“ആറ് വർഷം മുമ്പ് തനിക്കുണ്ടായ മോശം അനുഭവം, വിരാടിനെ ഒരിക്കലും ക്ഷണിക്കില്ല; ആഗ്രഹിച്ചിട്ടും വരാത്തത് രൺബീർ കപൂർ”

കരൺ ജോഹറിൻ്റെ ഹിറ്റ് ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ൽ പല മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ വന്നുപോയിട്ടുണ്ടെങ്കിലും , ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പേര് ഇപ്പോഴും അതിൽ നിന്നും വിട്ടുനിൽക്കുകയാണ്. അനുഷ്ക ശർമ്മ ഒന്നിലധികം തവണ ഷോയിൽ എത്തിയിട്ടുണ്ടെങ്കിലും, വിരാടിൻ്റെ അഭാവത്തിന് പിന്നിൽ ഹാർദിക് പാണ്ഡ്യ-കെഎൽ രാഹുൽ വിവാദമാണെന്ന് കരൺ വെളിപ്പെടുത്തി. അടുത്തിടെ, സാനിയ മിർസയുടെ 'സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേ ആയിരുന്നു കരണിന്റെ ഈ വെളിപ്പെടുത്തൽ.
കോഫി വിത്ത് കരൺ ഷോയിൽ ഇതുവരെ വരാത്ത ഒരാളുടെ പേര് പറയാൻ സാനിയ ആവശ്യപ്പെട്ടപ്പോൾ, കരൺ ഒരു നിമിഷം ആലോചിച്ചു. സാനിയ വിരാടിൻ്റെ പേര് പറഞ്ഞപ്പോൾ, താൻ ആ ക്രിക്കറ്റ് താരത്തെ ഷോയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കരൺ സമ്മതിച്ചു.
"ഞാൻ വിരാടിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഹാർദിക്കിനും രാഹുലിനും ശേഷം ഇപ്പോൾ ഞാൻ ഒരു ക്രിക്കറ്റ് താരങ്ങളെയും ഞാൻ ക്ഷണിക്കുന്നില്ല. പലരും വരില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതിനാൽ ഞാൻ അവരോട് ചോദിക്കാറില്ല."
സംഭാഷണത്തിനിടെ, ഷോയിലേക്ക് വരാൻ ആഗ്രഹിച്ചിട്ടും തുടർച്ചയായി നിരസിക്കുന്ന സെലിബ്രിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ, കരൺ രൺബീർ കപൂറിൻ്റെ പേരാണ് പറഞ്ഞത്. "അവൻ ഇതിന് മുൻപ് വന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിലും അവൻ ഇല്ല എന്ന് പറഞ്ഞു," കരൺ കൂട്ടിച്ചേർത്തു. 2016-ൽ രൺവീർ സിങ്ങിനൊപ്പമാണ് രൺബീർ അവസാനമായി ഷോയിൽ പങ്കെടുത്തത്.
2019-ൽ കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെഎൽ രാഹുലിനെയും ക്ഷണിച്ചിരുന്നു. ഷോയിലൂടെയുള്ള സ്ത്രീവിരുദ്ധവും അനുചിതവുമായ പെരുമാറ്റങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.
പരാമർശം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. ഒടുവിൽ ആ എപ്പിസോഡ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. തുടർന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്‌സ് പാണ്ഡ്യയിൽ നിന്നും രാഹുലിൽ നിന്നും വിശദീകരണം തേടി. പാണ്ഡ്യ പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഈ വിഷയത്തിൽ ക്ഷമാപണം നടത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഭരണഘടനയുടെ ചട്ടം 41 പ്രകാരം രണ്ട് കളിക്കാർക്കെതിരെയും മോശം പെരുമാറ്റത്തിനും അച്ചടക്കമില്ലായ്മയ്ക്കും കുറ്റം ചുമത്തി. ഇത് താൽക്കാലിക സസ്‌പെൻഷനിലേക്കും മത്സരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും കാരണമായി മാറി.
അതിനുശേഷം, കരൺ ക്രിക്കറ്റ് കളിക്കാരെ ഷോയിലേക്ക് ക്ഷണിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ആറ് വർഷം മുമ്പ് തനിക്കുണ്ടായ ഈ അനുഭവം പങ്കുവെച്ച് വിരാട് കോഹ്‌ലിയെയും ഷോയിലേക്ക് ക്ഷണിക്കാൻ പദ്ധതിയില്ലെന്ന് താരം വ്യക്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Karan Johar reveals why Virat Kohli has never been invited to Koffee With Karan, citing the Hardik Pandya-KL Rahul controversy as the reason.