഹം, ''നാളെ ഞാൻ ഇവിടെ ഉണ്ടാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല'', എന്നും കൂട്ടിച്ചേർത്തു.

''നമുക്കെല്ലാവർക്കും എന്നെങ്കിലുമൊരിക്കൽ പോകേണ്ടതുണ്ട്. നാളെ ഞാൻ ഇവിടെയുണ്ടാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഓരോരുത്തരുടെയും ജീവിതം ഒടുവിൽ ആ ഘട്ടത്തിലെത്തും. എന്നാൽ അതിനുമുമ്പ്, എനിക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയുന്നുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കേണ്ടതുണ്ട്'', ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് താരം പറഞ്ഞു.

ചെറുപ്പകാലത്ത് രണ്ട് ആഗ്രഹങ്ങളായിരുന്നു വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കറിന്. സിനിമയിൽ അഭിനയിക്കുക, ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുക. ഈ സ്വപ്നങ്ങളെക്കുറിച്ച് കേട്ടപ്പോൾ പലരും അതിനെ ചിരിച്ചുതള്ളി. എന്നാൽ പിൽക്കാലത്ത് ഇതിൽ രണ്ടിലും ആ കുട്ടി പ്രവർത്തിക്കുന്നതാണ് ആളുകൾ കണ്ടത്.

വിശ്വനാഥ് പടേക്കർ എന്നതിനേക്കാൾ നാനാ പടേക്കർ എന്ന പേരാണ് ആളുകൾക്ക് കൂടുതൽ പരിചിതം. മികച്ച അഭിനയത്തിന് മൂന്നുതവണ ദേശീയപുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം. 'ക്രാന്തിവീറി'ലെ അഭിനയത്തിന് മികച്ചനടനുള്ള പുരസ്‌കാരവും 'പരിന്ദ'യിലെയും 'അഗ്‌നിസാക്ഷി'യിലെയും പ്രകടനങ്ങൾക്ക് മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. മുഖ്യധാരാസിനിമകളിലും സമാന്തരസിനിമകളിലും ഒരുപോലെ കഴിവ് തെളിയിച്ച താരം.

നാനാ പടേക്കറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് 'പ്രഹാർ: ദ ഫൈനൽ അറ്റാക്ക്'. സൈനിക ഉദ്യോഗസ്ഥനായിട്ടുള്ള കഥാപാത്രമായിരുന്നു അതിൽ. സൈന്യത്തിന്റെ മറാത്ത ലൈറ്റ് റെജിമെന്റിൽ മൂന്നുവർഷത്തെ സൈനികപരിശീലനത്തിനുശേഷമാണ് ആ കഥാപാത്രത്തെ അദ്ദേഹം ഭംഗിയാക്കിയത്. അതിനുശേഷം ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയുടെ ക്യാപ്റ്റൻ റാങ്കും അദ്ദേഹത്തിന് ലഭിച്ചു. സിനിമയുടെ ചിത്രീകരണസമയത്ത് ജനറൽ വി.കെ.സിങ്ങിനൊപ്പം പരിശീലിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. സിനിമ വമ്പൻഹിറ്റായി. സൈന്യത്തിന്റെ പലരെയും ഈ സിനിമ പ്രചോദിപ്പിച്ചുവെന്ന് നാനാ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതിനിടയിലാണ് 1999-ൽ കാർഗിൽ യുദ്ധമുണ്ടാവുന്നത്. അതോടെ നാനാ പടേക്കറും സൈന്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹവുമായി മുന്നോട്ടുവന്നു.

മുന്നണിയിലുള്ള സൈനികർക്കൊപ്പം ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും, ആവശ്യം നിരസിക്കപ്പെട്ടു. പ്രതിരോധമന്ത്രിക്ക് മാത്രമേ അതിന് അനുമതി നൽകാൻ കഴിയൂ എന്ന് അറിയിച്ചു.

''അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ്ജ് ഫെർണാണ്ടസ് ജിയെ എനിക്ക് പരിചയമുണ്ടായിരുന്നു, അതിനാൽ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹവും പറഞ്ഞത് അത് അസാധ്യമാണെന്നാണ്. കമ്മീഷൻ ലഭിക്കുന്നതിനുള്ള പരിശീലനം സാധാരണയായി ആറുമാസമാണെങ്കിലും, ഞാൻ മൂന്ന് വർഷം പരിശീലനം നേടിയിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട് അത്ഭുതപ്പെട്ട അദ്ദേഹം എന്നോട് അതിനെക്കുറിച്ച് ചോദിച്ചു. മറാത്ത ലൈറ്റ് ഇൻഫൻട്രിയിലുള്ള എന്റെ അനുഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, 'നിങ്ങൾക്ക് എപ്പോഴാണ് പോകേണ്ടത്?' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.' അങ്ങനെയാണ് ഞാനും സൈന്യത്തിന്റെ ഭാഗമാവുന്നത്''.

അവിടുത്തെ കഠിനമായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം ഓർത്തു, ''ശ്രീനഗറിൽ എത്തിയപ്പോൾ എന്റെ ഭാരം 76 കിലോ ആയിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും അത് 56 കിലോയായി കുറഞ്ഞു''.

യുദ്ധസമയത്ത് അദ്ദേഹം സൈന്യത്തിനൊപ്പം ചേരുകയും ചെയ്തു. മറാത്ത ഇൻഫൻട്രി റെജിമെന്റിന്റെ ക്വിക്ക് റിയാക്ഷൻ ടീമിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. പ്രത്യേകപരിശീലനം ലഭിച്ച സംഘമാണ് ക്വിക്ക് റിയാക്ഷൻ ടീം. ഭീകരാക്രമണം മുതൽ പ്രകൃതിദുരന്തം വരെയുള്ള അടിയന്തരഘട്ടങ്ങളിലും അവരെ നിയോഗിക്കും. സൈനികർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തും ആസ്പത്രികളിൽ കഴിയുന്നവരെ ശുശ്രൂഷിച്ചും അദ്ദേഹം അതിർത്തിയിൽ കഴിഞ്ഞു. സിനിമാഭിനയത്തിന് ബ്രേക്ക് കൊടുത്താണ് സൈന്യത്തിനൊപ്പം ചേർന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Veteran Bollywood actor Nana Patekar passed away at his home in Goa following a heart attack. Just four days prior, he delivered a poignant last public speech stating he might not be here tomorrow. He actively served in the Indian Territorial Army and participated during the 1999 Kargil War.