3 മണിക്കൂര്‍ 23 മിനുട്ട് കഴിഞ്ഞിട്ടും ഫുട്‌ബോള്‍ മത്സരത്തില്‍ ആരും ജയിച്ചില്ല, റീപ്ലേ വേണ്ടിവന്നു

ഫുട്‌ബോൾ/Getty Images
ഫുട്‌ബോൾ/Getty Images

ഫുട്‌ബോള്‍ മത്സരത്തിന്റെ ഏറ്റവും ആവേശകരമായ പരിസമാപ്തിയാണ് പെനാല്‍ട്ടി ഷൂട്ടൗട്ട്. ശരിക്കും ഭാഗ്യത്തിന്റെ കളി. അഞ്ചവസരങ്ങളില്‍ ഏറ്റവും ഗോള്‍ അടിക്കുകയും ഏറ്റവും സേവ് ചെയ്യുകയും ചെയ്യുന്ന ടീം ജയിക്കും. 1970-കളില്‍ ഷൂട്ടൗട്ട് രീതി വരുന്നതിനു മുന്‍പ് ജയിക്കുംവരെ കളിക്കുക എന്നതായിരുന്നു ഫുട്‌ബോളിലെ രീതി.

90 മിനുട്ടിലെ സാധാരണ കളിസമയത്തില്‍ വിജയിയെ കണ്ടെത്താനായില്ലെങ്കില്‍ അധികസമയം നല്‍കും. അതിലും തീരുമാനം ആയില്ലെങ്കില്‍ ഏതെങ്കിലും ടീം ജയിക്കുന്നതുവരെ അധികസമയം അനുവദിച്ചുകൊണ്ടേയിരിക്കും. ടോട്ടല്‍ ഗെയം ആണ് ഫുട്‌ബോള്‍. ശരീരം മുഴുവന്‍ കഠിനാധ്വാനം ചെയ്യേണ്ടുന്ന കളി. എത്ര സ്റ്റാമിന ഉണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ആര്‍ക്കും ഫുട്‌ബോളില്‍ തുടരാനാകില്ല. 

പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട മത്സരം അരങ്ങേറിയത് 1946 മാര്‍ച്ച് 30-നാണ്. ഡങ്കാസ്റ്റര്‍ റോവേഴ്‌സ്, സ്റ്റോക്ക്‌പോട്ട് കൗണ്ടി എന്നീ രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകള്‍ തമ്മിലായിരുന്നു മത്സരം. 203 മിനുട്ട് അഥവാ, 3 മണിക്കൂര്‍ 23 മിനുട്ട് ആയിരുന്നു ഈ മത്സരത്തിന്റെ ദൈര്‍ഘ്യം. 

നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോളുകള്‍ വീതം നേടി. അധികസമയം അനുവദിച്ചത് 30 മിനുട്ട്. പക്ഷേ രണ്ട് ടീമിനും ഗോളടിക്കാനായില്ല. അപ്പോള്‍, യുദ്ധകാലത്ത് ബ്രിട്ടനില്‍ നിലനിന്നിരുന്ന ഗോള്‍ഡന്‍ ഗോള്‍ നിയമം റഫറി പൊടിതട്ടിയെടുത്തു. ഈ നിയമപ്രകാരം വീണ്ടും അധികസമയം അനുവദിക്കും. നീട്ടിക്കിട്ടിയ സമയത്തില്‍ ആദ്യ ഗോള്‍ പിറക്കുന്നതോടെ കളിയവസാനിക്കും. ജയം ആദ്യ ഗോള്‍ അടിക്കുന്ന ടീമിന്. 

കളി തുടങ്ങി അധികം വൈകാതെ സ്റ്റോക്ക്പോട്ടിന്റെ ലെ കോക്കര്‍ ഒരു ഗോളടിച്ചു. കളി തീര്‍ന്നെന്ന് കരുതി പരിക്ഷീണരായ ആരാധകര്‍ ആനന്ദത്തിലാറാടി. പക്ഷേ, ഹാന്‍ഡ്ബോള്‍ കണ്ട റഫറി ഗോള്‍ തള്ളി. കളി തുടര്‍ന്നുപോയി. ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. അപ്പോഴേക്കും ഇരുള്‍ പറന്നു. സ്റ്റേഡിയം ഫ്‌ളഡ് ലൈറ്റുകളൊക്കെ വരുന്നതിനു മുന്‍പുള്ള കാലം. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കളി മുന്നോട്ടുപോയി. 

203 മിനുട്ട് കഴിഞ്ഞപ്പോഴേക്കും കളിക്കാര്‍ പലരും കുഴഞ്ഞുവീഴുമെന്ന നിലയിലായി. സമീപത്തെ റെയില്‍വേ ലൈനില്‍ നിന്നുള്ള പുക കൂടിയായപ്പോള്‍ കളി ഇനി തുടരാനാകില്ലെന്ന തീരുമാനത്തിലായി. മത്സരം ഒരു ടോസ് എടുത്ത് അവസാനിപ്പിച്ചു.

ടോസ് ജയിച്ച ഡങ്കാസ്റ്റര്‍ റീപ്ലേ മത്സരത്തിനുള്ള വേദിയായി. നാലാം ദിവസം രണ്ടു ടീമുകളും വീണ്ടും കൊമ്പുകോര്‍ത്തു. 4-0 എന്ന വമ്പന്‍ ജയം ഡങ്കാസ്റ്റര്‍ റോവേഴ്സ് സ്വന്തമാക്കുകയും ചെയ്തു. 


 

Content Highlights: longest football match lasted 203 minutes