മെലിന്‍ഡ ഗേറ്റ്‌സ് നൂറുകോടി ഡോളര്‍ സംഭാവന നല്‍കുന്നു; സ്ത്രീശാക്തീകരണത്തിന്‌

മെലിന്‍ഡ ഗേറ്റ്‌സ് | AP
മെലിന്‍ഡ ഗേറ്റ്‌സ് | AP

സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക ആരോഗ്യസ്ഥി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി നൂറുകോടി ഡോളര്‍ സംഭാവന നല്‍കുമെന്ന് മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ മുന്‍ഭാര്യയായിരുന്ന മെലിന്‍ഡ ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ഓപണ്‍ എഡിറ്റോറിയലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത രണ്ടുവര്‍ഷംകൊണ്ടായിരിക്കും സംഭാവന നല്‍കുക.

'20 വര്‍ഷത്തോളമായി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമിതാണ്, ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കാന്‍ ഇത് ശരിയായ സമയമല്ലെന്ന് പറയുന്ന ആളുകള്‍ എപ്പോഴുമുണ്ടാകും. സാമ്പത്തികശാസ്ത്രം, ക്ഷേമം, ഭരണം എന്നിവയെക്കുറിച്ച് പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണങ്ങളില്‍ സ്ത്രീകളിലും പെണ്‍കുട്ടികളിലും നിക്ഷേപം നടത്തുന്നത് എല്ലാവര്‍ക്കും പ്രയോജനകരമാണെന്ന് വ്യക്തമായതാണ്'-മെലിന്‍ഡ പറയുന്നു.  

27 വര്‍ഷത്തെ ദാമ്പത്യ ബന്ധമവസാനിപ്പിച്ച് 2021-ലാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും പിരിഞ്ഞത്. അതിനുശേഷവും ജീവ കാരുണ്യ സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ കോ ചെയര്‍ സ്ഥാനത്ത് അവര്‍ തുടര്‍ന്നു. എന്നാല്‍ ഫൗണ്ടേഷന്‍ വിടുകയാണെന്ന്‌ എക്‌സിലൂടെ കഴിഞ്ഞദിവസം മെലിന്‍ഡ പ്രഖ്യാപിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ അവസാന ജോലി ദിവസം ജൂണ്‍ 7-നായിരിക്കുമെന്നും. ഭാവിയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 1200 കോടി ഡോളര്‍ ഫൗണ്ടേഷനില്‍ നിന്ന് സ്വീകരിച്ചശേഷമാണ് പടിയിറക്കം.

ലോകത്തിന്റെ പല ഭാഗങ്ങളിലായി പലവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും രാജി പ്രഖ്യാപനത്തില്‍ മെലിന്‍ഡ വ്യക്തമാക്കി.
 

Content Highlights: melinda french gates says she’s donating $1bn in support of women