വളര്‍ത്തുമൃഗങ്ങളിൽ ഉത്കണ്ഠ കുറച്ച് മാനസിക ഉല്ലാസം കൂട്ടും ലിക്ക് മാറ്റുകള്‍

പ്രതീകാത്മക ചിത്രം | AI
പ്രതീകാത്മക ചിത്രം | AI

വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തിലും ഭക്ഷണക്രമങ്ങളിലും അവയെ ഗ്രൂമിങ് ചെയ്യുന്നതിലും ഏറെ കരുതലുള്ളവരാണ് ഇന്നത്തെ പെറ്റ് പാരന്റ്‌സ്. മൃഗങ്ങളെ സന്തോഷിപ്പിക്കാനും അവയ്ക്ക് ഏറ്റവും മികച്ച ജീവിതാന്തരീക്ഷം നല്‍കുന്നതിലും നാം ശ്രദ്ധിക്കാറുണ്ട്. പെറ്റ് കെയറുമായി ബന്ധപ്പെട്ട് വിപണിയിലുള്ള ഉപകാരപ്രദമായ വസ്തുക്കള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാങ്ങിനല്‍കാറുമുണ്ട്. അത്തരത്തില്‍ പെറ്റ് പാരന്റ്‌സിനിടയില്‍ ഏറെ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുകയാണ് ലിക്ക് മാറ്റുകള്‍ (Lick Mats). പ്രത്യേക പ്രതലങ്ങളും വിടവുകളോടെയും രൂപകല്‍പ്പന ചെയ്തിട്ടുള്ള സിലിക്കോണ്‍ അല്ലെങ്കില്‍ റമ്പര്‍ മാറ്റുകളാണ് ലിക്ക് മാറ്റുകള്‍. മൃഗങ്ങളുടെ മാനസിക ഉത്തേജനത്തിനും ഉല്ലാസത്തിനും, ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കാനും, ഉത്കണ്ഠ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കുഴികളും വരമ്പുകളും വിടവുകളുമുള്ള ലിക്ക് മാറ്റില്‍ അല്‍പം അയഞ്ഞ പരുവത്തിലുള്ള ഭക്ഷണം പുരട്ടുന്നു. മൃഗങ്ങള്‍ ഈ വിടവുകളില്‍ നിന്ന് ഭക്ഷണം നക്കി കഴിക്കുമ്പോള്‍, അവ കൂടുതല്‍ നേരം അതില്‍ ശ്രദ്ധയോടെ വ്യാപൃതരാവുകയും, ഭക്ഷണസമയം കൂടുതല്‍ ആസ്വാദ്യകരവും രസകരവുമാക്കി മാറ്റുകയും ചെയ്യാം. 

സാധാരണയായി നായകള്‍ക്കും പൂച്ചകള്‍ക്കുമാണ് ലിക്ക് മാറ്റുകളില്‍ ഭക്ഷണം നല്‍കാറ്. എന്നാല്‍ മുയല്‍, ഗിനിപ്പന്നി പോലുള്ള ചെറിയ വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവയില്‍ ഭക്ഷണം നല്‍കാം. നൽകുന്ന ഭക്ഷണവും ലിക്ക് മാറ്റിന്റെ പ്രതലവും അവർക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ലിക്ക് മാറ്റുകളില്‍ ഭക്ഷണം കഴിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. വിടവുകളില്‍ നിന്ന് ഭക്ഷണം വേര്‍തിരിച്ചെടുക്കുന്നത് ഒരു പസില്‍ പോലെയാണ്. ലിക്ക് മാറ്റിലെ കുഴികളില്‍നിന്നും വിടവുകളില്‍നിന്നും ദീര്‍ഘനേരം, ആവര്‍ത്തിച്ച് ഭക്ഷണം നക്കിയെടുക്കുന്ന പ്രവര്‍ത്തി മൃഗങ്ങളില്‍ എന്‍ഡോര്‍ഫിന്‍ ഉത്പാദനം കൂട്ടുന്നു. അത് മൃഗങ്ങളില്‍ ഉത്കണ്ഠ കുറച്ച് അവയെ ശാന്തമാക്കാന്‍ സഹായിക്കും. അതിനാല്‍ ഗ്രൂമിങ് സെഷനുകള്‍, വെറ്ററിനറി വിസിറ്റിങ്, നഖം വെട്ടല്‍, കുളിപ്പിക്കല്‍ പോലുള്ള സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ലിക്ക് മാറ്റുകള്‍ ഏറെ ഉപകാരമാകും.

ലിക്ക് മാറ്റുകള്‍ മാനസികാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നുണ്ട്. മാറ്റില്‍നിന്നും ഭക്ഷണം വേര്‍തിരിച്ചെടുത്ത് കഴിക്കാന്‍ കൂടുതല്‍ പ്രയത്‌നം ആവശ്യമാണ്. അത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും അധിക ഊര്‍ജ്ജം പുറന്തള്ളുകയും ചെയ്യുന്നു. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ സൗമ്യമായും കൂടുതല്‍ സന്തോഷത്തോടെയും കാണപ്പെടും.

ഭക്ഷണത്തിനായി കൂടുതല്‍ പ്രയത്‌നിക്കേണ്ടിവരുന്നത് വീടിനുള്ളില്‍ കഴിയുന്ന പൂച്ചകളിലെ വിരസത കുറയ്ക്കാനും സഹായിക്കുന്നു.

അതിലെ വിവിധ പ്രതലങ്ങളില്‍നിന്നും വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്തത് മൃഗങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങളും ബ്ലോട്ടിങ്ങിനും ഒരു പരിധിവരെ പരിഹാരമാകും.

ലിക്ക് മാറ്റില്‍ നല്‍കാന്‍ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. നായ്ക്കള്‍ക്ക് അണ്‍സാള്‍ട്ടഡ് സൈലിറ്റോള്‍ ഫ്രീ ആയ പീനട്ട് ബട്ടര്‍, പ്ലെയിന്‍ തൈര്, വെറ്റ് ഡോഗ്ഫുഡ്, പംകിന്‍ പ്യൂരി, അല്ലെങ്കില്‍ പഴം ഉടച്ചത് എന്നിവ ചില ഓപ്ഷനുകളാണ്. പൂച്ചകള്‍ക്ക് വെറ്റ് ക്യാറ്റ് ഫുഡ്, ഫിഷ് പേസ്റ്റ്, പ്ലെയിന്‍ യോഗര്‍ട്ട്, ഉപ്പോ മസാലകളോ ചേര്‍ക്കാത്ത അരച്ചെടുത്ത ട്യൂണ, സാല്‍മണ്‍ തുടങ്ങിയവ ലിക്ക് മാറ്റില്‍ നല്‍കാം. ചെറിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടച്ച പഴങ്ങള്‍ അല്ലെങ്കില്‍ അവരുടെ ഭക്ഷണക്രമത്തിന് അനുയോജ്യമായ ചെറിയ അളവിലുള്ള പച്ചക്കറി പ്യൂരികള്‍ എന്നിവ ശ്രദ്ധയോടെ നല്‍കാം.

വ്യത്യസ്ത ആവശ്യങ്ങള്‍ പരിഗണിച്ച് വിവിധതരം ലിക്ക് മാറ്റുകളുണ്ട്.

തുടക്കക്കാര്‍ക്കും താരതമ്യേന മൃദുവായ ഭക്ഷണങ്ങള്‍ക്കും സിംപിളായ ആകൃതിയും വിടവുകളുമുള്ള പരന്ന മാറ്റുകളാണ് അനുയോജ്യം.

കുഴപ്പിക്കുന്ന ആകൃതികളും പ്രതലങ്ങളും തുടക്കക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കാം. എന്നാല്‍ ഉപയോഗിച്ച് ശീലമായാല്‍ വിവിധ രൂപത്തിലുള്ള ലിക്ക് മാറ്റുകള്‍ തിരഞ്ഞെടുക്കാം.

പരന്ന പ്രതലങ്ങളില്‍ ഒട്ടിച്ചുവെക്കാനാവുന്ന സക്ഷന്‍ കപ്പുള്ള ലിക്ക് മാറ്റുകളും വിപണിയിലുണ്ട്. ഇത് കുളിപ്പിക്കുമ്പോഴോ ഗ്രൂം ചെയ്യുമ്പോഴോ ചുമരിലോ ബാത്ത് ടബ്ബിലോ ഒട്ടിച്ചുവെക്കാം. അതുവഴി വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധതിരിക്കാനും സഹകരിപ്പിക്കാനും സാധിക്കും.

ഭക്ഷണം ഫ്രീസ് ചെയ്യാന്‍ ഫ്രീസര്‍-ഫ്രണ്ട്‌ലി മാറ്റുകളുമുണ്ട്.

മൃഗങ്ങളുടെ മാനസികോല്ലാസം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വിശ്രമം, വിനോദം എന്നിവയിലൂടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ലിക്ക് മാറ്റുകള്‍.

(പൊതുവായ നിര്‍ദേശങ്ങളാണിവ. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മുന്നോട്ടുപോകുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the benefits of lick mats for dogs, cats, and other pets. Reduce anxiety, slow down eating, and provide mental stimulation