‘സ്ത്രീകൾ സുരക്ഷിതരല്ലാത്തിടത്ത് ഞാൻ പാടില്ല’ - ജാസ്മിൻ സാൻഡ്‌ലാസ്

രൺവീർ സിങ് ചിത്രം 'ധുരന്ധർ' എന്ന സിനിമയിലെ ടൈറ്റിൽ ട്രാക്കും, 'ഷരാരത്ത്' എന്ന ഹിറ്റ് ഗാനവും ആലപിച്ച് ശ്രദ്ധേയയായ ഗായികയാണ് ജാസ്മിൻ സാൻഡ്‌ലാസ്. അവരുടെ ഡൽഹി കൺസേർട്ടിനിടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
പരിപാടിക്കിടെ കാണികൾക്കിടയിലിരുന്ന ചില പുരുഷന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവർ തന്റെ പെർഫോമൻസ് നിർത്തിവെച്ചു. ജാസ്മിൻ സുരക്ഷാ ഉദ്യോഗസ്ഥരോട് ഇടപെടാനും ആ വ്യക്തികളെ അവിടെനിന്ന് പുറത്താക്കാനും ആവശ്യപ്പെട്ടു.
വൈറലായ വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: "സെക്യൂരിറ്റി, ദയവായി ആ രണ്ടുപേരെ അവിടെനിന്ന് മാറ്റാമോ? അവർ അവിടെയുള്ള സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട്. എന്റെ കൺസേർട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ ഞാൻ പാടില്ല."
സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ജാസ്മിന്റെ ഈ നിലപാടിനെ സോഷ്യൽ മീഡിയ പ്രശംസകൾ കൊണ്ട് മൂടുകയാണ്. "യഥാർത്ഥ രാജ്ഞിമാർ തങ്ങളുടെ സാമ്രാജ്യത്തെ സംരക്ഷിക്കുന്നു," എന്നും "സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നിലകൊള്ളുന്നു," എന്നും ആരാധകർ കുറിച്ചു. യാതൊരു നാടകീയതയോ മോശം ഭാഷയോ ഉപയോഗിക്കാതെ വളരെ മാന്യമായി എന്നാൽ ശക്തമായി പ്രതികരിച്ച ജാസ്മിന്റെ രീതിയെ പലരും അഭിനന്ദിച്ചു.
ജാസ്മിനോടൊപ്പം 'ഷരാരത്ത്' എന്ന ഗാനത്തിൽ അഭിനയിച്ച നടി ആയിഷ ഖാനും വേദിയിൽ ഉണ്ടായിരുന്നു. താൻ സ്റ്റേജിൽ വന്നപ്പോൾ എല്ലാ സ്റ്റെപ്പുകളും മറന്നുപോയെന്നും ജാസ്മിൻ ദൈവത്തിന്റെ മകളാണെന്നും ആയിഷ വീഡിയോയിൽ പറയുന്നുണ്ട്.
'താരസ്', 'യാർ നാ മിലെ', 'ഇല്ലീഗൽ വെപ്പൺ 2.0' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ജാസ്മിൻ്റേതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Jasmine Sandlas halts her Delhi concert after noticing men harassing women. Her powerful stand for safety is winning praise.