അന്ന് ആമിർ ഖാൻ പ്രസവമെടുത്തു; അതേ സംഭവം മുംബൈ റെയിൽവേ സ്റ്റേഷനിലും

2009-ൽ റിലീസായ ഒരു സിനിമയാണ് 'ത്രീ ഇഡിയറ്റ്‌സ്'. ആ സിനിമയിലൊരു രംഗമുണ്ട്, വീഡിയോ കോളിൽ ഡോക്ടർ പറയുന്ന നിർദേശങ്ങൾക്കനുസരിച്ച് ഒരാൾ പ്രസവമെടുക്കുന്ന സീൻ. ചിത്രത്തിൽ ആമിർ ഖാനായിരുന്നു നായകൻ, ഡോക്ടറായ നായികയായി എത്തിയത് കരീന കപൂറും. ആ സിനിമാറ്റിക് സീൻ പോലൊരു സംഭവം നടന്നിരിക്കുകയാണ് മുംബൈയിലെ റാംമന്ദിർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ. സംഭവത്തിനു ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലൻ എന്നയാൾ ഇൻസ്റ്റഗ്രാമിൽ വീഡിയോയും അതിനെക്കുറിച്ചുള്ളൊരു കുറിപ്പും പോസ്റ്റ് ചെയ്തപ്പോഴാണ് മറ്റുള്ളവർ അറിഞ്ഞത്. അതിരാവിലെ ഒരുമണിയോടെയാണ് സംഭവമുണ്ടായത്.
തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു പൂർണ ഗർഭിണിയായ സ്ത്രീയും കുടുംബവും. യാത്രയ്ക്കിടയിൽ പ്രസവവേദനയുണ്ടായി. അവരുടെ ബുദ്ധിമുട്ടും കരച്ചിലും കണ്ട ഒരാൾ ആദ്യം തന്നെ എമർജൻസി ചെയ്ൻ വലിച്ച് തീവണ്ടി നിർത്തിച്ചു. അവരെയും കൊണ്ട് പ്ലാറ്റ്‌ഫോമിലേക്കിറങ്ങുകയും ചെയ്തു. അയാളുടെ ധൈര്യവും പെട്ടെന്നുള്ള തീരുമാനവും രണ്ട് ജീവനുകളാണ് രക്ഷിച്ചതെന്ന് പോസ്റ്റിൽ പറയുന്നു.
''കുഞ്ഞ് ഏകദേശം പകുതി പുറത്തുവന്ന നിലയിലായിരുന്നു. എന്ത് ചെയ്യണമെന്ന് ആർക്കുമറിയില്ലായിരുന്നു. ഒരുപാട് ഡോക്ടർമാരെ വിളിച്ചു. ആംബുലൻസിനായി ശ്രമിച്ചു. പക്ഷേ ആംബുലൻസ് എത്താൻ വൈകി. ഒടുവിൽ ഒരു വനിതാഡോക്ടർ വീഡിയോ കോളിലൂടെ അയാൾക്ക് നിർദേശങ്ങൾ കൊടുത്തു. അവർ പറഞ്ഞുകൊടുത്തതുപോലെ അയാൾ പ്രവർത്തിച്ചു. ആ നിമിഷങ്ങളിൽ അയാൾ കാണിച്ച ധൈര്യത്തിനെ വാക്കുകളാൽ വിവരിക്കാൻ കഴിയില്ല'', മഞ്ജീത് ധില്ലന്റെ കുറിപ്പിൽ പറയുന്നു. അതിനുശേഷം ആംബുലൻസ് എത്തി, അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയിലെത്തിച്ചെന്ന് സഹയാത്രികർ ഉറപ്പാക്കുകയും ചെയ്തു.
ആ സ്ത്രീയെയും കൊണ്ട് കുടുംബം ആസ്പത്രിയിലേക്ക് പോയെങ്കിലും, അവിടുന്ന് തിരിച്ചുവിട്ടു. ആ മടക്കയാത്രയിലാണ് അവർക്ക് പ്രസവവേദനയുണ്ടായത്. ''ആദ്യമായിട്ടാണ് ഞാനിങ്ങനൊരു കാര്യം ചെയ്യുന്നത്. നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, വീഡിയോ കോളിലൂടെ ആ മാഡം എന്നെ സഹായിച്ചു'', രക്ഷകനായെത്തിയ ആൾ പറയുന്നു. എന്തായാലും മഞ്ജീത്തിന്റെ പോസ്റ്റിനു താഴെ യുവാവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: a man on a Mumbai railway platform successfully delivered a baby with guidance from a doctor via video call, saving two lives