'ചട്ടി എന്ന് വിളിച്ച് അവരെന്നെ കളിയാക്കി; അക്ഷയ് കുമാറിന്റെ വാക്കുകൾ എന്നും ഓർക്കും'

മൃണാൾ താക്കൂർ / PTI
മൃണാൾ താക്കൂർ / PTI

വർഷങ്ങളായി മൃണാൾ താക്കൂർ തന്റെ ശരീരത്തിന്റെ പേരിൽ കാര്യമായ ട്രോളുകൾ നേരിട്ടിട്ടുണ്ട്. താൻ ബോഡി ഷെയ്മിങ്ങിനിരയായിട്ടുണ്ടെന്ന് അവർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. 'പിയർ ഷെയ്പ്പിലുള്ള ശരീരം' (pear shaped body) ആയതിന്റെ പേരിൽ പലപ്പോഴും 'ചട്ടി (കലം)' എന്ന് തന്നെ ട്രോൾ ചെയ്തിരുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

അന്നൊക്കെ മനസ്സിനോട് ഒരു കാര്യം പറഞ്ഞുപഠിപ്പിച്ചു മൃണാൾ. ''മൃണാൾ, നീ നിന്റെ ശരീരത്തിന്റെ താഴെഭാഗത്തു നിന്ന് ഭാരം കുറയ്‌ക്കേണ്ടതുണ്ട്. പക്ഷേ, അങ്ങനെ കുറച്ചാൽ, മുഖം മെലിയാൻ തുടങ്ങും. പിന്നീട് മുകൾഭാഗത്തുനിന്ന് ഭാരം കുറയും. അപ്പോഴും അതേ ശരീരപ്രകൃതി തന്നെയാവും എനിക്ക്. അതിനാൽ ആളുകൾ എന്നെ കലം എന്ന് വിളിക്കുകയും എനിക്കതിനോട് പ്രതിഷേധം തോന്നുകയും ചെയ്യേണ്ടതിനുപകരം, ഞാൻ അതിൽ അഭിമാനിക്കണം''.

ഇപ്പോൾ വീണ്ടും ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണവർ. ബോഡി ഷെയ്മിങ് തന്റെ ആത്മവിശ്വാസം തന്നെ തകർത്തുവെന്നും അവർ പറയുന്നു. ''എനിക്ക് എന്റേതായ ചില ദിവസങ്ങളുണ്ടായിരുന്നു. കരഞ്ഞുകൊണ്ട് ഉറങ്ങാൻ പോയ ദിവസങ്ങളുണ്ടായിരുന്നു, കരഞ്ഞുകൊണ്ട് തന്നെ ഉറങ്ങിപ്പോയ ദിവസങ്ങൾ'', മൃണാൾ ഓർക്കുന്നു.

''അതിനെ മറികടക്കാൻ എനിക്ക് വളരെയധികം ധൈര്യം വേണ്ടിവന്നു. ഒട്ടും പ്രചോദനം തരാത്ത കുറേ ആളുകളായിരുന്നു എനിക്ക് ചുറ്റുമുണ്ടായിരുന്നത്. വാസ്തവത്തിൽ, ഞാൻ ജിമ്മിൽ പോകുമ്പോൾ, എന്റെ ശരീരം ഒരു 'പത്തിൽ നാല്' (four on ten) എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഒരിക്കൽ ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്ന് എന്നോട് പറഞ്ഞു, 'എനിക്ക് നിങ്ങളുടേതുപോലുള്ള ശരീരം വേണം'. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, 'എനിക്ക് പക്ഷേ നിങ്ങളുടേതുപോലുള്ള ശരീരമാണ് വേണ്ടത്'. അവളുടെ മനസ്സിൽ എന്റെ ശരീരം 'പത്തിൽ പത്ത്' (ten on ten) ആയിരുന്നു. അവളുടെ ആ കാഴ്ചപ്പാട് എന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. 'ഞാൻ എങ്ങനെയാണോ അതിൽ എനിക്ക് സന്തോഷിക്കാൻ കഴിയാത്തതെന്താണ്?', ഞാൻ ചിന്തിച്ചു. ഞാൻ എന്നെത്തന്നെ വിലമതിക്കുന്നുവെങ്കിൽ മാത്രമേ ആളുകൾ എന്നെ വിലമതിക്കൂ എന്ന് ഞാൻ മനസ്സിലാക്കി'', താരം കൂട്ടിച്ചേർത്തു.

ചെറുപ്പത്തിൽ ബോഡി ഷെയ്മിങ് നോർമൽ ആണെന്നാണ് താൻ കരുതിയിരുന്നതെന്നും വലുതായപ്പോഴാണ് അത് അരോചകമാണെന്ന് മനസ്സിലാക്കിയതെന്നും മൃണാൾ ഓർക്കുന്നു. ''ചെറുപ്പത്തിൽ കൂട്ടുകാർ തമ്മിൽ തമാശയായി പലതും പറയുമായിരുന്നു. അന്നതൊരു പ്രശ്‌നമായിരുന്നില്ല. എന്നാലിപ്പോൾ ആ ചെറുപ്പകാലത്തിലേക്ക് നോക്കുമ്പോൾ, എന്താണ് പറയുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ എനിക്ക് അറിയാം ഞാൻ യുണീക് ആണെന്ന്. എനിക്ക് ചുറ്റും ഒരു സൂപ്പർ ഗേൾസ് ഗ്യാങ്ങുണ്ട്. ഞാൻ ഒരു പുതിയ വസ്ത്രം ധരിച്ച് ചിത്രങ്ങൾ അയയ്ക്കുമ്പോഴെല്ലാം, 'നീ വളരെ സുന്ദരിയായിരിക്കുന്നു' എന്ന് അവർ മെസേജ് ചെയ്യും. എനിക്ക് വേണ്ടത് അത്രമാത്രം''.

ഈ ശരീരത്തിൽ ആത്മവിശ്വാസം കണ്ടെത്താൻ നടൻ അക്ഷയ് കുമാറും സഹായിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. ''ഞാൻ അക്ഷയ് സാറിനെ കണ്ടപ്പോൾ, അദ്ദേഹം എന്നോട് പറഞ്ഞത് വളരെ മനോഹരമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, 'നിങ്ങളുടെ ഈ പതിപ്പ് നിങ്ങൾ സ്വീകരിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങളെ ട്രിഗർ ചെയ്യുന്ന ഒരായിരം ശബ്ദങ്ങൾ നിങ്ങൾക്കുചുറ്റും നിന്ന് ഉണ്ടാവുന്നുണ്ട്. അത് ശ്രദ്ധിക്കാതിരിക്കുകയും നിങ്ങൾക്ക് തോന്നുന്നത് മാത്രം ചെയ്യുന്നത് വളരെ നല്ലതാണ്. എന്നാൽ, ഒരു കഥാപാത്രത്തിനായി ശരീരഭാരം കുറയ്‌ക്കേണ്ടിവന്നാൽ, അത് ചെയ്യണം'. ഞാനെപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ ഓർക്കും''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mrunal Thakur shares her struggles with body shaming, how she found confidence, and Akshay Kumar`s inspiring words