ഒന്നേമുക്കാൽ ലക്ഷത്തിന്റെ ചെസ് ബോർഡ്, നീന്തൽക്കുളം; മനോഹരം പി.വി.സിന്ധുവിന്റെ ഈ വീട്

ഹൈദരാബാദിലും ബംഗളൂരുവിലും വീടുണ്ട് ഇന്ത്യയുടെ ബാഡ്മിന്റൺ പ്ലെയർ പി.വി.സിന്ധുവിന്. ഹൈദരാബാദിലെ ഫിലിം നഗറിൽ മൂന്നുനിലകളിലായിട്ടുള്ള ബംഗ്ലാവാണുള്ളത്. ബംഗളൂരുവിലേതും മൂന്നുനിലകളിലായി വിശാലമായി പരന്നുകിടക്കുന്ന ഒരു ബംഗ്ലാവ്. ഈയിടെ ചലച്ചിത്രകാരി ഫറാ ഖാന്റ യൂട്യൂബ് ചാനലിലൂടെ സിന്ധുവിന്റെ ബംഗളൂരു വീടിന്റെ വിശേഷങ്ങൾ പുറത്തുവിട്ടിരുന്നു.
സിന്ധുവിന്റെ കായിക നേട്ടങ്ങളുടെ ഓർമ്മകൾ പ്രദർശിപ്പിക്കുന്ന ഇടനാഴി മുതൽ, മനോഹരമായ ചെസ് ബോർഡ് ഉള്ള ലിവിങ് റൂം വരെ... ആധുനിക ഡിസൈനും പരമ്പരാഗത സാംസ്കാരിക ഘടകങ്ങളും ഒത്തുചേരുന്ന ഒരു ഇടമാണ് ഈ വീട്.
ചിത്രങ്ങളും ഇൻഡോർ ചെടികളും പരവതാനികളുമുള്ള ഇടനാഴിയിലൂടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ഇടനാഴിയുടെ ഒരു വശത്ത് ഫ്രെയിം ചെയ്തുവെച്ച ചിത്രങ്ങൾ. സിന്ധുവിന്റെ കായികജീവിതത്തിലെ സുപ്രധാനനിമിഷങ്ങളെല്ലാം ഇവിടെ സ്ഥാനംപിടിച്ചിട്ടുണ്ട്.
അവിടുന്ന് പ്രവേശിക്കുന്നത് മൃദുവായ പേസ്റ്റൽ നിറങ്ങൾ ഉപയോഗിച്ച് രൂപകൽപന ചെയ്ത ലിവിങ് റൂമിലേക്കാണ്. നെടുനീളൻ ജനാലകളാണ് ഇവിടുത്തെ പ്രത്യേകത. അതിലൂടെ നല്ല വെളിച്ചം വീടിനുള്ളിലേക്ക് കടന്നുവരുന്നു.
ഗ്ലാസ് കൊണ്ടുള്ള സെന്റർ ടേബിൾ മുറിയുടെ ആധുനിക ശൈലിക്ക് കൂടുതൽ ഭംഗിയേകുന്നു. എന്നാൽ സ്വീകരണമുറിയെ വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. മഹാഭാരത്തെ ആസ്പദമാക്കിയുള്ളൊരു ചെസ് ബോർഡ്. പാണ്ഡവരെയും കൗരവരെയും കരുക്കളായി ഉപയോഗിച്ചിരിക്കുന്ന, ഗ്ലാസും മാർബിളും കൊണ്ട് നിർമ്മിച്ച ഒരു ചെസ് ബോർഡാണിത്. ഒന്നേമുക്കാൽ ലക്ഷം രൂപയാണിതിന്.
ഡൈനിങ് ഏരിയയിൽനിന്നാൽ പുറത്തുള്ള നീന്തൽക്കുളവും പൂന്തോട്ടവും കാണാം. ഗ്ലാസ്, മാർബിൾ, കൃത്യമായി ക്രമീകരിച്ച ഫർണിച്ചറുകൾ എന്നിവയാണ് ഈ വീടിന്റെ രൂപകൽപനയ്ക്ക് മനോഹാരിത നൽകുന്നത്. പുറത്ത് പൂന്തോട്ടത്തിൽ സോഫകളും ഒരു സെന്റർ ടേബിളും അടങ്ങിയ ഇരിപ്പിടങ്ങളുണ്ട്. നീന്തൽക്കുളത്തിന്റെയും പൂന്തോട്ടത്തിന്റെയും കാഴ്ചകൾ ആസ്വദിച്ചുകൊണ്ട്, പുറത്ത് സമയം ചെലവഴിക്കാനും വിശ്രമിക്കാനും ഇവ സൗകര്യമൊരുക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: PV Sindhu owns a spacious 3-storey bungalow in Bangalore, recently featured on Farah Khan's YouTube channel., The house blends modern design with traditional elements, featuring a corridor displaying her sports achievements., Highlights include a Mahabharata-themed glass and marble chess board worth Rs 1.75 lakh in the living room.