പട്ടാളക്കാര്‍ വളര്‍ത്തിയ പെണ്മക്കള് ബോളിവുഡില്‍ തിളങ്ങിയപ്പോള്‍, അനുഷ്ക മുതല്‍ സുസ്മിത വരെ

രാജ്യസ്നേഹമെന്നത് അനന്തമായൊരു വികാരമാണ്. എഴുത്തുകാരുടെയും സിനിമാക്കാരുടെയുമെല്ലാം എക്കാലത്തെയും പ്രിയപ്പെട്ട വിഷയം. ഇന്ത്യന്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും സിനിമകളിറങ്ങിയിട്ടുണ്ട്. ബോര്‍ഡര്‍, ഹോളിഡെ, ദി ഗാസി അറ്റാക്ക്, മലയാളത്തിലേക്കു വന്നാല്‍ കീര്‍ത്തിചക്ര അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.
ബോളിവുഡിലേക്ക് വന്നാല്‍ സൈനികരുടെ കഥ പറയുന്ന ചിത്രങ്ങളില്‍ വേഷമിട്ട പല താരങ്ങള്‍ക്കും സൈനികപശ്ചാത്തലമുണ്ട്. പട്ടാളച്ചിട്ടയില്‍ വളര്‍ന്നതുകൊണ്ട് ജീവിതത്തില്‍ പല നേട്ടങ്ങളുമുണ്ടായെന്ന് നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സൈനിക പശ്ചാത്തലമുള്ള ബോളിവുഡ് നടിമാര്‍ ആരൊക്കെയെന്നു നോക്കാം.
അനുഷ്ക ശര്‍മ
അനുഷ്ക ശര്‍മയുടെ അച്ഛന് കേണല്‍ അജയ് കുമാര്‍ ശര്‍മ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സൈനികനാണ്. അച്ഛന്റെ പോസ്റ്റിങ് അനുസരിച്ച് വിവിധസ്ഥലങ്ങളില്‍ മാറിമാറി ജീവിച്ചും സ്കൂളുകള്‍ മാറിയുമൊക്കെയായിരുന്നു അനുഷ്കയുടെ കുട്ടിക്കാലം. സൈനികസ്കൂളിലാണ് പഠിച്ചിരുന്നത്. തന്റെ ആരോഗ്യത്തിന് അനുഷ്ക എപ്പോഴും നന്ദി പറയുന്നത് ഈ സൈനികപശ്ചാത്തലത്തോടു തന്നെയാണ്. ജീവിതത്തോടുള്ള തന്റെ യാഥാസ്ഥിതിക നിലപാടിനു കാരണവും ഇതാണെന്ന് അനുഷ്ക പറയുന്നു.
പ്രീതി സിന്റ
പ്രീതി സിന്റയുടെ സഹോദരന് സൈന്യത്തില്‍ കമ്മീഷണര്‍ ഓഫീസറാണ്, ഇന്ത്യന്‍ സൈന്യത്തില്‍ മേജറായിരുന്ന പിതാവിന്റെ പിന്നാലെയാണ് അദ്ദേഹവും സൈന്യത്തിലെത്തിയത്. മറ്റ് സൈനികകുടുംബത്തിലെ കുട്ടികളെപ്പോലെ, പ്രീതിയും അച്ചടക്കമുള്ള ജീവിതം നയിച്ചു. തന്റെ മള്‍ട്ടി ടാസ്കിങ് കഴിവുകളുടെ എല്ലാ ക്രെഡിറ്റും ജീവിത പശ്ചാത്തലത്തിനാണ് പ്രീതി നല്‍കുന്നത്.
ലാറ ദത്ത
ലാറ ദത്തയുടെ അച്ഛന് വിങ് കമാന്‍ഡറായിരുന്നു, സഹോദരി ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നു. സൈന്യവുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് ജീവിതത്തിന്റെ വലിയൊരു ശതമാനവും അവര്‍ ചെലവിട്ടത്. നീന്തലും നന്നായി സംസാരിക്കാനുള്ള കഴിവും സൈനികപശ്ചാത്തലത്തില്‍ നിന്ന് കിട്ടിയതാണെന്നാണ് അവര്‍ പറയുന്നത്.
സുസ്മിത സെന്‍
നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നിന്റെ അച്ഛന് സുബീര്‍ സെന്‍ വിങ് കമാന്‍ഡറായിരുന്നു. ലാറ ദത്തയെപ്പോലെ നീന്താനും സംസാരിക്കാനുമുള്ള കഴിവിന് അവര്‍ നന്ദി പറയുന്നത് ഈ പശ്ചാത്തലത്തോടാണ്. ഒപ്പം ആത്മവിശ്വാസത്തിനും.
പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയുടെ അച്ഛന് ഡോ. അശോക് ചോപ്രയും അമ്മ ഡോ. മധു ചോപ്രയും ഇന്ത്യന്‍ ആര്‍മിയില്‍ ഫിസിഷ്യന്മാരായി സേവനമനുഷ്ഠിച്ചവരാണ്. ഇന്ത്യയില്‍ പലയിടത്തുമായിരുന്നു പ്രിയങ്കയുടെ പഠനം. ബറെയ്ലിയിലെ സൈനികസ്കൂളില്‍ ചേരുന്നതിനു മുമ്പ് അമേരിക്കയിലും പ്രിയങ്ക പഠിച്ചിരുന്നു. ലോകസുന്ദരിപ്പട്ടം അടക്കം നേടുന്നതില്‍ തനിക്ക് ആത്മവിശ്വാസമായത് സൈനികകുടുംബ പശ്ചാത്തലമാണെന്ന് പ്രിയങ്കയും പറഞ്ഞിട്ടുണ്ട്.
നിമ്രത് കൗര്‍
ദേശസ്നേഹം പ്രമേയമായ ഒട്ടേറെ ചിത്രങ്ങളില്‍ നിമ്രത് കൗര്‍ വേഷമിട്ടിട്ടുണ്ട്. മേജര്‍ ഭൂപേന്ദര്‍ സിങ് ആണ് നിമ്രതിന്റെ പിതാവ്. 1994-ല്‍ കശ്മീരില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ നിമ്രതിന്റെ പിതാവിനെ ഹിസ്ബുള്‍ മുജാഹീദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സിനിമകളില്‍ തീര്‍ച്ചയായും സ്വന്തം അനുഭവം അവരെ സ്വാധീനിച്ചിട്ടുണ്ടാവും.
നേപ ധൂപിയ
നേഹ ധൂപിയ ബേഠിയുടെ അച്ഛന് പ്രദീപ് സിങ് നാവികസേനയില്‍ കമാന്‍ഡറായിരുന്നു. തന്റെ പരിമിതികളെ മറികടന്ന് മുന്നോട്ടുപോവാന്‍ അച്ഛന് എപ്പോഴും നിര്ബന്ധിച്ചുകൊണ്ടിരിക്കുമായിരുന്നെന്ന് നടി പറയുന്നു.
Content Highlights: indian celebrities who belong to army background