'കമലയെപ്പോലെ കുട്ടികളില്ലാത്തവര്‍ ഭരിക്കാന്‍ യോഗ്യരല്ല', പിന്തുണച്ച് ഡഗ്ലസിന്റെ മക്കളും ആദ്യഭാര്യയും

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുകയാണ് കമലാ ഹാരിസ്. നിലവില്‍ വൈസ് പ്രസിഡന്റായ കമലയ്‌ക്കെതിരേ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി. വാന്‍സ് നടത്തിയ വിവാദപരാമര്‍ശം ചര്‍ച്ചയാവുകയാണ്. 2021-ല്‍ സെനറ്റിലേക്ക് മത്സരിക്കുന്ന സമയത്ത് വാന്‍സ് ഫോക്‌സ് മാസികയ്ക്കുനല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെപ്പോലുള്ള 'കുട്ടികളില്ലാത്ത കാറ്റ് ലേഡികളാണ്' അമേരിക്കയെ നയിക്കുന്നതെന്ന് വാന്‍സ് അഭിമുഖത്തില്‍ ആരോപിച്ചു. ''കമല, ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ്, അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് തുടങ്ങിയ ഡെമോക്രാറ്റുകള്‍ക്ക് രാജ്യത്തിന്റെ ഭാവിയിലേക്ക് നേരിട്ടുള്ള സംഭാവനകളില്ല, കാരണം അവര്‍ 'കുട്ടികളില്ലാത്തവരാ'ണ്. സ്വന്തം ജീവിതത്തിലും തിരഞ്ഞെടുപ്പുകളിലും ദയനീയരായവരാണവര്‍. ഭരിക്കാന്‍ യോഗ്യതയില്ല. കുട്ടികളുടെ രക്ഷിതാക്കളായി തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരാവും''-എന്നായിരുന്നു വാന്‍സിന്റെ പരാമര്‍ശം.
രാജ്യത്ത് അബോര്‍ഷന്‍, ജനന നിയന്ത്രണം, കുട്ടികള്‍ വേണ്ടെന്നുവെക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന സമയത്താണ് ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നത്.
കമലയുടെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്റെ ആദ്യബന്ധത്തിലുള്ള മക്കളാണ് എല്ല എംഹോഫും കോള്‍ എംഹോഫും. വാന്‍സിന്റെ പരാമര്‍ശം ചര്‍ച്ചയായതോടെ ഇന്‍സ്റ്റഗ്രാമിലൂടെ എല്ല പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ''എന്നെയും കോളിനെയും പോലെ ക്യൂട്ടായ രണ്ട് കുട്ടികളുള്ളപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ കുട്ടികളില്ലാത്തവരായി ഇരിക്കാന്‍ കഴിയും?'' പിന്നിലുള്ളവരോട് ഇത് ഉച്ചത്തില്‍ പറയൂവെന്നും കമലയോട് എല്ല ആഹ്വാനം ചെയ്യുന്നു. തന്റെ മൂന്ന് രക്ഷിതാക്കളെയും ഇഷ്ടമാണെന്ന് മകള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
ഡഗ്ലസിന്റെ ആദ്യഭാര്യയായ കെര്‍സ്റ്റിന്‍ എംഹോഫും കമലയ്ക്ക് പിന്തുണയുമായെത്തി. ഇപ്പോള്‍ നടക്കുന്ന ഈ ആക്രമണം അടിസ്ഥാനരഹിതമാണെന്നാണ് അവര്‍ പറഞ്ഞത്. കോളും എല്ലയും കൗമാരത്തിലായിരിക്കുമ്പോഴാണ് കമല അവര്‍ക്കരികിലേക്ക് എത്തുന്നത്. തന്റെ മക്കള്‍ക്ക് കമല നല്ലൊരമ്മയാണെന്നും കുടുംബത്തെ താന്‍ ഏറെ സ്‌നേഹിക്കുന്നുവെന്നും കമല മക്കള്‍ക്ക് അമ്മയായി വന്നതില്‍ ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ പറയുന്നു.
അതേസമയം, യു.എസിന്റെ പ്രസിഡന്റുമാരെല്ലാം പുരുഷന്മാരായിരുന്നു, ആരും ഇതുവരെ കുട്ടികളെ പ്രസവിച്ചിട്ടില്ലെന്നും ചിലര്‍ ജന്മം നല്‍കിയിട്ടുമില്ല എന്നെല്ലാം വിവിധകോണുകളില്‍ നിന്ന് പ്രതികരണം വരുന്നുണ്ട്. അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടണിന് മക്കളില്ലായിരുന്നു. തന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ കുഞ്ഞുങ്ങളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു വാഷിങ്ടണ്‍.
Content Highlights: jd vance denigrated harris for being childless