'ആരുടെയും സമ്മർദത്തിന് വഴങ്ങാനില്ല, എന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്'; കത്രീന കൈഫ്

കത്രീന കൈഫ്/Instagram
കത്രീന കൈഫ്/Instagram

പ്രസവശേഷമുള്ള ശരീരമാറ്റങ്ങളുടെ പേരിൽ ബോഡി ഷെയ്മിങ് നേരിടേണ്ടിവന്ന താരമാണ് കത്രീന കൈഫ്. താൻ നേരിട്ട ആ അനുഭവങ്ങളെക്കുറിച്ചും ഫിറ്റ്നസ് ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് നടിയിപ്പോൾ. ശരീരത്തെ പഴയ രൂപത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തിക്കണമെന്ന സമ്മർദത്തിന് വഴങ്ങാനില്ലെന്നാണ് താരത്തിന്റെ നിലപാട്. എട്ടു വർഷത്തിനുശേഷം വോഗ് മാസികയുടെ കവർ സ്റ്റോറിയിൽ സംസാരിക്കുകയായിരുന്നു കത്രീന.

''ബൗൺസ് ബാക്ക് ചെയ്യണമെന്നോ? എവിടേക്ക് തിരിച്ചുപോകാൻ? എന്റെ ഹൃദയത്തിൽ ആഴത്തിൽ ആഗ്രഹിച്ചിരുന്ന ഒരു പുതിയ ജീവിതത്തിലേക്കാണ് ഞാൻ ചുവടുവച്ചത്. പിന്നെ എന്തിനാണ് പഴയ അവസ്ഥയിലേക്ക് മടങ്ങുന്നത്? എന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും ശരീരം ഏറ്റവും ഊർജസ്വലമായി അനുഭവപ്പെടുന്ന അവസ്ഥയെക്കുറിച്ചും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്റെ വേഗത്തിൽ ഞാൻ അവിടെയെത്തും,'' കത്രീന പറഞ്ഞു.

പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ വിമർശിക്കുന്നവരോടുള്ള നിലപാടും താരം വ്യക്തമാക്കി. ''പ്രസവശേഷം സ്ത്രീയുടെ ശരീരം എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മിക്കവർക്കും അറിയാം. എന്നിട്ടും ആ ശരീരത്തെ വിമർശനാത്മകമായി കാണാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ അത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. വിവരങ്ങളുടെ അഭാവംകൊണ്ട് സംഭവിക്കുന്നതല്ല അത്. എന്റെ ജീവിതത്തിലെ ഈ മനോഹരമായ ഘട്ടത്തിലും മുന്നോട്ടുള്ള യാത്രയിലുമാണ് എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,'' താരം കൂട്ടിച്ചേർത്തു.

ഭർത്താവ് വിക്കി കൗശലിനെക്കുറിച്ച് സംസാരിക്കവേ, ''അദ്ദേഹം അതിശയിപ്പിക്കുന്ന ഭർത്താവാണ്. എനിക്ക് സ്വന്തമായ വ്യക്തിത്വത്തോടെ ജീവിക്കാനുള്ള ഇടം നൽകുന്നതിനൊപ്പം നല്ലൊരു കേൾവിക്കാരനുമാണ്. ഒരു അച്ഛനെന്ന നിലയിലും അദ്ദേഹം മികച്ചതാണ്,'' എന്നും താരം പറഞ്ഞു.

നടിയെന്ന നിലയിലും സംരംഭകയെന്ന നിലയിലും കുടുംബജീവിതത്തിലും ഒരുപോലെ സന്തുലിതാവസ്ഥ കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും കത്രീന അഭിമുഖത്തിൽ വ്യക്തമാക്കി. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi