'പെൺകുട്ടിയുടേതുപോലെയാണ് നിന്റെ ശബ്ദവും ശരീരഭാഷയും എന്ന് സാർ പറഞ്ഞു': കരൺ ജോഹർ

ബോളിവുഡിലെ എവർഗ്രീൻ റൊമാന്റിക് ഹിറ്റുകളിലേറെയും നിർമിച്ചത് കരൺ ജോഹറാണ്. എന്നിട്ടും താനൊരു പ്രണയത്തിനുവേണ്ടി ആഗ്രഹിച്ച്, കാത്തിരുന്നിട്ടുണ്ടെന്ന് പറയുകയാണ് കരൺ.
സാനിയ മിർസയുടെ 'സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പരിപാടിയിലാണ് തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. താൻ നല്ലൊരു ബന്ധം ആഗ്രഹിച്ചിരുന്നുവെന്നും വല്ലാതെ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ''ഒരു കാലത്ത് എനിക്ക് പ്രണയം വേണമെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദവും ബന്ധവും വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തരം ചലനാത്മകതകളിലൂടെയും, തകർന്ന ഹൃദയവുമായി ഏകപക്ഷീയമായ പ്രണയത്തിലൂടെയും ഞാൻ കടന്നുപോയി. അതിനെക്കുറിച്ച് ഒരു സിനിമ പോലും ചെയ്തു''. തന്റെ ജീവിതത്തിൽനിന്നാണ് 'ഏ ദിൽ ഹേ മുഷ്‌കിൽ' എന്ന സിനിമ കരൺ നിർമിച്ചത്.
''എനിക്ക് ഏകാന്തത അനുഭവപ്പെടാറുണ്ട്, അതൊരു യാഥാർഥ്യമാണ്. നിങ്ങളുടെ ഉയർച്ചയിലാണ് നിങ്ങൾ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത്, നിങ്ങളുടെ താഴ്ചകളിലല്ല. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതും നിങ്ങളെ ഏകാന്തത അനുഭവിപ്പിക്കുന്ന മറ്റൊരു കാര്യമാണ്'', കരൺ തുറന്നുപറയുന്നു. ദൈവം എനിക്കായി നല്ലൊരു പങ്കാളിയെ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
''ഇപ്പോൾ ഞാൻ ഓകെയാണ്. എന്നെങ്കിലും ഒരു പ്രണയം എന്റെ വഴിക്ക് വന്നാൽ, ഷാരൂഖ് ഖാന്റെ ഐകോണിക് പോസ് പോലെ ഞാനതിനെ ഇരുകൈയും നീട്ടി സ്വീകരിക്കും''.
പലപ്പോഴും ഏകപക്ഷീയവും പൂർത്തീകരിക്കപ്പെടാതെയും പോയ പ്രണയത്തെക്കുറിച്ച് കരൺ സംസാരിച്ചിട്ടുണ്ട്. എങ്കിലും താൻ പ്രണയിച്ചയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കുട്ടിക്കാലം മുതൽ സ്ത്രീത്വമുള്ളതുപോലെയാണ് തനിക്ക് സ്വയം തോന്നിയതെന്നും കരൺ പറയാറുണ്ട്. അതിന്റെ ഭാഗമായി അരക്ഷിതാവസ്ഥയും നേരിട്ടു. അതിനെക്കുറിച്ച് കരൺ സാനിയയുടെ ഷോയിൽ പറഞ്ഞതിങ്ങനെ, ''ചെറുപ്പത്തിൽ എനിക്കെപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമായിരുന്നു. എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ സ്പോർട്‌സിൽ മുഴുകുമ്പോൾ, എനിക്ക് പാചകവും ഫ്‌ളവർ അറേഞ്ച്‌മെന്റുമൊക്കെയായിരുന്നു താത്പര്യം. സ്‌കൂളിൽ പ്രസംഗത്തിലും നാടകത്തിലും പങ്കെടുക്കുമായിരുന്നു. ഒരിക്കൽ എന്നോട് സാർ പറഞ്ഞു, 'നിനക്ക് നല്ല ഭാവിയുണ്ട്. പക്ഷേ നിന്റെ ശബ്ദവും ശരീരഭാഷയും പെൺകുട്ടിയുടേതുപോലെയാണ്'. അങ്ങനെ അദ്ദേഹം നടത്തുന്ന ക്ലാസിൽ ചേർന്നു. 15-ാം വയസ്സുമുതൽ മൂന്നുവർഷം ക്ലാസിൽ മുടങ്ങാതെ പോയി. അന്നൊക്കെ ഒരുപാട് വിഷമമുണ്ടായി, എന്ത് ചെയ്യണമെന്നറിയില്ല, ആരോട് പറയണമെന്നും'', കരൺ ഓർക്കുന്നു.
തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് ഒരിക്കലും തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, 'അതെല്ലാവർക്കും അറിയാം' എന്നാണ് കരൺ എപ്പോഴും പറയാറുള്ളത്. രണ്ടുമക്കളാണ് അദ്ദേഹത്തിന്. 2017 ഫെബ്രുവരിയിലാണ് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുണ്ടായത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Karan Johar opens up about his deep desire for love, experiences of loneliness, and childhood insecurity over his effeminate traits