കുംഭമേളയ്‌ക്കെത്തിയ മൊണാലിസ മുതല്‍ മലയാളികളുടെ ഉണ്ണ്യേട്ടന്‍ വരെ...സോഷ്യല്‍മീഡിയ താരമാക്കിയവര്‍

മഹാകുംഭമേളയില്‍ മാലവില്പനയ്ക്കെത്തിയ മൊണാലിസ ഭോസ്ലെയ്ക്ക് പിന്നാലെ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ. 16-കാരിയുടെ സൗന്ദര്യവും ആകര്‍ഷണീയതയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനമ്മമാര്‍ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പം മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്ന് പ്രയാഗ്രാജിലെ കുംഭമേളയിലെത്തിയതാണ് മൊണാലിസ. എല്ലാവരും മൊണാലിസയ്ക്ക് പുറകെ ആയതോടെ, ആ പെണ്‍കുട്ടി മാലവില്പന നടത്തി തിരിച്ച് നാട്ടിലേക്ക് പോവുകയും ചെയ്തു. ഇതുപോലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് താരങ്ങളാക്കിയ ഒരുപാട് പേരുണ്ട്. റാണു മണ്ഡല്‍, ജസ്മീന്‍ കൗര്‍, ഭൂബന്‍ ബഡ്യാകര്‍...ലിസ്റ്റ് നീളും.
പശ്ചിമബംഗാളിലെ രണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടിയ റാണു മണ്ഡലിനെ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലതാ മങ്കേഷ്‌കറുടെ 'ഏക് പ്യാര്‍ കാ നഗ്മ ഹെ' എന്ന പാട്ടുപാടിയാണ് റാണു ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ആരോ പകര്‍ത്തിയ വീഡിയോ കണ്ടതോടെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച അവരായി. സംഗീതസംവിധായകന്‍ ഹിമേഷ് രഷ്മിയ തന്റെ ഒരു ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരവും കൊടുത്തു. '36 ചൈന ടൗണ്‍' എന്ന ചിത്രത്തിലെ ഗാനത്തിന്റെ പുതിയ പതിപ്പ് പാടിയതും അവര്‍ തന്നെ. എന്നാല്‍, അതിനിടെ ആളുകളോടുള്ള സമീപനത്തിലൂടെ അവര്‍ വിമര്‍ശിക്കപ്പെടുന്നതും ലോകം കണ്ടു. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വന്ന ആളെ തട്ടിമാറ്റിയത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. അതിനിടെ പുതിയൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു റാണു. എന്നാല്‍ വീണ്ടും അവര്‍ പഴയ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും സാമ്പത്തികമായി തകര്‍ന്ന നിലയില്‍ തന്നെയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പശ്ചിമബംഗാളിലെ കടലവില്പനക്കാരനായ ഭൂബന്‍ ബഡ്യാകര്‍. അദ്ദേഹത്തിന്റെ കടലവില്പനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. 'കച്ചാ ബദം' എന്ന പാട്ടുപാടിയാണ് ആളുകളെ അദ്ദേഹം ആകര്‍ഷിക്കുന്നത്. ബംഗാളിനടന്‍ നീല്‍ ഭട്ടാചാര്യ ഭൂബന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം വൈറലാകുന്നത്. ദിവസങ്ങള്‍ കൊണ്ടാണ് 30 ദശലക്ഷം പേര്‍ വീഡിയോ കണ്ടത്. അതോടെ പാടാനുള്ള അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഒരു സ്റ്റുഡിയോ ഉടമയുമായുള്ള എഗ്രിമെന്റുമുണ്ടാക്കി. എന്നാല്‍, അവര്‍ ഭൂബന് പണമൊന്നും നല്‍കിയില്ല. അതിനുപുറകെ ബംഗാളി സീരിയലില്‍ അഭിനയിക്കാനുള്ള അവസരവും ഭൂബനെ തേടിയെത്തി.
''So beautiful, so elegant, just looking like a wow'' പറഞ്ഞ് ട്രെന്‍ഡായ ജസ്മീന്‍ കൗര്‍ എന്ന പഞ്ചാബുകാരിയും ഇതില്‍ ഉള്‍പ്പെടും. ഡല്‍ഹി ഫത്തേഹ് നഗറിലെ ഒരു ബൂട്ടിക്കിന്റെ ഉടമസ്ഥയാണ് ജസ്മീന്‍. അവര്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിനെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ചെറിയ വീഡിയോയിലൂടെയാണ്. അങ്ങനെ ഓരോ ദിവസവും നാലും അഞ്ചും വീഡിയോയാണ് ജസ്മീന്‍ തന്റെ പേജിലിടുന്നത്. അതിലൊരു വീഡിയോയില്‍ പുതിയ സല്‍വാര്‍ സ്യൂട്ട് പരിചയപ്പെടുത്തുന്നതിനിടെ അവര്‍ പറഞ്ഞ ഡയലോഗാണ് വൈറലായത്. അവരുടെ ശബ്ദവും കാര്യങ്ങള്‍ വിവരിക്കുന്നതിലുള്ള ഉത്സാഹവുമാണ് ആളുകളെ ആകര്‍ഷിച്ചത്. ഒപ്പം കാര്യങ്ങള്‍ വിവരിക്കുന്ന രീതിയും.
പിന്നാലെ ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഭൂമി പട്നേക്കര്‍, സാന്യ മല്‍ഹോത്ര തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ ഇതുവെച്ച് റീല്‍സുണ്ടാക്കി. ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്നില്ല ഇത്. ഗായകന്‍ നിക് ജൊനാസ്, പ്രിയങ്ക ചോപ്രയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തതും ഈ ക്യാപ്ഷനോടെയാണ്.
ലോകകപ്പ് ക്രിക്കറ്റിലേക്കും 'വൗ' കടന്നുവന്നു. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയില്‍ കാണികള്‍ക്കിടയിലേക്ക് ക്യാമറ തിരിയുമ്പോഴെല്ലാം അവര്‍ പറഞ്ഞു, ''സോ എലഗെന്റ്, സോ ബ്യൂട്ടിഫുള്‍...ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ...'' മത്സരശേഷം ഇ.എസ്.പി.എന്നും ഇതുവെച്ച് റീല്‍സ് ഉണ്ടാക്കി. അനില്‍ കുംബ്ലെ, വസീം ജാഫര്‍, മാത്യു ഹെയ്ഡന്‍ എന്നിവരാണ് ആ റീല്‍സിലുള്ളത്.
ടാന്‍സാനിയയില്‍നിന്നുള്ള കിലി പോള്‍, മലയാളികള്‍ക്ക് അവരുടെ സ്വന്തം ഉണ്ണ്യേട്ടനാണ്. ലിപ് സിങ്ക് ആണ് ആശാന്റെ മേഖല. ആദ്യം ബോളിവുഡ് പാട്ടുകളായിരുന്നു ലിപ് സിങ്ക് ചെയ്തിരുന്നതെങ്കില്‍, പിന്നീട് ബംഗാളി, തെലുഗു, തമിഴ്, ഭോജ്പുരി ഭാഷകളിലേക്ക് കടന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിലുമെത്തി. അതിനനുസരിച്ച് മലയാളികള്‍ കമന്റ് സെക്ഷനില്‍ സ്നേഹം കോരിച്ചൊരിയുന്നുണ്ട്. അങ്ങനെ മലയാളികളുടെ സ്വന്തം ഉണ്ണ്യേട്ടനായി മാറി.
'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ', പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍', 'കരിമിഴി കുരുവിയ കണ്ടീല', 'ജീവാംശമായ്' എന്നീ പാട്ടുകളും ലിപ് സിങ്ക് ചെയ്തു കിലി. പരമ്പരാഗത മസായ് വസ്ത്രമണിഞ്ഞാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതോടെ, ജീവിതം അടിമുടി മാറി. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഓഫീസിലേക്ക് വിളിച്ച് കിലിയെ ആദരിച്ചു. ഹിന്ദിയിലെ ബിഗ് ബോസിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചു. സോഷ്യല്‍ മീഡിയ പ്രൊമോഷനായി പലരുമെത്തി, അതില്‍നിന്ന് വരുമാനവും കിട്ടി.
''ഇന്ത്യക്കാര്‍ വളരെ നല്ലവരാണ്. നല്ലതാണെങ്കില്‍ അവരെന്തായാലും നമ്മളെ പിന്തുണയ്ക്കും. നമ്മളാരാണ്, എവിടുന്നാണ് എന്നീ കാര്യങ്ങളൊന്നും അവര്‍ മൈന്‍ഡ് ചെയ്യുകയേയില്ല. അവര്‍ക്കുവേണ്ടി ഏറ്റവും ബെസ്റ്റ് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം'', കിലി പോള്‍ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.
Content Highlights: social media stars like monalisa from kumbh mela to singer ranu mandal