യാമിയുടെ 100 വർഷം പഴക്കമുള്ള വീട്; 25 ഏക്കർ സ്ഥലം, നിർമാണത്തിനുപയോഗിച്ചത് മരവും കല്ലും

യാമി ഗൗതം, ആദിത്യ ധർ | Instagram
യാമി ഗൗതം, ആദിത്യ ധർ | Instagram

72-ാം ദേശീയചലച്ചിത്രപുരസ്‌കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം ഒരേ വീട്ടിലേക്കാണെത്തിയത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് 'ആർട്ടിക്കിൾ 370' ആണ്. ആ സിനിമ സംവിധാനം ചെയ്തത് ആദിത്യ ധർ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അതേ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ച യാമി ഗൗതമും. താരപരിവേഷങ്ങളോട് അധികം അടുപ്പമില്ലാത്തവരാണ് ഈ ദമ്പതികൾ.

പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയതിനുപിന്നാലെ ആദിത്യയും യാമിയും ഹിമാചൽ പ്രദേശിലേക്ക് താമസം മാറ്റുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് യാമി ജനിച്ചത്. ഹിമാചലിനോടുള്ള സ്‌നേഹം യാമി പലപ്പോഴും അഭിമാനത്തോടെ പ്രകടിപ്പിക്കാറുണ്ട്. കുട്ടിക്കാലത്ത് വേനൽക്കാല അവധിദിനങ്ങളെല്ലാം യാമി ചെലവഴിച്ചത് ഷിംലയിലുള്ള മുത്തശ്ശിയുടെ വീട്ടിലായിരുന്നു. യാമിക്ക് ഹിമാചൽ പ്രദേശുമായുള്ള ബന്ധവും അവിടുത്തെ ജന്മനാടുമായുള്ള അടുപ്പവും കണക്കിലെടുത്താണ് ദമ്പതികൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പിന്നാലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ''ആരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്?'' എന്നാണ് അവർ ചോദിച്ചത്. അതിനിടെ ഹിമാചലിൽ യാമി വാങ്ങിയ പൈതൃകവീടും ചർച്ചയാവുകയാണ്. 2021-ൽ ഈ വീട്ടിൽവെച്ചാണ് യാമിയും ആദിത്യയും വിവാഹിതരായത്. അതുകൊണ്ടുതന്നെ അവരുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം കൂടിയാണിത്.

ബീസ് നദിയുടെ തീരത്തുള്ള മണ്ഡിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 100 വർഷം പഴക്കമുള്ള വീടും 20 ഏക്കർ സ്ഥലവും ഉൾപ്പെടെയാണിത്. മരവും കല്ലും ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ഹിമാചൽ വാസ്തുവിദ്യ അനുസരിച്ചുള്ള നിർമാണം. മരത്തടികൾ കൊണ്ടുള്ള ബീമുകളും ഊഷ്മളവും ഗ്രാമീണത്തനിമയുള്ള ശൈലിയുമാണ് ഈ വീട് നിലനിർത്തുന്നത്.

വീടിനുചുറ്റും ജൈവരീതിയിൽ കൃഷി ചെയ്യുന്ന അടുക്കളത്തോട്ടങ്ങളുണ്ട്. ആപ്പിൾ, ഉരുളക്കിഴങ്ങ്, പ്ലം, ഇഞ്ചി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം 8 കോടി രൂപയാണ് ഈ വസ്തുവിന് വില കണക്കാക്കുന്നത്. 2016-ലാണ് യാമിയുടെ കൈകളിലേക്കെത്തുന്നതും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Yami Gautam owns a 100-year-old traditional heritage home built with wood and stone in Mandi, Himachal Pradesh. The 20-acre property features organic farming including apples, plums, and ginger, valued around 8 crore rupees.