വൃഷണങ്ങളും കരളും പച്ചയ്ക്കു കഴിച്ച ലിവർ കിങ്ങിന് ഒടുവിൽ ക്ഷമാപണം നടത്തേണ്ടിവന്നു

'ലിവർ കിങ്' എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസൺ ഇൻസ്റ്റഗ്രാമിലൂടെ ലോകത്തുടനീളമുള്ള ആളുകൾക്കിടയിൽ പരിചിതനാണ്. അമേരിക്കയിലെ ടെക്സസ് സ്വദേശിയായ ഈ സോഷ്യൽ മീഡിയോ ഇൻഫ്ലൂവൻസർ പൂർവികരുടെ ജീവിതക്രമം (ancestral lifestyle) പിന്തുടരാനാഹ്വാനം ചെയ്തുകൊണ്ടാണ് വ്യത്യസ്തനായത്. കുടുംബത്തോടൊപ്പം മൃഗങ്ങളുടെ ആന്തരാവയങ്ങൾ പച്ചയ്ക്ക് കഴിച്ചും പ്രാകൃതമായ ജീവിതശൈലി പിന്തുടർന്നും കഠിനമായ ശാരീരികാധ്വാനം നടത്തിയും ആളുകൾക്കിടയിൽ വലിയ ചർച്ചയായി. പ്രകൃതിദത്തമായ ഉത്പന്നങ്ങളുടെ ഒരു ബ്രാൻഡിനും ബ്രയാൻ രൂപം നൽകിയിരുന്നു.
'ദി അൺടോൾഡ്: ദി ലിവർ കിംഗ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ, ബ്രയാന്റെ ജീവിതരീതി വിശദീകരിക്കുന്നുണ്ട്. അങ്ങേയറ്റം മാംസഭോജനമാണ് ജീവിതത്തിൽ അദ്ദേഹം പിന്തുടർന്നത്. 'ലിവർ ക്വീൻ' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഭാര്യക്കും, രണ്ട് കുട്ടികൾക്കുമൊപ്പം 15 വർഷത്തിലേറെയായി എല്ലാ ദിവസവും കാളയുടെ വൃഷണങ്ങൾ, നാക്ക്, അസ്ഥി മജ്ജ, വൃക്കകൾ, കരൾ, മുട്ടകൾ എന്നിവ പച്ചയ്ക്ക് കഴിക്കുന്നതായിരുന്നു ശീലം. ഇതിന്റെയെല്ലാം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.
ബ്രയാനും കുടുംബവും ഒരു കാളയെ വെടിവെച്ച് അതിന്റെ ആന്തരികാവയവങ്ങൾ കഴിക്കുന്ന ഒരു രംഗം ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൻ്റെ 'പൂർവ്വികരുടെ രീതി' അനുസരിച്ചാണിത് ചെയ്യുന്നതെന്നും മക്കളെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും അലർജികളിൽ നിന്നും മോചിപ്പിക്കാൻ ഇത് സഹായിച്ചുവെന്നും ബ്രയാൻ അവകാശപ്പെടുന്നുണ്ട്.
പ്രകൃതിയോടിണങ്ങി ജീവിക്കുന്നുവെന്ന് പറയുമ്പോഴും അദ്ദേഹത്തെ വിടാതെ വിവാദങ്ങളും പിന്തുടർന്നു. 'സ്റ്റിറോയിഡ് ഉപയോഗിച്ചാണ് അദ്ദേഹം പേശികൾ പെരുപ്പിച്ചതെന്നാണ് ഇതിൽ പ്രധാനം. ആരോപണങ്ങളെല്ലാം വർഷങ്ങളോളം അദ്ദേഹം തള്ളിപ്പറഞ്ഞു, പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയാണ് തന്റെ ആരോഗ്യരഹസ്യമെന്നും വിശദീകരിച്ചു.
1978-ൽ സാൻ അന്റോണിയോയിൽ ജനിച്ച ബ്രയാൻ, കുട്ടിക്കാലത്ത് താൻ 'ദുർബലനായിരുന്നു' എന്നും ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. പിന്നീട് ജിമ്മിനോടും കായികശേഷി മെച്ചപ്പെടുത്തുന്നതിലുമായി താത്പര്യം. അർനോൾഡ് ഷ്വാർസെനെഗ്ഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു വൈൽഡ് കിങ് (wild king) ആകാനായിരുന്നു ബ്രയാന്റെ ശ്രമം. Ancestral Supplements വിൽക്കുന്ന സ്വന്തം കമ്പനിയിൽ നിന്ന് വലിയ ലാഭമാണ് ബ്രയാൻ നേടിയെടുത്തത്.
എന്നാൽ ശരീരസൗന്ദര്യം നിലനിർത്താൻ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയം പൊതുജനങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടിരുന്നു. 2022 നവംബറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഒരു യൂട്യൂബർ അദ്ദേഹത്തിന്റെ ഇമെയിലുകൾ ചോർത്തി പുറത്തുവിട്ടു. മാസം തോറും ഏകദേശം 10,000 ഡോളർ വിലയുള്ള, ഫിറ്റ്നസ് മെച്ചപ്പെടുത്തുന്ന മരുന്നുകൾ ബ്രയാൻ കഴിക്കുന്നുണ്ടെന്ന് അതിൽ വ്യക്തമായിരുന്നു. ഇതോടെ ബ്രയാന് പിടിച്ചുനിൽക്കാനാവാതെ വന്നു. താൻ 'ലജ്ജിതനും നാണംകെട്ടവനുമാണെന്നും' കള്ളം പറഞ്ഞ് പലരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും തുറന്നുപറഞ്ഞ ബ്രയാൻ ആളുകളോട് മാപ്പപേക്ഷിച്ചു. സ്റ്റിറോയിഡുകൾ ഉപയോഗിച്ചുവെന്ന് തുറന്നുസമ്മതിക്കുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞ ജീവിതമായിരുന്നു തന്റേതെന്നും ബ്രയാൻ വെളിപ്പെടുത്തിയിട്ടുണ്ട്. അന്നൊന്നും തന്നെയാരും പിടികൂടിയിരുന്നില്ലെന്നും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Brian Johnson (Liver King) promoted an 'ancestral lifestyle' involving raw organ meats., He built a supplement empire based on the claim of natural fitness., Leaked emails confirmed he used $10,000 worth of performance-enhancing drugs monthly., Johnson publicly apologized after years of denying steroid use., The Netflix documentary 'The Untold: The Liver King' covers his controversial past and transformation.