സ്ത്രീകള്‍ പുകവലിക്കുന്നത് തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊന്നു

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

സ്ത്രീകള്‍ പുകവലിക്കുന്നത് തുറിച്ചുനോക്കിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ യുവാവിനെ കുത്തിക്കൊന്നു. ശനിയഴ്ച രാത്രി വൈകിയാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന 28-കാരനാണ് മരിച്ചത്. സംഭവസമയം ജയശ്രീ പഞ്ചാരെ എന്ന സ്ത്രീയും സുഹൃത്ത് സവിതയും ഒരു പാന്‍കടയ്ക്കു പുറത്തുനിന്ന് പുകവലിക്കുകയായിരുന്നു. അവിടേക്ക് സിഗരറ്റ് വാങ്ങാനെത്തിയതായിരുന്നു രഞ്ജിത് റാത്തോഡ്. ഇയാള്‍ സ്ത്രീകളെ തുറിച്ചുനോക്കിയെന്നു പറഞ്ഞ് ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായി. 

വഴക്കു മൂര്‍ച്ഛിച്ചപ്പോള്‍ ജയശ്രീ തന്നെ ആക്രമിക്കുകയും പുക തന്റെ മേലേക്ക് ഊതുകുകയും ചെയ്യുന്നതിന്റെ വീഡിയോ യുവാവ് പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ, 30-കാരിയായ ജയശ്രീ തന്റെ സുഹൃത്തായ ആകാശ് റൗത്തിനെ ഫോണില്‍ അങ്ങോട്ട് വിളിച്ചുവരുത്തി. ആകാശും രഞ്ജിത്തും തമ്മില്‍ ഉന്തും തള്ളുമായി. ജയശ്രീയും സുഹൃത്തും ചേര്‍ന്ന് രഞ്ജിത്തിനെ ആക്രമിച്ചു, മൂര്‍ച്ചയുള്ള ആയുധംകൊണ്ട് നിരന്തരം കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം സംഘം ഇവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു.   

ജയശ്രീ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതോടെ താന്‍ കടയടച്ച് വീട്ടില്‍പോയെന്നായിരുന്നു കടയുടമയുടെ പ്രതികരണം. സംഭവമറിഞ്ഞെത്തിയ പോലീസ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ആകാശ്, ജയശ്രീ, കവിത എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രഞ്ജിത് പകര്‍ത്തിയ വീഡിയോ സംഭവത്തിന്റെ വീഡിയോ പോലീസ് ഫോണില്‍ നിന്ന് കണ്ടെടുത്തു. സ്ത്രീകള്‍ മദ്യപിച്ചിരുന്നുവെന്ന് ദൃശ്യങ്ങളില്‍ രഞ്ജിത് ആരോപിക്കുന്നുന്നുണ്ട്.
 

Content Highlights: man killed for staring at 2 women smoking at maharashtra shop