'നാഷണൽ ക്രഷ് എന്ന ടാഗ് ഞാൻ നേടിയതല്ല' എന്ന് ഗിരിജ ഓക്ക്; സൗന്ദര്യം ഉപയോഗിക്കൂവെന്ന് കങ്കണ

ഒരൊറ്റ അഭിമുഖത്തിലൂടെ വൈറലായ താരമാണ് ഗിരിജ ഓക്ക്. ഒരു ഹിന്ദി യൂട്യൂബ് ചാനൽ അഭിമുഖത്തിൽനിന്നുള്ള ചെറിയ ക്ലിപ്പാണ് അതിനുകാരണമായത്. സ്ലീവ്ലെസ് ബ്ലൗസും നീലസാരിയും ധരിച്ചെത്തിയ ആ സ്ത്രീ വളരെ പെട്ടെന്ന് സോഷ്യൽമീഡിയയിൽ ചർച്ചയായി. വിദേശതാരങ്ങളായ മോണിക്ക ബെലൂച്ചിക്കും സിഡ്നി സ്വീനിക്കുമുള്ള മറുപടിയെന്ന രീതിയിലാണ് ആരാധകർ അവരെ വിശേഷിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെയായി മറാത്തി, ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന താരമാണവർ. താരേ സമീൻ പർ, ജവാൻ, ഷോർ ഇൻ ദ സിറ്റി തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. എങ്കിലും അവർ കൂടുതൽ തിരിച്ചറിയപ്പെടാൻ കാരണമായത് ആ വീഡിയോ ക്ലിപ്പാണ്. ഒറ്റ വീഡിയോ കൊണ്ട് നാഷണൽ ക്രഷായെങ്കിലും അത് ഗിരിജയെ വല്ലാതെ ബാധിച്ചു. ചിലർ അവർക്ക് മോശമായ മെസേജുകൾ പോലും അയച്ചു.
ഇപ്പോൾ തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിദ്ധാത'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരം. അതിനിടെ 'നാഷണൽ ക്രഷ്' എന്ന ടാഗ് താൻ നേടിയതല്ലെന്ന് അവർ പറയുന്നു. നടി കങ്കണ റണൗട്ടും ഗിരിജയ്ക്കൊപ്പമുണ്ടായിരുന്നു. അഭിമുഖം നടത്തുന്നയാൾ തുടക്കത്തിൽ പറഞ്ഞതിങ്ങനെ, ''ഗിരിജയിലേക്ക് വരുമ്പോൾ, ധാരാളം ആളുകൾ അവരെ 'ബ്ലൂ സാരി ഗേൾ' എന്ന നിലയിലാണ് പ്രശസ്തയാക്കിയത്''. അതെന്താണെന്ന് കങ്കണ ചോദിച്ചപ്പോൾ ഗിരിജ സംഭവം വിശദീകരിച്ചു, ''ഒരു പോഡ്കാസ്റ്റിലെ എന്റെ ക്ലിപ്പ് വൈറലായി. ആളുകൾ അത് ഷെയർ ചെയ്തുകൊണ്ടിരുന്നു. ഇന്റർനെറ്റ് പെട്ടെന്നാണ് പൊട്ടിത്തെറിച്ചത് (Explode). അതിന് ഒരു യുക്തിയോ കാരണമോ ഉണ്ടായിരുന്നില്ല. ധാരാളം ആളുകൾ എന്റെ രൂപത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും എന്റെ നേട്ടമല്ലെന്ന് എനിക്കുതന്നെ അറിയാം. അതൊക്കെ എന്റെ ജീനിലുള്ളതാണ്''. ഉടൻ വന്നു കങ്കണയുടെ മറുപടി, ''നിങ്ങൾ എന്റെ സിനിമയിൽ അഭിനയിക്കുന്നുവെന്നതിൽ ഒരുപാട് സന്തോഷം. സിനിമ പ്രൊമോട്ട് ചെയ്യാൻ നിങ്ങളുടെ സൗന്ദര്യം ദയവായി ഉപയോഗിക്കൂ''. മനോജ് തപാഡിയയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Girija Oak clarifies she did not seek the 'National Crush' tag. The actress discusses the viral impact of her blue saree video clip. Kangana Ranaut advises Girija to leverage her beauty for film promotions