ടാറ്റാ ഗ്രൂപ്പുകളിൽ ടാറ്റാ കുടുംബത്തേക്കാൾ കൂടുതൽ ഓഹരികൾ ബിർള കുടുംബത്തിനായിരുന്നു

അമിതാഭ് ബച്ചനും കുമാർ മംഗലം ബിർളയും
അമിതാഭ് ബച്ചനും കുമാർ മംഗലം ബിർളയും

'കോൻ ബനേഗാ ക്രോർപതി'യുടെ 17-ാം സീസൺ അവസാനിക്കാനൊരുങ്ങുകയാണ്. അവസാന എപ്പിസോഡുകളിലൊന്നിൽ അതിഥിയായെത്തിയത് ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർപേഴ്സണായ കുമാർ മംഗളം ബിർളയാണ്.

പരിപാടിയിൽ അമിതാഭ് ബച്ചനുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം തന്റെ മുത്തച്ഛനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ അടുപ്പത്തെക്കുറിച്ചും വെളിപ്പെടുത്തി.

പരിപാടിയിൽ രണ്ടുലക്ഷം രൂപയുടെ ചോദ്യം രത്തൻ ടാറ്റയെക്കുറിച്ചായിരുന്നു. കോർണൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഏതു വിഷയത്തിലാണ് രത്തൻ ടാറ്റ ബിരുദമെടുത്തത് എന്ന ചോദ്യത്തിന്, ആർക്കിടെക്ചർ എന്ന് ബിർള ഉത്തരം നൽകി. അതിനുശേഷമാണ് തങ്ങളുടെ കുടുംബത്തിന് അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് സംസാരിച്ചത്. ''അമിത് ജി, ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. രത്തൻ ടാറ്റയും എന്റെ മുത്തച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു. അതിനുശേഷം എന്റെ അച്ഛൻ ആദിത്യ ബിർളയും രത്തൻ ടാറ്റയും നല്ല സൗഹൃദത്തിലായിരുന്നു. അച്ഛൻ മരിച്ചപ്പോൾ, രത്തൻ ടാറ്റ കൂടെത്തന്നെ നിന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഇന്നും ഓർമയുണ്ട്, 'എന്നിൽ നിങ്ങൾക്കായി ഒരു സുഹൃത്ത് ഉണ്ടെന്ന് എപ്പോഴും ഓർക്കുക'. അത്രയും നല്ല മനുഷ്യനായിരുന്നു അദ്ദേഹം'', കുമാർ ഓർത്തെടുത്തു.

''ഒരുകാലത്ത് ചില ടാറ്റാ കമ്പനികളിൽ ടാറ്റാ കുടുംബത്തേക്കാൾ കൂടുതൽ ഓഹരികളുണ്ടായിരുന്നത് ബിർള കുടുംബത്തിനായിരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വിശ്വാസവും ബന്ധവും അത്ര ശക്തമായിരുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 3-നാണ് കോൻ ബനേഗാ ക്രോർപതിയുടെ ഈ സീസൺ അവസാനിക്കുക. 2000-ൽ കെ.ബി.സി തുടങ്ങിയപ്പോൾ മുതൽ അമിതാഭ് ബച്ചനാണ് അവതാരകൻ. ഒരുതവണ മാത്രമാണ് അദ്ദേഹം മാറിനിന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kumar Mangalam Birla shares a heartwarming story about his family`s deep ties with Ratan Tata and reveals a surprising past