'കേറ്റും ഡയാനയെപ്പോലെ ദുഃഖിത; വില്യമിന് വിവാഹേതരബന്ധം' കേറ്റിനെ തിരഞ്ഞ് പാപ്പരാസികള്‍

ബ്രിട്ടിഷ് രാജകുമാരി കേറ്റ് മിഡില്‍റ്റണ്‍ എവിടെപ്പോയി? കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമൂഹികമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ് കേറ്റിന്റെ 'തിരോധാനം'. കേറ്റ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതും രാജകുടുംബത്തിന്റെ ഔദ്യോഗികപരിപാടികള്‍ക്കെത്താത്തതുമാണ് ചര്‍ച്ചകള്‍ കൊണ്ടുപിടിക്കാന്‍ കാരണം. പലതരത്തിലുള്ള കഥകളാണ് കേറ്റിനെ കാണാന്‍ കിട്ടാത്തതിനെപ്പറ്റി പാപ്പരാസികള്‍ മെനഞ്ഞത്. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജനുവരി 16-ന് കേറ്റിന് ശസ്ത്രക്രിയ നടത്തിയെന്ന് കൊട്ടാരം അറിയിച്ചിരുന്നു.
അര്‍ബുദവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയല്ല നടത്തിയതെന്നു വിശദീകരിച്ച കൊട്ടാരം, പക്ഷേ, എന്താണ് രോഗമെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനുശേഷം കേറ്റ് പൊതുമധ്യത്തിലെത്തിയിട്ടില്ല. അവരുടെ വ്യക്തമായ ചിത്രങ്ങളും പുറത്തുവന്നില്ല. മാത്രമല്ല, മാതൃദിനത്തില്‍ കെന്‍സിങ്ടണ്‍ പാലസ് ഔദ്യോഗികമായി പുറത്തുവിട്ട കേറ്റിന്റെ എഡിറ്റ് ചെയ്ത ചിത്രം വിവാദമാവുകയും ചെയ്തു.
മക്കള്‍ക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന കേറ്റിന്റെ ചിത്രം, വില്യം പകര്‍ത്തിയതെന്ന പേരിലാണ് പുറത്തുവന്നത്. ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഏതാനും വാര്‍ത്താ ഏജന്‍സികള്‍ കണ്ടെത്തിയതോടെ വിവാദം തുടങ്ങി. വൈകാതെ കേറ്റിന്റെ എക്‌സ് അക്കൗണ്ടിലൂടെ തിരുത്തുവന്നു. എഡിറ്റ് ചെയ്ത ചിത്രമാണതെന്ന് സമ്മതിച്ച കേറ്റ് ക്ഷമ ചോദിക്കുകയും ചിത്രം മായ്ച്ചുകളയണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
(കടപ്പാട്: instagram, hugueneybisneto)
ഇതോടെ, സാമൂഹികമാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ കൊടുംപിരി കൊണ്ടു. അന്താരാഷ്ട്രതലത്തില്‍ വരെ കഥകള്‍ മെനയപ്പെട്ടു. കേറ്റ് മാപ്പു ചോദിച്ചെങ്കിലും സാധാരണഗതിയില്‍ കൊട്ടാരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ പോലും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വില്യം രാജകുമാരനൊപ്പം വിന്‍ഡ്‌സറിലെ കര്‍ഷകവിപണിയിലൂടെ കേറ്റ് നടന്നുപോകുന്നതെന്ന തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും അതിലും പലരും സംശയങ്ങളാണ് മുന്നോട്ടുവെച്ചത്. വ്യക്തതക്കുറവുള്ള വീഡിയോയില്‍ ചിരിച്ചുകൊണ്ട് സംസാരിച്ച് നടന്നുപോകുന്നത് കേറ്റ് അല്ലെന്നും കേറ്റിനെപ്പോലെ തോന്നുന്നില്ലെന്നും അത് ബോഡിഡബിളായിരിക്കുമെന്നുമൊക്കെയാണ് ഊഹങ്ങള്‍.
കേറ്റിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നുവെന്നും അതില്‍ സന്തോഷമുണ്ടെന്നും സൂചിപ്പിച്ച് ബ്രിട്ടിഷ് ടാബ്ലോയ്ഡ് ദി സണ്‍ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം വീഡിയോ യഥാര്‍ഥമെങ്കില്‍ ശസ്ത്രക്രിയക്കുശേഷം കേറ്റിന്റേതായി പുറത്തുവരുന്ന ആദ്യത്തെ വീഡിയോയാണിത്. 42-കാരിയാണ് കേറ്റ്. 2011-ലായിരുന്നു വില്യമുമായുള്ള വിവാഹം. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. 2001-ല്‍ കണ്ടുമുട്ടിയ കേറ്റും വില്യമും 2003 മുതല്‍ പ്രണയത്തിലായിരുന്നു.
അഭ്യൂഹങ്ങള്‍ പലത്
കേറ്റ് കോസ്മറ്റിക് ശസ്ത്രക്രിയക്കുപോയതാണെന്നതുതൊട്ട് വില്യം രാജകുമാരനും കേറ്റിനുമിടയില്‍ മറ്റൊരു സ്ത്രീ വന്നു എന്ന തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ നീളുന്നു. വില്യമിന് ലേഡി സാറാ റോസ് ഹാന്‍ബറി എന്ന വനിതയുമായുള്ള അടുപ്പമാണ് കേറ്റിന്റെ തിരോധാനത്തിനു പിന്നിലെന്നാണ് ചിലര്‍ ആരോപിക്കുന്നത്. വില്യം രാജകുമാരന്റെ അമ്മയും ചാള്‍സിന്റെ ആദ്യഭാര്യയുമായിരുന്ന ഡയാനയെപ്പോലെ ദുഃഖിതയാണ് ഇപ്പോള്‍ കേറ്റ് എന്ന് അവര്‍ പറയുന്നു.
കമീല പാര്‍ക്കര്‍ബൗള്‍സുമായുള്ള ചാള്‍സിന്റെ വിവാഹേതരബന്ധമാണ് തങ്ങളുടെ ബന്ധം ഉലച്ചതെന്ന് ഡയാന അഭിമുഖങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. കേറ്റ് മൂന്നാമതും ഗര്‍ഭം ധരിച്ച സമയത്ത് വില്യമും റോസും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മൂന്നുപേരും ആരോപണങ്ങളോട് അന്ന് പ്രതികരിച്ചിരുന്നില്ല.
ആരാണ് ലേഡി സാറാ റോസ് ഹാന്‍ബറി
ബ്രിട്ടിഷ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് സാറ റോസ് ജനിച്ചത്. 39-കാരിയായ സാറാ റോസ് ഹാന്‍ബറി, ചാള്‍സിന്റെയും കേറ്റിന്റെയും അടുത്ത സുഹൃദ് വലയത്തിലുള്ളയാളാണ്. 23 വയസ്സുതൊട്ട് മോഡലിങ് ചെയ്യുന്നു. പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്നു. തന്നേക്കാള്‍ 23 വയസ്സു കൂടുതലുള്ള മാര്‍ക്വേസ് കോള്‍മോണ്ട്‌ലി ഡേവിഡ് ജോര്‍ജിനെയാണ് വിവാഹംചെയ്തത്. മൂന്നു മക്കളുടെ അമ്മയാണ്.
ഇംഗ്ലണ്ടില്‍ അയല്‍ക്കാരായി താമസിക്കുന്നവരാണ് ഇരുകുടുംബവും. ചാള്‍സ് രാജാവിന്റെ 2023-ലെ സ്ഥാനാരോഹണചടങ്ങില്‍ വില്യമിന്റെയും കേറ്റിന്റെയും മകനായ ജോര്‍ജിനൊപ്പം പേജ് ബോയ് ആയി പങ്കെടുത്തത് സാറാ റോസിന്റെ മകനായിരുന്നു. രാജകുടുംബത്തിലെ ചടങ്ങുകളിലെല്ലാം റോസ് സ്ഥിരസാന്നിധ്യമാണ്. ഔദ്യോഗികമായി രാജകുടുംബത്തില്‍ അംഗമാകുന്നതിനു മുമ്പ് കേറ്റുമായി സാറയ്ക്ക് സൗഹൃദമുണ്ടായിരുന്നു.
Content Highlights: Kate Middleton spotted shopping with Prince William Lady Sarah Rose Hanbury