'അവനിൽനിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല,അതേ സ്‌നേഹവും കരുതലും';വിജയ്‌യെ സന്ദർശിച്ച് ഖുഷ്ബുവും കുടുംബവും

വിജയ്, ഖുഷ്ബു | X
വിജയ്, ഖുഷ്ബു | X

നടി ഖുഷ്ബുവും തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും തമ്മിൽ വളരെയേറെ അടുപ്പമാണ്. 'തമ്പി' എന്നാണ് ഖുഷ്ബു വിജയ്‌യെ വിശേഷിപ്പിക്കാറുള്ളത്. വിജയ് 'ദീദി'യെന്നും. തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്തചേരിയിലായിരുന്നു ഇരുവരും.

നിലവിൽ തമിഴ്‌നാട്ടിലെ ബി.ജെ.പി.യുടെ വൈസ് പ്രസിഡന്റാണ് ഖുഷ്ബു. വിജയ് ആണെങ്കിൽ ടി.വി.കെ സ്ഥാനാർഥിയും. അപ്പോൾ പോലും വളരെ സ്‌നേഹത്തോടെയാണ് ഖുഷ്ബു തന്റെ തമ്പിയെക്കുറിച്ച് സംസാരിച്ചത്. ഖുഷ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി ആണെങ്കിൽ എ.എ.എം.കെ സ്ഥാനാർഥിയായിട്ടാണ് മത്സരിച്ചത്. അദ്ദേഹവും വിജയ്‌യെ വളരെ അടുത്ത ആളായിട്ടാണ് വിശേഷിപ്പിച്ചത്.

മാത്രമല്ല, വിജയ്‌യുമായുള്ള സൗഹൃദത്തിന്റെ പേരിൽ തൃഷയെ എല്ലാവരും വിമർശിച്ചപ്പോഴും, തൃഷ നല്ല അഭിമാനമുള്ള സ്ത്രീയാണെന്നാണ് ഖുഷ്ബു പറഞ്ഞത്. ഖുഷ്ബു-സുന്ദർ സി ദമ്പതിമാർക്ക് രണ്ടുമക്കളാണ്, അവന്തികയും അനന്ദിതയും. ഇപ്പോഴിതാ അവന്തികയുടെ വിവാഹത്തിന് വിജയ്‌യെ ക്ഷണിക്കാനായി കുടുംബസമേതം എത്തിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഖുഷ്ബു.

കുടുംബത്തോടൊപ്പമാണ് ഖുഷ്ബു മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. സുന്ദർ സി, മക്കളായ അവന്തിക, അനന്തിത, ഭാവിമരുമകൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.

തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും മുഖ്യമന്ത്രി വളരെ സ്‌നേഹത്തോടെ സ്വീകരിച്ചെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖുഷ്ബു കുറിച്ചു. ഇത് തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണെന്നും അവരെഴുതി.

''ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാവാത്തതുമായ ഒരു ദിവസമാണിത്, എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ശ്രീ വിജയ്‌യെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടുമുട്ടുകയും ശ്രീ ശ്രാവൺ ശ്രീനിവാസനുമായുള്ള ഞങ്ങളുടെ മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്ത് നൽകുകയും ചെയ്തു.

അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികൾ അത്യധികം ആവേശഭരിതരായിരുന്നു, അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. തിരക്കേറിയ ഷെഡ്യൂൾ ആയിരുന്നിട്ടും, ഞങ്ങൾ എപ്പോഴും വിലമതിക്കുന്ന അതേ ഊഷ്മളതയോടെയും വാത്സല്യത്തോടെയും മനോഹരമായ പുഞ്ചിരിയോടെയും അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. സഹോദരാ, നിങ്ങളുടെ വിലയേറിയ സമയത്തിനും സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അർത്ഥവത്താണ് അത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Khushbu Sundar and family met Tamil Nadu CM Vijay at his residence. The visit was to formally invite Vijay to the wedding of Khushbu's daughter, Avantika