“ജാതീയതയ്‌ക്കെതിരെ മാത്രമേ സിനിമ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളൂ. അത്തരം സിനിമകൾ ഞാൻ ഇനിയും എടുക്കും’’

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബെെസൺ കാലമാടൻ’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന സിനിമകളാണ് മാരി സെൽവരാജിനെ വ്യത്യസ്തനാക്കുന്നത്. പരിയേറും പെരുമാൾ മുതൽ ബൈസൺ വരെ യുള്ള ചിത്രങ്ങളിലെ പ്രമേയങ്ങളിലൂടെ സമൂഹത്തെ വിമർശിക്കുകയാണ് സംവിധായകൻ.
എന്നാൽ ഇതേത്തുടർന്ന് നിരവധി കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. അടുത്തിടെ, ബെെസണിന്റെ വിജയാഘോഷത്തിനിടെ ജാതി പ്രമേയമായി വരുന്ന ചിത്രങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും തുടർന്നുള്ള വിമർശനങ്ങൾക്കുമുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് ശ്രദ്ധനേടുന്നത്.
താൻ ജാതീയതയ്‌ക്കെതിരെ മാത്രമേ സിനിമ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളൂവെന്നാണ് മാരി സെൽവരാജ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്.
"ഞാൻ എന്തിനാണ് ഇത്തരം സിനിമകൾ എടുക്കുന്നതെന്ന് ചോദിക്കരുത്. അത് എന്നെ വളരെയധികം ബാധിക്കുന്നു. ഞാൻ എടുക്കുന്നത് ജാതിയെ എതിർക്കുന്ന സിനിമകളാണ്. അത്തരം സിനിമകൾ ഞാൻ ഇനിയും എടുക്കും.എന്റെ ജീവൻ പണം വച്ചാണ് ഞാൻ സിനിമകൾ എടുക്കുന്നത്.
ഒരു വർഷം 300 ഓളം സിനിമകൾ വരുന്നുണ്ട്. അതിൽ നിങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുന്ന സിനിമകൾ നിരവധിയുണ്ട്. ദയവ് ചെയ്ത് എന്നെ വെറുതേ വിടൂ. ബൈസൺ പോലുള്ള സിനിമകൾ പ്രേക്ഷകരെ ആകർഷിക്കുന്നതിനൊപ്പം സാമൂഹിക യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശാനും ഉദ്ദേശിച്ചുള്ളതാണ്,"അദ്ദേഹം പറഞ്ഞു.
വിനോദ സിനിമകൾ വ്യവസായത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന കഥകൾ വളരെ കുറവാണെന്നും അദ്ദേഹം പരാമർശിച്ചു.
അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നുള്ള കബഡി കളിക്കാരനായ കിട്ടയ്യയുടെ കഥയാണ് സിനിമ പറയുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ കബഡി താരമായിരുന്ന മനത്തി ഗണേശന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് മാരി സെല്‍വരാജ് 'ബൈസണ്‍' ഒരുക്കിയിരിക്കുന്നത്.
അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, ലാല്‍, പശുപതി, അഴകം പെരുമാൾ തുടങ്ങി വലിയ താരനിരതന്നെയുണ്ട്. ഒക്ടോബർ 17-ന് റിലീസ് ചെയ്ത ചിത്രം,ഒൻപത് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 30 കോടിയിലധികം രൂപ കളക്ഷൻ നേടി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Director Mari Selvaraj responds to criticism about his socially impactful films like `Bison`, clarifying his focus is on fighting caste.