എന്നിട്ടും പലപ്പോഴും കരഞ്ഞുപോവുന്നു. ഞാനും ഒരു സാധാരണ മനുഷ്യനാണ്- മോഹൻലാൽ

മോഹൻലാൽ
മോഹൻലാൽ

നടനമികവിന്റെ അനേകായിരം അനശ്വര നിമിഷങ്ങളെ ലോകത്തിന് സമ്മാനിച്ച മഹാനടൻ മോഹൻലാൽ. കഥാപാത്രങ്ങളെപ്പറ്റി, ജീവിതം സമ്മാനിച്ച ഉൾക്കാഴ്ചകളെപ്പറ്റി, പ്രിയപ്പെട്ടവരുടെ വിയോഗങ്ങളിലൂടെ ഉൾക്കൊണ്ട ജീവിതപാഠങ്ങളെപ്പറ്റി, ചിലപ്പോഴൊക്കെ സുഖമായും മറ്റുചിലപ്പോൾ ദുഖമായും രൂപംമാറുന്ന ഓർമ്മകളെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു പുതിയലക്കം ഗൃഹലക്ഷ്മിയിൽ.

''പഴയ സിനിമകളിലെ ചില സീനുകൾ കാണുമ്പോൾ സങ്കടം തോന്നും. കാരണം അതിൽ ഒപ്പമഭിനയിച്ച താരങ്ങൾ പലരും ഇന്നു ജീവിച്ചിരിപ്പില്ല.'' മരണം സഹയാത്രികനാണെന്ന തോന്നലുണ്ടാക്കുന്ന ഈ അവസ്ഥയെ പറ്റി മോഹൻലാൽ സംസാരിക്കുകയാണ്. ''തീർച്ചയായും സങ്കടം വരാറുണ്ട്. സങ്കടപ്പെട്ടിട്ടെന്ത് കാര്യം? നാളെ ഞാനും മറയും. അതൊരു യാഥാർഥ്യമാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് സങ്കടപ്പെടുന്നത്. ഫിലോസഫിയ്ക്കുമപ്പുറത്തുനിന്നാണ് കണ്ണീർ ഉറവയെടുക്കുന്നത്. ലോകത്ത് എത്രയെത്ര ഫിലോസഫികളുണ്ടായി? എന്നിട്ടും മനുഷ്യൻ പലപ്പോഴും കരഞ്ഞുപോവുന്നു. ഞാൻ ഒരു സാധാരണ മനുഷ്യനാണ്.'' ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു.

ഗൃഹലക്ഷ്മി ഏപ്രിൽ രണ്ടാം ലക്കം

അമ്മ, അച്ഛൻ, സഹോദരൻ എന്നിങ്ങനെയുള്ള പ്രിയപ്പെട്ടവരുടെ മരണത്തെപ്പറ്റിയും അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നു. ''അവരെല്ലാം വിടപറഞ്ഞതിൽ അതിയായ ദു:ഖമുണ്ട്. ഒറ്റപ്പെട്ടുപോയതായി തോന്നിയിട്ടില്ല. കണ്ണടച്ചാൽ ഉള്ളിൽ അവരുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ല എന്നുമാത്രം.''
മനുഷ്യന്റെ സത്തയുമായി ചേർന്നുകിടക്കുന്ന സ്വാദാണ് തത്വചിന്ത എന്ന മുഖവുരയോടെ ദൈവം, ജീവിതം, മരണം തുടങ്ങിയ സമസ്യകളിലേക്ക് അദ്ദേഹം സഞ്ചരിക്കുന്നു. 
ഭൂമിയിൽ ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ തന്നിലേക്ക് വന്നുചേർന്ന ചിന്തകളെയും തിരിച്ചറിവുകളെയും പറ്റി അദ്ദേഹം അഭിമുഖത്തിൽ വിശദമായി സംസാരിക്കുന്നു.
ഓഷോയുടെ ആശയങ്ങൾ പങ്കുവെച്ച് മോഹൻലാൽ എഴുതുന്ന ഉള്ളംതൊട്ട ഉറവ എന്ന പംക്തിയുടെ അവസാന അധ്യായവും ഏപ്രിൽ രണ്ടാം ലക്കം ഗൃഹലക്ഷ്മിയിലുണ്ട്.

ഏപ്രിൽ രണ്ടാം ലക്കം ഗൃഹലക്ഷ്മി വാങ്ങിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mohanlal discusses the inevitability of death and the loss of fellow actors., Reflections on his personal philosophy and the human experience., Insight into his emotional bond with late family members., Conclusion of his column 'Ullamthotta Urava' inspired by Osho.