മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കരീന കപൂർ, ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളില്ല

മെസ്സി പങ്കുവെച്ച വീഡിയോയിൽ നിന്ന്
മെസ്സി പങ്കുവെച്ച വീഡിയോയിൽ നിന്ന്

ഗോട്ട് ഇന്ത്യ ടൂർ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. താരം പങ്കുവെച്ച പ്രത്യേകവീഡിയോയിൽ, ബോളിവുഡ് നടി കരീന കപൂർ, മക്കളായ തൈമൂർ, ജെയ് എന്നിവർക്കൊപ്പമുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുമായുള്ള കൂടിക്കാഴ്ചയും വീഡിയോയിലുണ്ട്.

ഇന്ത്യയിലെ യാത്രയ്ക്കിടയിൽ, മെസ്സി ഷാരൂഖ് ഖാൻ മുതൽ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ്, ശിൽപ ഷെട്ടി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളെ കണ്ടിരുന്നു. പക്ഷേ, ബോളിവുഡിൽ നിന്ന് കരീന കപൂറിനൊപ്പമുള്ള ഒരു ഫ്രെയിം മാത്രം വീഡിയോയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.

ബുധനാഴ്ച രാവിലെയാണ് ഇന്ത്യയിലെ ആരാധകർക്ക് ഒരു വിടവാങ്ങൽ സന്ദേശത്തോടൊപ്പം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. സ്റ്റേഡിയത്തിലെ കുട്ടികളുമായി കണ്ടുമുട്ടിയതും, സ്റ്റേഡിയത്തിലെ ആവേശം നിറഞ്ഞ അന്തരീക്ഷം ആസ്വദിച്ചതും, മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകളിൽ പങ്കെടുത്തതുമടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിലുണ്ടായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

"നമസ്തേ ഇന്ത്യ! ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സന്ദർശനം അവിശ്വസനീയമായിരുന്നു. ഹൃദ്യമായ സ്വാഗതത്തിനും ആതിഥേയത്വത്തിനും സ്നേഹപ്രകടനങ്ങൾക്കും നന്ദി. ഇന്ത്യയിൽ ഫുട്ബോളിന് ശോഭനമായ ഭാവി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."- എന്നായിരുന്നു വീഡിയോക്ക് മെസ്സി നൽകിയ കുറിപ്പ്. 

അതേസമയം, മെസ്സിയുടെ വീഡിയോയിൽ തന്നെയും മക്കളെയും കണ്ടതും കരീനയും ആവേശത്തിലായി. മകൻ തൈമൂറിനെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കരീന വീഡിയോ റീപോസ്റ്റ് ചെയ്തു. "ഓക്കേ തൈമൂർ, അപ്പോൾ ഇത് സംഭവിച്ചു, നിനക്ക് വേണ്ടി"-എന്നായിരുന്നു കരീനയുടെ ക്യാപ്ഷൻ.

മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് മെസ്സി ഇന്ത്യയിലെത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Lionel Messi shares a special montage of his India tour, featuring heartwarming moments with Kareena Kapoor, Taimur, and Jeh. See the exclusive clips!