മുന്‍മന്ത്രിയുടെ ക്രൂരത കണ്ട് ഞെട്ടി കസാഖ് ജനത; കൊലപാതകവിചാരണ തത്സമയം സംപ്രേഷണം ചെയ്തു

സല്‍ത്താനത്ത് നുകിനോവ | instagram: advokatzhanna
സല്‍ത്താനത്ത് നുകിനോവ | instagram: advokatzhanna

കസാഖ്‌സ്താനില്‍ മുന്‍ സാമ്പത്തികമന്ത്രി കുവാണ്ടിക് ബിഷിംബയേവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. 31-കാരിയായ സല്‍ത്താനത്ത് നുകിനോവയെ ബിഷിംബയേവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റസ്‌റ്റോറന്റില്‍ നവംബറിലാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. തലേദിവസം മുതല്‍ ദമ്പതിമാര്‍ ഇവിടെ താമസിച്ചിരുന്നു. റസ്റ്റോറന്റില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. കേസിന്റെ വിചാരണ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്തതുവഴി ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ രണ്ടുകോടിയോളം വരുന്ന ജനങ്ങള്‍ തത്സമയം കണ്ടു. രാജ്യത്ത് ഓണ്‍ലൈന്‍ സ്ട്രീമിങ് ചെയ്യുന്ന ആദ്യ കൊലപാതകവിചാരണയാണിത്.

സംഭവം ജനങ്ങള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സുപ്രീം കോടതി നടപടികള്‍ സോഷ്യല്‍ മീഡിയയില്‍ തത്സമയം ആളുകള്‍ കണ്ട് ചര്‍ച്ചയാക്കി. കോടതിയില്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളില്‍ ഒരു കോട്ടും ബൂട്ടും മാത്രം ധരിച്ച ഭാര്യയെ ബിഷിംബയേവ് ആവര്‍ത്തിച്ച് ചവിട്ടുകയും തല്ലുകയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും കാണാം. താടിയെല്ലിന് ശക്തമായി പ്രഹരമേല്‍പ്പിക്കുന്നുണ്ട്. 

എട്ടുമണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് വീഡിയോക്ക്. യുവതി ടോയ്‌ലറ്റില്‍ ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോര്‍ ബിഷിംബയേവ് തകര്‍ത്തുകളഞ്ഞു. അടിയന്തരസേവനങ്ങളുമായി ബന്ധപ്പെടരുതെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ മായ്ച്ചുകളയാനും റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കിയിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുമ്പോഴും 12 മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തുന്നത്, സംഭവസ്ഥലത്തുതന്നെ അവര്‍ മരിച്ചെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു.  

നുകിനോവയുടെ മരണകാരണം പീഡനത്തെത്തുടര്‍ന്നുള്ള മസ്തിഷ്‌കാഘാതമാണ്. മൂക്കിന്റെ അസ്ഥി ഒടിഞ്ഞിരുന്നു. ഒട്ടേറെ ചതവുകളടക്കം കഠിനമായ ശാരീരികപീഡനത്തിന്റെ തെളിവുകളുണ്ടായിരുന്നു. 43- കാരനായ ബിഷിംബയേവിനെതിരെ ക്രൂരപീഡനത്തിനും കൊലപാതകത്തിനും 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന ബിഷിംബയേവ് നുകിനോവ സ്വയം മുറിവേല്‍പ്പിച്ച് മരിക്കുകയായിരുന്നെന്നാണ് നേരത്തേ ആരോപിച്ചിരുന്നത്. മെഡിക്കല്‍ തെളിവുകള്‍ തള്ളിയ പ്രതിഭാഗം നുകിനോവ അക്രമകാരിയും അസൂയയുള്ളവളുമാണെന്നും വാദിച്ചു. പക്ഷേ, ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാദങ്ങൾ പൊളിഞ്ഞു.

ബന്ധുക്കള്‍ പറയുന്നത്
ബിഷിംബയേവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടെന്ന് നുകിനോവ പറഞ്ഞതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ബന്ധം പിരിയാന്‍ അവള്‍ പലതവണ ശ്രമിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളും ചതവുകളുമായി അവളെ പലപ്പോഴും കാണാറുണ്ട്. ഫോണിലെ ഉള്ളടക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടിരുന്നു, തങ്ങളോട് സംസാരിക്കുന്നതില്‍നിന്ന് ബിഷിംബയേവ് അവളെ വിലക്കിയിരുന്നുവെന്നും അവര്‍ പറയുന്നു. ബിഷിംബയേവുമായി പിരിയാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഏപ്രില്‍ മൂന്നിനാണ് വിചാരണ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന കൊലപാതക വിചാരണ പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും ലിംഗസമത്വത്തെക്കുറിച്ചും ഗാര്‍ഹിക പീഡനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. നൂറ്റാണ്ടിന്റെ വിചാരണയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 400-ഓളം സ്ത്രീകള്‍ ഗാര്‍ഹികപീഡനത്താല്‍ രാജ്യത്ത് മരിക്കുന്നുണ്ട്. പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ഥകണക്ക് ഇതിലുമേറെയായിരിക്കുമെന്ന് കരുതപ്പെടുന്നു. ഗാര്‍ഹികപീഡനത്തിനെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് ആയിരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. 

അതേസമയം, ബിഷിംബയേവ് രാജ്യത്തെ സമ്പന്നരായ ഭരണവര്‍ഗത്തിലെ അംഗമായതിനാല്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ പോലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെന്ന് ഭയക്കുന്നവരുമുണ്ട്. ബിഷിംബയേവ് 2017-ല്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ പുറത്തിറങ്ങി. 

Content Highlights: murder trial of politician's wife grips kazakhstan