ജയിലിൽ നിൽക്കാൻ വയ്യ; തനിക്ക് വിഷം തരണമെന്ന് കന്നഡതാരം ദർശൻ

ദർശൻ
ദർശൻ

ഇങ്ങനെ ജീവിക്കാൻ വയ്യെന്നും തനിക്ക് അല്പം വിഷം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ട് കന്നഡതാരം ദർശൻ. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായെന്നും തനിക്കിത് സഹിക്കാൻ പറ്റില്ലെന്നുമാണ് ദർശൻ കോടതിയോട് പറഞ്ഞത്. കൈകളിൽ ഫംഗസ് ബാധിച്ചുവെന്നും വസ്ത്രങ്ങളിൽ ദുർഗന്ധമുണ്ടെന്നും ദർശൻ പറഞ്ഞു.

വേറെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി, സിറ്റി സിവിൽ കോടതി പരിശോധിക്കുകയായിരുന്നു. അതിനിടയിലാണ് ദർശൻ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ, അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെയാണ് താമസമെന്നും നേരത്തെ ദർശൻ പരാതിപ്പെട്ടിരുന്നു.

കൊലക്കേസിൽ ജയിലിലായ ദർശന്റെ ജാമ്യം ഈയിടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. ദർശന് ബംഗളൂരു ജയിലിൽ കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. കയ്യിൽ സിഗരറ്റുമായി കാപ്പി കുടിക്കുന്ന ദർശന്റെ ചിത്രങ്ങളും അതിനൊപ്പം പുറത്തുവന്നിരുന്നു. ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും തുടർന്ന് കോടതി നിർദേശിച്ചു.

ദർശനുമായി അടുപ്പമുണ്ടായിരുന്ന നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല മെസേജ് അയച്ചുവെന്ന കാരണത്താലാണ്, കർണാടകയിലെ രേണുക സ്വാമി എന്നയാളെ കൊലപ്പെടുത്താൻ ദർശൻ തീരുമാനിച്ചത്. പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. 2024 ജൂണിലാണ് ദർശൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Darshan requests poison from court, citing unbearable jail conditions, lack of sunlight and fungal infection