'താറാവിനെ പോലെ നടക്കുന്നു, വൃദ്ധ എന്നൊക്കെ ആളുകൾ കളിയാക്കി; ടാഗുകൾ എനിക്ക് കിരീടം പോലെ'

മലൈക അറോറ / GettyImages
മലൈക അറോറ / GettyImages

ഫാഷൻ, ഫിറ്റ്‌നസ് എന്നിവയുടെ കാര്യത്തിൽ ഒരിക്കലും കോമ്പ്രമൈസ് ചെയ്യാത്തയാളാണ് മലൈക അറോറ. ബോളിവുഡിലെത്തിയപ്പോൾ മുതൽ പല ടാഗുകളാണ് അവർക്ക് ചാർത്തപ്പെട്ടത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെയും വസ്ത്രധാരണത്തിന്റെയും പേരിൽ പലപ്പോഴും ക്രൂരമായി വിമർശിക്കപ്പെടാറുണ്ടവർ.

അത്തരം വിമർശനങ്ങൾ തന്നെ ഒരുകാലത്ത് വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് മലൈക. ''വളരെക്കാലം ആളുകളുടെ വിമർശനങ്ങളെ ഞാൻ കാര്യമായെടുത്തു, സ്വയം ന്യായീകരിച്ചു. മറ്റാരെയും പോലെ ഞാനും സ്വയം ചോദ്യം ചെയ്ത ദിവസങ്ങളുണ്ട്. പക്ഷേ, ഒരു ഘട്ടമെത്തിയപ്പോൾ സ്വയം ന്യായീകരിക്കുന്നത് നിർത്തി. അന്നാണ് ജീവിതത്തിൽ സ്വാതന്ത്ര്യം കിട്ടിയതായി എനിക്ക് തോന്നിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനവും അതുതന്നെ. വിമർശനങ്ങളെയെല്ലാം സഹാനുഭൂതിയോടെ കാണാനും നേരിടാനും പഠിച്ചതും അതോടെയാണ്''.

ജീവിതത്തിലുടനീളം താൻ ജഡ്ജ് ചെയ്യപ്പെട്ടുവെന്നും അവർ പറയുന്നു. എന്നാൽ സ്വയം ന്യായീകരിക്കുന്നത് നിർത്തിയപ്പോൾ തന്നെ വിമർശനങ്ങളിലേറെയും അവസാനിച്ചുവെന്ന് തന്റെ അനുഭവത്തിൽനിന്ന് മലൈക വിശദീകരിക്കുന്നു.

''എന്റെ കരിയർ, വസ്ത്രങ്ങൾ, ബന്ധങ്ങൾ എന്നിവയുടെ പേരിലാണ് എന്നെ വിലയിരുത്തിയത്. ബോൾഡ്, ഔട്ട്‌സ്‌പോക്കൺ...അങ്ങനെ പലതുമെന്നെ വിളിച്ചു'', ആ ടാഗുകളെല്ലാം ഇപ്പോൾ തനിക്കൊരു കിരീടം പോലെയാണെന്നും മലൈക വിശദീകരിക്കുന്നു.

''ഫാഷനിലോ, ഫിറ്റ്നസിലോ, അല്ലെങ്കിൽ എന്റെ ജീവിതത്തിലെ മറ്റേത് കാര്യത്തിലുമാകട്ടെ, ഞാൻ ഒരിക്കലും ഒരു ഫോർമുല പിന്തുടർന്നിട്ടില്ല. ലോകത്തിനുവേണ്ടി ജീവിക്കുന്നത് മാറ്റിവെച്ച്, നിങ്ങൾക്കായി ജീവിക്കാൻ തുടങ്ങുമ്പോഴാണ് ആത്മവിശ്വാസമുണ്ടാവുന്നത്,'' ഇതാണ് മലൈകയുടെ അഭിപ്രായം.

''താറാവിനെപ്പോലെ നടക്കുന്നു, വൃദ്ധയായി, പ്രായത്തിന് ചേരാത്ത വസ്ത്രങ്ങൾ ധരിക്കുന്നു തുടങ്ങിയ ട്രോളുകൾ എന്നെ ചിലപ്പോഴൊക്കെ ബാധിച്ചിരുന്നു. പ്രായം സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണല്ലോ. അതിനെ ആളുകൾ കളിയാക്കുന്നതെന്തിനാണ്? അന്നൊക്കെ എന്നെ സമാധാനിപ്പിച്ചത് മകൻ അർഹാനാണ്''.

'ദിൽ സെ'യിലെ 'ഛയ്യ ഛയ്യ' എന്ന പാട്ടിൽ നൃത്തംചെയ്തതോടെയാണ് മലൈക പ്രശസ്തിയിലേക്കുയരുന്നത്. പിന്നീട് ഒട്ടേറെ സിനിമകൾക്കായി അവർ ഐറ്റംഡാൻസ് ചെയ്തു. 'ദബങ്', 'ദബങ്-2' എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണവർ. ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ, സൂപ്പർമോഡൽ ഓഫ് ദ ഇയർ തുടങ്ങിയ ഷോകളിൽ ജഡ്ജായി എത്തുകയും ചെയ്തിട്ടുണ്ട് മലൈക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Malaika Arora opens up about facing criticism, embracing her true self and finding confidence in defying societal expectations