ഭാര്യയുടെ റോമന്‍ പ്രതിമയുമായി സക്കര്‍ബര്‍ഗ്, 'വൈഫ് ഗൈ' എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

ഭാര്യ പ്രിസില്ല ചാനിന്റെ റോമന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. വെള്ളിനിറത്തിലും നീലനിറത്തിലും റോമന്‍ ശൈലിയില്‍ തീര്‍ത്ത വലിയ പ്രതിമയ്ക്ക് ഏകദേശം ഏഴടിയാണ് ഉയരം. ഇതിനുസമീപം പ്രിസില്ല നില്‍ക്കുന്ന ഒരു ചിത്രവും വീഡിയോയുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലിട്ടത്.
ഭാര്യയുടെ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്ന റോമന്‍ പാരമ്പര്യത്തെ പിന്തുടര്‍ന്നാണ് പ്രിസില്ലയുടെ പ്രതിമയുണ്ടാക്കിയതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ ആര്‍ഷം എന്ന കലാകാരനാണ് ശില്പം നിര്‍മിച്ചത്. പൂന്തോട്ടത്തിലെ ഒരു മരത്തിനു ചുവട്ടിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്.
കോളേജ് കാലംതൊട്ട് പരിചയക്കാരായ സക്കര്‍ബര്‍ഗും പ്രിസില്ലയും 2012-ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളുണ്ട്.
പുതിയ ചിത്രം പുറത്തുവന്നതിനു പിന്നാലെ സക്കര്‍ബര്‍ഗ് തീര്‍ത്തും ഒരു 'വൈഫ് ഗൈ' ആണെന്ന കമന്റുകള്‍ താഴെ വന്നു. ഭാര്യയെക്കുറിച്ചുള്ള ഉള്ളടക്കം സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ട് ശ്രദ്ധ നേടുന്ന വ്യക്തികളെയാണ് സോഷ്യല്‍ മീഡിയയിലെ വൈഫ് ഗൈ എന്നു വിളിക്കുന്നത്.
അതേസമയം, റോമന്‍ കാലഘട്ടത്തില്‍ മരിച്ച പ്രിയപ്പെട്ടവരെ ബഹുമാനിക്കാനോ പ്രധാനപ്പെട്ട ബന്ധുക്കള്‍ക്കുവേണ്ടിയോ ഒക്കെയാണ് പലപ്പോഴും പ്രതിമകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. റോമന്‍ ശവസംസ്‌കാര ചടങ്ങുകളില്‍ പ്രതിമകള്‍ പ്രധാനഘടകമായിരുന്നു. കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന സാമൂഹിക പദവിയുള്ളവര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു.
Content Highlights: Mark Zuckerberg reveals roman statue of wife